ഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഹരിയാനയിൽനിന്ന് ബിഹാറിലേക്ക് നാല് പ്രത്യേക ട്രെയിനുകളിലായി ഏകദേശം 6000 പേരെത്തിയെന്ന ഗുരുതര ആരോപണവുമായി എംപിമാരായ കപിൽ സിബലും എ.ഡി. സിങ്ങും രംഗത്ത്. നവംബർ മൂന്നിന് ഓടിയ ഈ ട്രെയിനുകൾക്ക് ബിജെപിയാണ് പണം നൽകിയതെന്നും, യാത്രക്കാരിൽ പലർക്കും വ്യാജ തിരഞ്ഞെടുപ്പ് കാർഡുകളുണ്ടായിരുന്നു എന്നും ഇവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.

അശ്വിനി വൈഷ്ണവ് റെയിൽവേ മന്ത്രി എന്ന നിലയിൽ ഇത് സംബന്ധിച്ച് വിശദീകരണം നൽകണമെന്നും, തിരഞ്ഞെടുപ്പ് കമ്മിഷൻ വിഷയത്തിൽ ഇടപെടാത്തത് എന്തുകൊണ്ടാണെന്നും കപിൽ സിബൽ ചോദ്യമുന്നയിച്ചു. നവംബർ മൂന്നിന് രാവിലെ 10ന് കർണാലിൽനിന്ന് പാനിപ്പത്ത് വഴി ബറൗണിയിലേക്ക് 1500 യാത്രക്കാരുമായി ഒരു ട്രെയിൻ പുറപ്പെട്ടതായും, 11ന് കർണാലിൽനിന്ന് പട്‌ന വഴി ബാഗൽപുരിലേക്ക് 1500 പേരുമായി മറ്റൊരു ട്രെയിൻ പോയതായും അദ്ദേഹം പറഞ്ഞു. വൈകുന്നേരം നാലിന് ഗുഡ്ഗാവിൽനിന്ന് പുറപ്പെട്ട മൂന്നാമത്തെ ട്രെയിനും പട്‌ന വഴി ബാഗൽപുരിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ഈ ആരോപണങ്ങൾ റെയിൽവേ നിഷേധിച്ചു. ഏതെങ്കിലും സ്റ്റേഷനിൽ അപ്രതീക്ഷിതമായി തിരക്ക് വർധിക്കുമ്പോൾ ഷെഡ്യൂൾ ചെയ്യാത്ത പ്രത്യേക ട്രെയിനുകൾ സാധാരണയായി ഓടിക്കാറുണ്ട് എന്ന് റെയിൽവേ വിശദീകരിച്ചു. ഉത്സവ സീസണുമായി ബന്ധപ്പെട്ട് ഇതിനോടകം 12,000 പ്രത്യേക ട്രെയിനുകളാണ് ഓടിക്കുന്നതെന്നും, ഇതിൽ 10,700 എണ്ണം ഷെഡ്യൂൾ ചെയ്തതും 2000 എണ്ണം അപ്രതീക്ഷിത സാഹചര്യങ്ങളിൽ അയച്ചതുമാണെന്നും റെയിൽവേ അറിയിച്ചു.