- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണാടക മോഡൽ പ്രചരണ തന്ത്രനുമായി കോൺഗ്രസ് രംഗത്തുവന്നപ്പോൾ കടത്തിവെട്ടാൻ വമ്പർ പ്രഖ്യാപനവുമായി ബിജെപി; സ്ത്രീകൾക്ക് സർക്കാർ ജോലിയിൽ 35 ശതമാനം സംവരണം പ്രഖ്യാപിച്ചു മധ്യപ്രദേശ് സർക്കാർ; പാചകവാതക സിലിണ്ടർ 450 രൂപയ്ക്ക് നൽകാനും തീരുമാനം; അധികാരം നിലനിർത്താൻ വാരിക്കോരി വാഗ്ദാനങ്ങളുമായി ശിവരാജ് സിങ് ചൗഹാൻ
ഭോപാൽ: കർണാടകയിൽ കോൺഗ്രസ് പരീക്ഷിച്ചു വിജയിച്ച തെരഞ്ഞെടുപ്പു തന്ത്രങ്ങൾ മറ്റിടങ്ങളിലും പയറ്റാനാണ് നീക്കം. രാജസ്ഥാനിലും മധ്യപ്രദേശിലുമെല്ലാം ഈ തന്ത്രം അണിയറയിൽ ഒരുങ്ങുകയാണ് താനും. ഇതോടെ മധ്യപ്രദേശിൽ ഭരണതുടർച്ചക്കായി വൻ പ്രഖ്യാപനങ്ങളുമായി ബിജെപി സർക്കാർ രംഗത്തുവന്നു. നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടാണ് സർക്കാർ ആകർഷകമായ പദ്ധഥിതികൾ പ്രഖ്യാപിച്ചത്.
ലാഡ്ലി ബെഹന പദ്ധതിവഴി സ്ത്രീകൾക്ക് മാസംതോറും നൽകുന്ന പണം 1000 രൂപയിൽ നിന്നും 1250 രൂപയാക്കി ഉയർത്തി. സർക്കാർജോലികളിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണവും പ്രഖ്യാപിച്ചു. പാചകവാതക സിലിൻഡർ 450 രൂപയ്ക്ക് നൽകാനും തീരുമാനമായി.
പുണ്യമാസമായ ശ്രാവണമായതിനാലാണ് പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഞായറാഴ്ച പറഞ്ഞു. ഇക്കൊല്ലം അവസാനമാണ് സംസ്ഥാനത്ത് നിയമസഭാതിരഞ്ഞെടുപ്പ്. സംസ്ഥാനത്തെ 13.39 ലക്ഷം കന്നിവോട്ടർമാരിൽ 7.07 ലക്ഷം സ്ത്രീകളാണ്. 230 നിയമസഭാസീറ്റിൽ 18 എണ്ണത്തിൽ വനിതാവോട്ടർമാരാണ് കൂടുതൽ.
ചൊവ്വാഴ്ചത്തെ രാഖിച്ചടങ്ങ് ആഘോഷിക്കാൻ 1.25 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 250 രൂപവീതം ഇട്ടതായി മുഖ്യമന്ത്രി അറിയിച്ചു. ലാഡ്ലി ബെഹന യോജനയുടെ ഭാഗമായുള്ള ബാക്കി 1000 രൂപ സെപ്റ്റംബറിൽ ലഭിക്കും. ഈ പദ്ധതിയുടെ കീഴിൽ നൽകുന്ന തുക ഭാവിയിൽ 3000 ആക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ 30 ശതമാനമാണ് സ്ത്രീകൾക്ക് സർക്കാർജോലികളിൽ സംവരണം. ഇതാണ് 35 ശതമാനമാക്കുന്നത്. അദ്ധ്യാപകജോലിയിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണമേർപ്പെടുത്തുമെന്ന് ചൗഹാൻ പറഞ്ഞു. അതേസമയം ഈ പ്രഖ്യാപനത്തിലേക്ക് ചൗഹാൻ കടന്നത് കോൺഗ്രസ് വലിയ പ്രഖ്യാപനങ്ങൾ നടത്തിയോടെയാണ്. കോൺഗ്രസ് പാർട്ടി അധികാരത്തിലേറിയാൽ സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ നൽകുമെന്നും പാചകവാതകം 500 രൂപയ്ക്ക് ലഭ്യമാക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ വ്യക്തമാക്കിയിരുന്നു.
'കോൺഗ്രസ് അധികാരത്തിൽ വന്നാൽ കർഷകർക്ക് കടാശ്വാസം നൽകുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. പാചകവാതകം 500 രൂപക്ക് ലഭ്യമാക്കും സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ നൽകും. സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി നടപ്പാക്കും. 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കും. സംസ്ഥാനത്തും ജാതി സെൻസസ് നടത്തും. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കോൺഗ്രസ് പ്രവർത്തക സമിതിയിൽ പിന്നാക്ക വിഭാഗക്കാരായ ആറുപേരെ ഉൾപ്പെടുത്തിയിട്ടുണ്ട്', ഖാർഗെ വ്യക്തമാക്കിയിരുന്നു.
ഈ വർഷം അവസാനമാണ് മധ്യപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ ഏതുവിധേനയും അധികാരം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. കർണാടകയിൽ അധികാരം തിരിച്ചുപിടിക്കാൻ സഹായിച്ച ജനകീയ പ്രഖ്യാപനങ്ങൾ തന്നെയാണ് മധ്യപ്രദേശിലും കോൺഗ്രസ് പയറ്റാൻ ഒരുങ്ങുന്നത്. ഇതിനോടകം തന്നെ ബിജെപി കോട്ടകളായ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ കണ്ടെത്തുകയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചാൽ ഇത്തവണ മധ്യപ്രദേശ് ഭരണം പിടിക്കാമെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കൂറ്റൻ വിജയം നേടി കോൺഗ്രസ് ആയിരുന്നു മധ്യപ്രദേശിൽ ഭരണത്തിലേറിയത്. എന്നാൽ ഓപ്പറേഷൻ താമര പയറ്റി ബിജെപി അധികാരം പിടിക്കുകയായിരുന്നു. അന്ന് കോൺഗ്രസ് നേതാവായ ജ്യോതിരാദിത്യ സിന്ധ്യയേയും അദ്ദേഹത്തിനൊപ്പമുള്ള 24 എംഎൽഎമാരേയുമാണ് ബിജെപി മറുകണ്ടം ചാടിച്ചത്.
മറുനാടന് ഡെസ്ക്