ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കുമെന്ന് സിദ്ധരാമയ്യ. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോടും ഊഹാപോഹങ്ങളോടും പ്രതികരിച്ചുകൊണ്ട് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. നവംബറിൽ കാലാവധി പൂർത്തിയാകുമെന്ന പ്രചാരണങ്ങൾക്കിടെയാണ് സിദ്ധരാമയ്യയുടെ ഈ പ്രസ്താവന.

"ഹൈക്കമാൻഡിന്റെ തീരുമാനം എന്തായാലും അത് അനുസരിക്കും. അടുത്ത വർഷം മൈസൂരു ദസറയ്ക്ക് എന്തുകൊണ്ട് പുഷ്പാർച്ചന നടത്തിക്കൂടാ?" അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മുമ്പ് താൻ രണ്ടാം തവണ മുഖ്യമന്ത്രിയാകില്ലെന്ന് പലരും പ്രവചിച്ചെങ്കിലും അത് സത്യമായില്ലെന്നും, കാക്കയുടെ സാന്നിധ്യം ദുശ്ശകുനമാണെന്ന് പലരും പറഞ്ഞെങ്കിലും ബജറ്റ് അവതരിപ്പിക്കില്ലെന്ന പ്രവചനവും തെറ്റായെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രണ്ടര വർഷം പൂർത്തിയാക്കിയെന്നും ഇനിയും രണ്ടര വർഷംകൂടി അധികാരത്തിൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ ചില കോൺഗ്രസ് എംഎൽഎമാർ ഉപമുഖ്യമന്ത്രിയും കർണാടക പി.സി.സി. അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉയർത്തുന്നതിനിടയിലാണ് സിദ്ധരാമയ്യയുടെ ഈ പ്രതികരണം. ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയായി കാണാൻ സംസ്ഥാനത്തെ വോട്ടർമാരും പാർട്ടി പ്രവർത്തകരും ജനങ്ങളും ആഗ്രഹിക്കുന്നതായി ചില എംഎൽഎമാർ പരസ്യമായി പ്രസ്താവനകൾ നടത്തിയിരുന്നു.