ന്യൂഡൽഹി: മുതിർന്ന നേതാവ് സിദ്ധരാമയ്യ തന്നെ കർണാടക മുഖ്യമന്ത്രി. ഡി കെ ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഡി കെ ശിവകുമാർ തുടരുമെന്നും എഐസിസി അറിയിച്ചു. കെ വി വേണുഗോപാൽ വാർത്താസമ്മേളനത്തിലാണ് കന്നഡ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഡികെ തുടരുമെന്നാണ് കെ സി വ്യക്തമാക്കിയത്. അതേസമയം മുഖ്യമന്ത്രി സ്ഥാനം പങ്കിടുമെന്ന കാര്യത്തിൽ പരസ്യ പ്രഖ്യാപനമില്ല. അധികാരം ജനങ്ങളുമായി പങ്കിടുമെന്നാണ് കെ സി വേണുഗോപാൽ ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി നൽകിയത്.

മുഖ്യമന്ത്രി സ്ഥാനത്തെ ച്ചൊല്ലിയുള്ള ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ധാരണയായത്. കോൺഗ്രസ് നേതാക്കൾ നടത്തിയ മാരത്തോൺ ചർച്ചകൾക്കൊടുവിൽ ആദ്യ ടേമിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവാൻ തീരുമാനിച്ചതോടെ കർണാടകയിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും സിദ്ധരാമയ്യയുടെ വീടിനു മുന്നിൽ ആഘോഷിക്കുകയാണ് പ്രവർത്തകർ.

ആദ്യടേമിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുമ്പോൾ പിന്നീട് ഡികെ ശിവകുമാർ മുഖ്യമന്ത്രിയാവുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി പദത്തിലെ ടേം വ്യവസ്ഥയായ രണ്ടര വർഷം ഫോർമുല നേതാക്കൾ അംഗീകരിച്ചെന്നാണ് സൂചന. അതേസമയം, ശിവകുമാർ മുന്നോട്ടുവെച്ച ആവശ്യങ്ങളും പുറത്തുവരുന്നുണ്ട്. ഉപമുഖ്യമന്ത്രിയായി ഒരാൾ മാത്രമായിരിക്കണം. നേരത്തെ, മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായിരിക്കുമെന്നാണ് പുറത്തുവന്നിരുന്നത്. കൂടാതെ ആഭ്യന്തരം, മൈനിങ്, നഗര വികസനം, പൊതുമരാമത്ത് വകുപ്പുകൾ തനിക്ക് നൽകണമെന്നും ശിവകുമാർ ആവശ്യപ്പെടുന്നു.

അതേസമയം, പാർട്ടിക്ക് വേണ്ടി നടത്തിയ കഠിനാധ്വാനം വെറുതെയാകില്ലെന്ന് ശിവകുമാറിന് സോണിയ ഗാന്ധി ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്ന നിലപാടിലായിരുന്നു ഡികെ. എന്നാൽ ശിവകുമാർ വിട്ടുനിൽക്കുന്നത് സർക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കും എന്നതു കണക്കിലെടുത്ത് ഉപമുഖ്യമന്ത്രിയാകണം എന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. ഇക്കാര്യം മല്ലികാർജുൻ ഖാർഗെ, രാഹുൽഗാന്ധി തുടങ്ങിയ നേതാക്കൾ ആവശ്യപ്പെട്ടു.

മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ അടക്കം തന്റെ നിലപാട് കൂടി കേൾക്കണമെന്നും ശിവകുമാർ ഹൈക്കമാൻഡിന് മുന്നിൽ നിർദ്ദേശം വെച്ചിട്ടുണ്ട്. രണ്ടാം ടേമിൽ ഡികെ ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേൽക്കും. ഇന്ന് വൈകീട്ട് ബംഗലൂരുവിൽ കോൺഗ്രസ് നിയമസഭ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഇതിൽ സിദ്ധരാമയ്യയെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 നാകും പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുക. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാകും സത്യപ്രതിജ്ഞാ ചടങ്ങ്. കോൺഗ്രസ് മുഖ്യമന്ത്രിമാരും മുതിർന്ന പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. പ്രതിപക്ഷ പാർട്ടി നേതാക്കളെയും മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിക്കുമെന്നാണ് റിപ്പോർട്ട്.

പാർട്ടിയുടെ വിശാല താൽപ്പര്യം പരിഗണിച്ച് സമവായ ഫോർമുല അംഗീകരിച്ചതായി ഡികെ ശിവകുമാർ പറഞ്ഞു. പൂർണ സന്തോഷമില്ലെങ്കിലും കർണാടക ജനതയ്ക്ക് നൽകിയ വാഗ്ദനങ്ങൾ പാലിക്കുക എന്ന ഉത്തരവാദിത്തം മുൻനിർത്തിയാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായതെന്ന് ഡികെ ശിവകുമാറിന്റെ സഹോദരൻ ഡികെ സുരേഷ് എംപി പറഞ്ഞു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ബംഗളൂരു കണ്ഡീരവ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടക്കും. സത്യപ്രതിജ്ഞക്കുള്ള തയ്യാറെടുപ്പുകൾ ഇവിടെ നേരത്തെ തുടങ്ങിയിരുന്നു.