റായ്പൂർ: താൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെ സൂചന നൽകി സോണിയ ഗാന്ധി. ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ് അവസാനിച്ചേക്കുമെന്ന് അവർ പ്ലീനറി സമ്മേളനത്തിൽ പറഞ്ഞു. ' എനിക്ക് ഏറ്റവും സംതൃപ്തി നൽകുന്നത് ഭാരത് ജോഡോ യാത്രയോടെ ഇന്നിങ്‌സ് അവസാനിച്ചേക്കുമെന്നതാണ്. യാത്ര പാർട്ടിക്ക് ഒരു വഴിത്തിരിവായി. സമത്വവും, സഹിഷ്ണുതയും, ഐക്യദാർഢ്യവുമാണ് ഇന്ത്യയിലെമ്പാടും ജനങ്ങൾ കാംക്ഷിക്കുന്നതെന്ന് യാത്ര തെളിയിച്ചു', സോണിയ പറഞ്ഞു.

'ജനകീയ സമ്പർക്ക പരിപാടികളിലൂടെ പാർട്ടിയും ജനങ്ങളുമായി ആശയവിനിമയം നടത്തുന്ന ആ പഴയ പാരമ്പര്യത്തെ വീണ്ടും പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞു. കോൺഗ്രസ് ജനങ്ങൾക്കൊപ്പമാണെന്നും, അവർക്ക് വേണ്ടി പോരാടാൻ തയ്യാറാണെന്നും തെളിയിക്കാൻ കഴിഞ്ഞു. യാത്രയ്ക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്ത എല്ലാ പ്രവർത്തകരെയും ഞാൻ അനുമോദിക്കുന്നു. വിശേഷിച്ച് രാഹുൽ ജിയുടെ ഇച്ഛാശക്തിയും, നേതൃത്വവും യാത്രയുടെ വിജയത്തിന് നിർണായകമായിരുന്നു', സോണിയ പറഞ്ഞു.

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന സൂചന നൽകിയെങ്കിലും, യുപിയിലെ റായ്ബറേലി സീറ്റിൽ നിന്ന് സോണിയ വീണ്ടും മത്സരിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. സോണിയ മത്സരിച്ചില്ലെങ്കിൽ, റായ്ബറേലിയിൽ പ്രിയങ്ക മത്സരിക്കുമെന്നും പറയുന്നു.

കോൺഗ്രസിനും രാജ്യത്തിനും ഇത് വെല്ലുവിളി നിറഞ്ഞ കാലമെന്നാണ് സോണിയ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിയും ബിജെപി-ആർഎഎസ് ഭരണകൂടവും ഓരോ സ്ഥാപനവും പിടിച്ചടക്കി, അട്ടിമറിച്ചു. ഏതു എതിർ സ്വരത്തെയും ക്രൂരമായി നിശ്ശബ്ദമാക്കി. തങ്ങൾക്ക് പ്രിയപ്പെട്ട ചില വ്യവസായികളെ മാത്രം തുണച്ച് സാമ്പത്തിക നാശം വരുത്തി വച്ചു. മാത്രമല്ല, ഇന്ത്യാക്കാർക്കിടയിൽ പരസ്പരം ഭയവും വിദ്വേഷവും വിതച്ചു, സോണിയ പറഞ്ഞു.

2019ൽ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ വൻ തിരിച്ചടിയെ തുടർന്നാണ് മകൻ രാഹുലിൽ നിന്ന് സോണിയ അധ്യക്ഷപദം ഏറ്റെടുക്കുന്നത്. രോഗബാധ സോണിയ ഗാന്ധിയെ വല്ലാതെ അലട്ടുന്നു. ആരോഗ്യ കാരണങ്ങളാലാണ് അധ്യക്ഷപദവും ഒഴിഞ്ഞതും ഖാർഗെയെ ചുമതല ഏൽപ്പിച്ചതും.

അതേസമയം, കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഇനി മുതൽ മുപ്പത്തിയഞ്ച് അംഗങ്ങൾ ഉണ്ടാകും. അംഗങ്ങളുടെ എണ്ണം 25ൽ നിന്ന് 35 ആയി വർധിപ്പിക്കാൻ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ തീരുമാനമായി. ഇതുസംബന്ധിച്ച ഭരണഘടനാ ഭേദഗതി പ്ലീനറി സമ്മേളനം പാസാക്കി. മുൻ അധ്യക്ഷന്മാരും പ്രധാനമന്ത്രിമാരും പ്രവർത്തക സമിതി അംഗങ്ങളാകും. പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ് തയാറാണെന്ന് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. സഹകരിക്കാവുന്നവരുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവർത്തക സമിതി അംഗങ്ങളെ കണ്ടെത്താൻ തിരഞ്ഞെടുപ്പ് വേണ്ടെന്ന് ഇന്നലെ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിരുന്നു. സമിതിയിലെ മുഴുവൻ അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യാൻ മല്ലികാർജുൻ ഖർഗെയെ ചുമതലപ്പെടുത്തി കമ്മിറ്റി പ്രമേയവും പാസാക്കിയിരുന്നു.

മൂന്നാം മുന്നണി രൂപീകരിക്കാതെ ഒന്നിക്കണമെന്ന് കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു. ഭിന്നിച്ചു നിന്ന് ബിജെപിക്ക് നേട്ടമുണ്ടാക്കരുത്. സമാനപ്രത്യയശാസ്ത്രം ഉൾക്കൊള്ളുന്ന പ്രതിപക്ഷ പാർട്ടികളെല്ലാം ഒരു കുടക്കീഴിൽ വരണം. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ വിദ്വേഷകുറ്റകൃത്യങ്ങൾക്കെതിരെ നിയമം കൊണ്ടുവരുമെന്നും രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു.