- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിനായി മഹത്തായ ഇന്നിങ്‌സ് തുടരും; സജീവ രാഷ്ട്രീയത്തിൽ നിന്നും സോണിയ ഗാന്ധി വിരമിക്കില്ല; പാർട്ടി പ്രവർത്തകർക്ക് മാർഗദർശിയാകും; അൽക്ക ലാംബയുടെ പ്രഖ്യാപനത്തെ പുഞ്ചിരിയോടെ സ്വീകരിച്ച് സദസ്സിൽ സോണിയ
റായ്പുർ: കോൺഗ്രസിന്റെ മുൻ അധ്യക്ഷ സോണിയ ഗാന്ധി രാഷ്ട്രീയത്തിൽ നിന്നും വിരമിക്കില്ലെന്നും സജീവമായി പാർട്ടി പ്രവർത്തനങ്ങളിൽ തുടരുമെന്നും വ്യക്തമാക്കി കോൺഗ്രസ് നേതാവ് അൽക്ക ലാംബ. രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുന്നിലെന്നും പാർട്ടിപ്രവർത്തകർക്ക് മാർഗദർശിയായി തുടരുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കിയതായി അൽക്ക് ലാംബ കോൺഗ്രസ് പ്ലീനറി സദസ്സിനെ അറിയിച്ചു. സദസ്സിലിരുന്ന സോണിയ ഗാന്ധി ലാംബയുടെ പ്രസ്താവനയെ അനുകൂലിക്കുന്ന തരത്തിൽ പുഞ്ചിരിക്കുകയും ചെയ്തു.
ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ്‌സ് അവസാനിപ്പിക്കുന്നു എന്ന് ഇന്നലെ റായ്പുർ പ്ലീനറിയുടെ ഉദ്ഘാടന വേദിയിൽ പരാമർശിച്ചിരുന്നു. ഇതിനാണ് ലാംബ ഇന്ന് വ്യക്തത വരുത്തിയത്.
ചത്തിസ്ഗഡ് തലസ്ഥാനമായ റായ്പുരിൽ കോൺഗ്രസ് പ്ലീനറിയുടെ രണ്ടാം ദിനം 15,000ത്തോളെ പ്രതിനിധികളെ സാക്ഷിയാക്കിയാണ് താൻ സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കുകയാണെന്ന് സോണിയ ഗാന്ധി സൂചന നൽകിയത്.
''2004 ലെയും 2009 ലെയും പൊതുതിരഞ്ഞെടുപ്പു വിജയങ്ങൾ എനിക്കു വ്യക്തിപരമായ സംതൃപ്തി നൽകി. പക്ഷേ, ഏറ്റവും സന്തോഷകരം മറ്റൊന്നാണ്; എന്റെ ഇന്നിങ്‌സ് ഭാരത് ജോഡോ യാത്രയോടെ അവസാനിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു''എന്നാണ് സോണിയ പറഞ്ഞത്.
1997 ലെ കൊൽക്കത്ത പ്ലീനറിയിലായിരുന്നു കോൺഗ്രസിലെ സോണിയയുടെ ആദ്യ പ്രസംഗം. അതേസമയം, ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റായ്ബറേലിയിൽനിന്ന് മത്സരിക്കുമോ അതോ സീറ്റ് മകൾ പ്രിയങ്ക ഗാന്ധിക്ക് കൈമാറുമോ എന്ന കാര്യത്തിൽ സോണിയ ഒരു സൂചനയും നൽകിയിട്ടില്ല.
അതേ സമയം മഹാറാലിയോടെ കോൺഗ്രസിന്റെ 85-ാം പ്ലീനറി സമ്മേളനത്തിന് റായ്പൂരിൽ സമാപനമായി. പ്രതിപക്ഷ ഐക്യത്തിനുള്ള ആഹ്വാനവും പാർട്ടി സമിതികളിലെ അൻപത് ശതമാനം സംവരണവുമാണ് റായ്പൂർ പ്ലീനറി സമ്മേളനത്തിന്റെ പ്രധാന പ്രത്യേകതകൾ. ബ്രീട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ പരാജയപ്പെടുത്തിയപോലെ അദാനിക്കമ്പനിക്കെതിരേയും പോരാട്ടം നടത്തുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം കിഴക്കുനിന്ന് പടിഞ്ഞാറേയ്ക്ക് നടത്താനും ധാരണയായി.
പ്ലീനറി സമ്മേളനവും പൂർത്തീകരിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ് കോൺഗ്രസ്. പ്ലീനറി വേദിയിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം ഒഴികെയുള്ള മറ്റ് അഞ്ച് പ്രമേയങ്ങൾക്ക് പ്രകടന പത്രികയുടെ സ്വഭാവമായിരുന്നു. രാജ്യത്താകെ ജാതി സെൻസസ് നടത്തും, ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം, എസ് സി എസ്ടി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശവും അന്തസും സംരക്ഷിക്കാൻ രോഹിത് വെമുല എന്ന പേരിൽ നിയമം കൊണ്ടുവരും എന്നീ പ്രഖ്യാപനങ്ങളും പാർട്ടി സമിതികളിലെ 50 ശതമാനം സംവരണവും ദളിത് പിന്നാക്ക, ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിടുന്നു.
മറുനാടന് മലയാളി ബ്യൂറോ