കൊല്‍ക്കത്ത: ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ ബലാല്‍സംഗത്തിന് ഇരയായി വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം തീര്‍ക്കാന്‍ നിശ്്ചയിച്ച ചര്‍ച്ച മുടങ്ങിയതോടെ നാടകീയ പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. ജന താല്‍പര്യം മുന്‍നിര്‍ത്തി താന്‍ രാജി വയ്ക്കാന്‍ തയ്യാറാണെന്നും തനിക്ക് മുഖ്യമന്ത്രി പദവി ആവശ്യമില്ലെന്നും മമത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'സാധാരണക്കാര്‍ക്ക് ചികിത്സ ലഭിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. യോഗത്തിനായി രണ്ടു മണിക്കൂര്‍ കാത്തിരുത്തിയെങ്കിലും ഞാന്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കില്ല. അവര്‍ ചെറുപ്പക്കാരായതിനാല്‍ ക്ഷമിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്''മമത പറഞ്ഞു. സര്‍ക്കാര്‍ ഏതുസമയത്തും ചര്‍ച്ചയ്ക്ക് തയ്യാറാണ്. സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചിലര്‍ സര്‍ക്കാരിനെ താറടിച്ചുകാട്ടുകയാണെന്നും സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാര്‍ വിരുദ്ധ സന്ദേശങ്ങള്‍ പെരുകുകയും തങ്ങള്‍ അപമാനിക്കപ്പെടുകയുമാണെന്ന് മമത പറഞ്ഞു. ഇതിന് രാഷ്ട്രീയ നിറമുണ്ടെന്ന് സാധാരണക്കാര്‍ക്ക് അറിയില്ല. നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് നീതിയല്ല, അവര്‍ക്ക് കസേരയാണ് വേണ്ടത്, മുഖ്യമന്ത്രി പറഞ്ഞു.

ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിനിധി സംഘത്തെ രണ്ടുമണിക്കൂറോളം കാത്തിരുന്ന ശേഷമാണ് മമത വാര്‍ത്താ സമ്മേളനം നടത്തിയത്. വൈകിട്ട് അഞ്ചുമണിയോട് ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ സെക്രട്ടേറിയറ്റ് ഗേറ്റിന് മുന്നില്‍ എത്തിയെങ്കിലും തങ്ങളുടെ ഒരു ആവശ്യം- ചര്‍ച്ചയുടെ തല്‍സമയ സംപ്രേഷണം- സര്‍ക്കാര്‍ അംഗീകരിക്കാത്തിരുന്നതോടെ, ഉള്ളില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ചു. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉളള വിഷയമായതിനാല്‍ തല്‍സമയ സംപ്രേഷണം സാധ്യമല്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

ആദ്യം നിശ്ചയിച്ച 15 അംഗ പ്രതിനിധി സംഘത്തിന് പകരം 33 പേരായി അംഗസംഖ്യ ഉയര്‍ത്താനും പിന്നീട് ഒരു അംഗത്തെ കൂടി അധികമായി ചേര്‍ക്കാനും സര്‍ക്കാര്‍ സമ്മതിച്ചു. എന്നാല്‍, തല്‍സമയ സംപ്രേഷണത്തിന് പകരം യോഗ നടപടികള്‍ റെക്കോഡ് ചെയ്യാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ജൂനിയര്‍ ഡോക്ടര്‍മാര്‍ വഴങ്ങാതിരുന്നതോടെ, ചര്‍ച്ച മുടങ്ങി.


പ്രതിനിധി സംഘത്തിലെ പലര്‍ക്കും ചര്‍ച്ചയ്ക്ക് താല്‍പര്യമുണ്ടെങ്കിലും, മൂന്നോ നാലോ പേര്‍ പുറത്തു നിന്ന് ചര്‍ച്ചയ്ക്ക് പോകരുതെന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണെന്നും മമത ആരോപിച്ചിരുന്നു. ബംഗാളി ജനതയുടെ വികാരങ്ങളോട് താന്‍ മാപ്പുപറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ദൗര്‍ഭാഗ്യകരമാണെന്നും ചര്‍ച്ചകള്‍ നടക്കണമെന്നും ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ പറഞ്ഞു.

'സമാന സാഹചര്യത്തില്‍ യുപി സര്‍ക്കാര്‍ എസ്്മ പ്രയോഗിച്ചു. പക്ഷേ ഞാന്‍ അതുചെയ്യില്ല. ഞാന്‍ അടിയന്തരാവസ്ഥയെ പിന്തുണയ്ക്കുന്ന ആളല്ല', മമത പറഞ്ഞു. ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണെന്നും ഡോക്ടര്‍മാര്‍ ജോലിയിലേക്ക് മടങ്ങണമെന്നുമായിരുന്നു മമതയുടെ അഭ്യര്‍ഥന. ഹൃദ്രോഗികളും. ഗര്‍ഭിണികളും ഒക്കെ കഷ്ടപ്പെടുകയാണെന്നും അവരുടെ കുടുംബങ്ങള്‍ക്ക് ഉത്തരം വേണമെങ്കില്‍ തങ്ങള്‍ അതിന് തയ്യാറാണെന്നും അവര്‍ പറഞ്ഞു. സമരം മൂലം 27 പേര്‍ മരിച്ചെന്ന സര്‍ക്കാര്‍ ആരോപണം ഡോക്ടര്‍മാര്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്.

കൊല്‍ക്കത്ത പൊലീസ് മേധാവി, ആരോഗ്യ വകുപ്പിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ രാജികള്‍ അടക്കമുള്ള നിരവധി ആവശ്യങ്ങളാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നത്. ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുയാണെന്നും അവര്‍ ആരോപിക്കുന്നു