മുംബൈ: ശിവസേനയുടെ ഔദ്യോഗിക ചിഹ്നവും പേരും സംബന്ധിച്ച തർക്കത്തിൽ ഉദ്ധവ് വിഭാഗത്തിന് കനത്ത തിരിച്ചടി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. ഇനി മുതൽ ശിവസേനയെന്ന പേരും ഔദ്യോഗിക ചിഹ്നവും ഷിൻഡേ വിഭാഗത്തിന് ഉപയോഗിക്കാം.

ശിവസേനയുടെ നിലവിലെ ഭരണഘടനയ്ക്ക് സാധ്യതയില്ലെന്ന് വിലയിരുത്തിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക പേരും ചിഹ്നവും ഷിൻഡേ പക്ഷത്തിന് അനുവദിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ പക്ഷത്തിന്റെ രാഷ്ട്രീയ ഭാവി കൂടി തുലാസ്സിലായി. ഉദ്ദവ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചേക്കും. ഉദ്ധവ് താക്കറെയുടെ പിതാവ് ബാൽതാക്കറെ സ്ഥാപിച്ച പാർട്ടിയാണ് ശിവസേന.

പാർട്ടിയുടെ അവകാശത്തെച്ചൊല്ലി സുപ്രീം കോടതിയിൽ കേസ് നടക്കുന്നതിനിടെയാണ് കമ്മിഷൻ നടപടി. ഉദ്ധവ് താക്കറെ നയിക്കുന്ന വിഭാഗത്തിന് ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) എന്ന പേരിൽ മത്സരിക്കാം. 'തീപ്പന്തം' ആണ് ചിഹ്നം. കഴിഞ്ഞ വർഷം ജൂൺ 22നാണ് ഏക്‌നാഥ് ഷിൻഡെ പാർട്ടി പിളർത്തി ബിജെപി സഹായത്തോടെ മുഖ്യമന്ത്രിയായത്. പാർട്ടിയുടെ ഭൂരിപക്ഷം എംഎൽഎമാരും എംപിമാരും ഷിൻഡെയ്‌ക്കൊപ്പമാണ്.

കഴിഞ്ഞ നവംബർ മൂന്നിന് മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിനിടെയാണ് അമ്പും വില്ലും ചിഹ്നത്തിനായി പോരുമുറുകിയത്. യഥാർഥ ശിവസേന തങ്ങളാണെന്നും ചിഹ്നം തങ്ങളുടേതാണെന്നും ഉദ്ധവ് താക്കറെ പക്ഷം വാദിച്ചു. എന്നാൽ മത്സരത്തിനിറങ്ങുന്ന ഉദ്ധവ് പക്ഷത്തിന് അമ്പും വില്ലും ചിഹ്നം നൽകരുതെന്നാവശ്യപ്പെട്ട് ഷിൻഡെ പക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയായിരുന്നു.

ഇതോടെ ശിവസേനയുടെ ചിഹ്നം മരവിപ്പിച്ച് ഇരുപക്ഷത്തിനും പുതിയ ചിഹ്നം നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഷിൻഡെ പക്ഷമാണ് യഥാർഥ ശിവസേനയെന്ന് കമ്മിഷൻ ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു

ശിവസേനയുടെ പിളർപ്പിന് വഴിവച്ച് ഏക്‌നാഥ് ശിൻഡെയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ശിവസേനാ എംഎൽഎമാരെ 2022 ജൂൺ 20നാണ് കാണാതായത്. രാത്രിയോടെ ഒരു വിഭാഗം നേതാക്കൾ അപ്രത്യക്ഷമായി. 2022 ജൂൺ 21- എംഎൽഎമാർ മഹാരാഷ്ട്രാ അതിർത്തികടന്ന് സൂറത്തിലെ റിസോർട്ടിൽ ഒത്തുചേർന്നു. ശിവസേനയിലെ വിമത നീക്കത്തിനെതിരെ ഉദ്ധവ് നേരിട്ട് രംഗത്തെത്തിയതോടെ പ്രശ്‌നം വഷളായി.

വിമത എംഎൽഎമാരെ പ്രത്യേക വിമാനങ്ങളിൽ 2022 ജൂൺ 22 ന് ഗുവാഹത്തിയിലെത്തിച്ച് നിലപാട് കടുപ്പിച്ചു. അനുനയനീക്കങ്ങൾ ഫലം കാണാതെ വന്നതോടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ 2022 ജൂൺ 23ന് ഔദ്യോഗിക വസതി ഒഴിഞ്ഞു. രാജി വയ്ക്കരുതെന്ന് ഉദ്ദവിന് മേൽ ശരദ് പവാർ സമ്മർദ്ദം ചെലുത്തിയെങ്കിലും ഫലം കണ്ടില്ല.

ശിവസേനാ ബാലാസാഹേബ് എന്ന് തന്റെ ഗ്രൂപ്പിന് ഷിൻഡെ വിഭാഗം പേര് നൽകി. ശിൻഡെ പക്ഷത്തെ 16 എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നടപടിയുമായി ഡെപ്യൂട്ടി സ്പീക്കർ രംഗത്തെത്തി. വിമത മന്ത്രിമാരുടെ വകുപ്പുകൾ ഉദ്ദവ് താക്കറെ 2022 ജൂൺ 26ന്് എടുത്തു മാറ്റി. ഇതോടെ വിമത നീക്കം കടുപ്പിച്ച് ഷിൻഡെ വിഭാഗം

വിമത എംഎൽഎമാരോട് പാർട്ടിക്ക് വഴങ്ങാൻ അഭ്യർത്ഥിച്ച് ഉദ്ദവ്താക്കറെ രംഗത്തെത്തിയതിന് പിന്നാലെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണർക്ക് മേൽ ബിജെപി സമ്മർദ്ദം ചെലുത്തി. പിന്നാലെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഡൽഹിയിൽ. നേതൃത്വവുമായി ചർച്ച നടത്തി.

വിശ്വസ വോട്ടെടുപ്പ് നടത്താൻ ഗവർണർ തീരുമാനിച്ചു. പിന്നാലെ ഉദ്ദവ് വിഭാഗം ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല. ഉദ്ദവ് രാത്രി രാജി വച്ചു. പിന്നാലെ ബിജെപി പിന്തുണയോടെ ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി 2022 ജൂൺ 30 ന് സത്യപ്രതിഞ്ജ ചെയ്തു. ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായി.