- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേ..നോക്ക് ആവശ്യമില്ലാത്തത് ഒന്നും പറയല്ലേ..; ഞാൻ അങ്ങനെ ഒന്നും ഒരിടത്തും പറഞ്ഞിട്ടില്ല..! താൻ അധികാരം പങ്കുവെക്കാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സിദ്ധരാമയ്യ
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിനുള്ളിലെ അധികാര കൈമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ വിശദീകരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. താൻ 25 വർഷം മുഖ്യമന്ത്രിയായി തുടരുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത 25 വർഷം കർണാടകയിൽ കോൺഗ്രസ് ഭരണം ഉണ്ടാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ സിദ്ധരാമയ്യ, അത് താൻ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന അർത്ഥത്തിലല്ലെന്നും കൂട്ടിച്ചേർത്തു. രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം ഡി.കെ. ശിവകുമാറിന് കൈമാറുമോ എന്ന ചോദ്യങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാർട്ടിയിൽ യാതൊരുവിധ തർക്കങ്ങളുമില്ലെന്നും ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനമാണ് അന്തിമമെന്നും അദ്ദേഹം ആവർത്തിച്ചു. സിദ്ധരാമയ്യ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കണമെന്ന് ഒരു വിഭാഗം മന്ത്രിമാർ ആവശ്യപ്പെട്ടത് നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി പ്രവർത്തകർക്കിടയിലെ ആശയക്കുഴപ്പം നീക്കാൻ മുഖ്യമന്ത്രി നേരിട്ട് വിശദീകരണം നൽകിയത്.
നിലവിൽ സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകൾക്കുമാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാര വടംവലി വാർത്തകൾ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഈ വിശദീകരണം.




