തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽ ശശി തരൂരിന് ഇടം ഉണ്ടാകുമോ? കേരളത്തിലെ പ്രവർത്തകർ അടക്കം ആകാംക്ഷയോടെ നോക്കിയിരിക്കുന്നത് ഇക്കാര്യത്തെ കുറിച്ച് അറിയാൻ വേണ്ടിയാണ. തരൂരിനെ തഴയുമെന്ന സൂചനയാണ് ദേശീയ തലത്തിൽ നിന്നും ഉണ്ടാകുന്നത്. എന്നാൽ, അദ്ദേഹം തന്ത്രപരമായ സമീപനമാണ് ഈ വിഷയത്തിൽ സ്വീകരിക്കുന്നത്. തന്നെ നോമിനേറ്റ് ചെയ്യാനുള്ള സാധ്യത തുറന്നിടുമ്പോൾ തന്നെ പൊതുവിൽ മത്സരം നടത്താമെന്ന് തീരുമാനിച്ചാൽ തരൂരും മത്സരിച്ചേക്കും.

താൻ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും പാർട്ടി തീരുമാനത്തിന് ശേഷം തന്റെ തീരുമാനം മാറ്റണമോ എന്ന് ആലോചിക്കുമെന്നും തരൂർ പത്തനംതിട്ടയിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. 'നിലവിലെ സാഹചര്യത്തിൽ ഒരു മത്സരത്തിന് ഉദ്ദേശിക്കുന്നില്ല. പാർട്ടിയുടെ അവസാന തീരുമാനം അറിഞ്ഞ ശേഷം വീണ്ടും തീരുമാനമെടുക്കേണ്ടി വരും. എന്നാൽ നിലവിലെ സാഹചര്യത്തിൽ വേറെ ആൾക്കാർക്ക് വിട്ടുകൊടുക്കട്ടെ എന്നാണ്. നേതൃത്വത്തിന്റെ കൈയിലാണ്. അവർ തീരുമാനിക്കട്ടെ' തരൂർ പറഞ്ഞു. തന്നെ പ്രവർത്തക സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്താൽ അതിനെ സ്വീകരിക്കുമെന്നും തരൂർ കൂട്ടിച്ചേർത്തു.

റായ്പുരിൽ വെച്ച് ഫെബ്രുവരി 24 മുതൽ 26 വരെ നടക്കുന്ന പാർട്ടി പ്ലീനറി യോഗത്തിൽ വച്ചാണ് കോൺഗ്രസ് പ്രവർത്തക സമിതിയെ തിരഞ്ഞെടുക്കുന്നത്. കോൺഗ്രസ് അധ്യക്ഷന് പുറമെ 23 അംഗങ്ങൾ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയേയാണ് തിരഞ്ഞെടുക്കുക. നോമിനേറ്റ് ചെയ്യപ്പെട്ട 12 പേരും തിരഞ്ഞെടുക്കപ്പെട്ട 11 പേരുമടങ്ങുന്നതാണ് പ്രവർത്തക സമിതി. കഴിഞ്ഞ 25 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായിട്ടാണ് പ്രവർത്തക സമിതി തിരഞ്ഞെടുപ്പ് നടക്കുന്നത്.

അതേസമയം കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള നോമിനേഷൻ രീതിയിൽ പ്രിയങ്ക ഗാന്ധിക്കും എതിർപ്പുണ്ടെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ വീണ്ടുമൊരു തെരഞ്ഞെടുപ്പിന് അത്് കളമൊരുക്കും. തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചു. മത്സരത്തിലൂടെ പ്രവർത്തക സമിതിയിലേക്ക് എത്തുന്ന രീതിക്കാണ് മഹത്വമെന്ന അഭിപ്രായം പ്രിയങ്കാ ഗാന്ധി പ്ലീനറി സമ്മേളനത്തിൽ മുന്നോട്ട് വെച്ചതായാണ് വിവരം. ശശി തരൂരിന്റേതിന് സമാനമായ രീതിയിൽ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കണമെന്നതാണ് പ്രിയങ്കാ ഗാന്ധിയും ആഗ്രഹിക്കുന്നതെന്നും ശ്രദ്ധേയമാണ്.

അതേസമയം നേതൃത്വത്തിലെ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് പരമാവധി ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വീണ്ടും ഒരു തെരഞ്ഞെടുപ്പെന്നത് വലിയ തോതിൽ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായേക്കുമെന്നാണ് ഭൂരിഭാഗവും ഭയക്കുന്നത്. 25 വർഷത്തിന് ശേഷം കോൺഗ്രസ് പ്രവർത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോയെന്നതാണ് ഈ പ്ലീനറി സമ്മേളനത്തിന്റെ ഹൈലൈറ്റ്. കഴിഞ്ഞ കാലങ്ങളിൽ തുടർന്ന് വരുന്ന നാമനിർദ്ദേശ രീതി വേണ്ടെന്ന അഭിപ്രായമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകളിൽ പ്രിയങ്ക ഗാന്ധി മുൻപോട്ട് വച്ചത്.

തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്നും ഗാന്ധി കുടുംബത്തിന്റെ പേരിൽ നോമിനേറ്റ് ചെയ്യപ്പേണ്ടെന്നുമാണ് പ്രിയങ്കയുടെ നിലപാട്. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കട്ടെയെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്ത ശശി തരൂർ പ്രവർത്തക സമിതിയിലെത്തുന്നതിൽ ഇപ്പോഴും സസ്‌പെൻസ് നിലനിർത്തുകയാണ്. സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും സ്ഥിരം പ്രവർത്തക സമിതി അംഗങ്ങളാക്കാൻ ആലോചന പുരോഗമിക്കുമ്പോൾ ഗാന്ധി കുടുംബത്തിൽ നിന്ന് മൂന്ന് പേരെന്ന വിമർശനം ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പിനെ പ്രിയങ്ക ഗാന്ധി സ്വാഗതം ചെയ്യുന്നത്.

നേമിനേഷനിലൂടെ ആശ്രിതരെ തിരുകി കയറ്റിയെന്ന ആക്ഷേപത്തെയും മറികടക്കാനുമാകും. അതേ സമയം നിയമസഭ ലോക് സഭ തെരഞ്ഞെടുപ്പുകൾ അടുത്തുവരുമ്പോൾ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തി പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാകാനുള്ള സാധ്യത ഒഴിവാക്കാനാണ് നോമിനേഷൻ മതിയെന്ന നിലപാടിലേക്ക് നേതൃത്വത്തിൽ ഭൂരിപക്ഷവും എത്തിയിരിക്കുന്നത്.

രാജസ്ഥാൻ കോൺഗ്രസിലെ പോരിന്റെ തുടർച്ചയെന്നോണം പ്രവർത്തക സമിതിയിലേക്ക് അശോക് ഗലോട്ടിനൊപ്പം സച്ചിൻ പൈലറ്റും അവകാശവാദമുന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടക്കം മത്സരമാണ് നല്ലതെന്ന തീരുമാനത്തിലേക്ക് പാർട്ടി പോകുമായിരിക്കും. പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. പ്രവർത്തക സമിതിയിലേക്ക് കൂടി മത്സരിച്ചാൽ പാർട്ടിയെ സ്ഥിരമായി വെല്ലുവിളിക്കുന്നുവെന്ന പ്രതിച്ഛായയുണ്ടാക്കുമെന്ന് കണ്ടാണ് തരൂർ നിലപാട് വ്യക്തമാക്കാതെ മാറി നിൽക്കുന്നത്. തെരഞ്ഞടുപ്പിൽ എത്രപേർ പിന്തുണക്കുമെന്നതിലും വ്യക്തതയില്ല.

എന്നാൽ തരൂരിനെ പ്രവർത്തക സമിതിയിലുൾപ്പെടുത്തുന്നതിനോട് നേതൃത്വത്തിൽ ഇനിയും ഏകാഭിപ്രായമില്ല. തരൂർ പാർട്ടിക്ക് മുതൽക്കൂട്ടാണെന്ന അഭിപ്രായം സോണിയ ഗാന്ധിയും ഖർഗെയും മുൻപോട്ട് വച്ചെങ്കിലും രാഹുൽ ഗാന്ധി മനസ് തുറന്നിട്ടില്ല. കേരളത്തിലേതടക്കം തരൂരിന്റെ നീക്കങ്ങളിൽ പ്രതികൂല റിപ്പോര്ട്ടാണ് നേതൃത്വത്തിന്റെ മുൻപിലുള്ളത്.സംസ്ഥാന ഘടകവും ശക്തമായി എതിർക്കുന്നു. നേരത്തെ ഗ്രൂപ്പ് 2 ന്റെ ഭാഗമായിരുന്ന തരൂർ പ്രവർത്തക സമിതിയിലെ എതിർ ശബ്ദമായി മാറാനുള്ള സാധ്യതയെ കുറിച്ച് രാഹുലിനോടടുപ്പമുള്ള ചില നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേതൃത്വത്തിന്റെ നീക്കത്തിൽ തരൂരിനും വ്യക്തതയില്ല.

നേരത്തെ, കേരളത്തിൽനിന്നുള്ള കെ. മുരളീധരൻ, ബെന്നി ബെഹനാൻ, എം.കെ. രാഘവൻ എന്നീ നേതാക്കൾ കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി. സിഡബ്ല്യുസിയിലേക്ക് തരൂരിനെ നാമനിർദ്ദേശം ചെയ്യണമെന്ന ആവശ്യമാണ് ഇവർ ഉന്നയിച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.