കൊൽക്കത്ത: പശ്ചിമബംഗാളിൽ വന്ദേഭാരത് എക്സ്‌പ്രസിന് നേരെ കല്ലേറുണ്ടായ സംഭവം ആസൂത്രിതമെന്ന ആരോപണവുമായി ബിജെപി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിന്റെ പിറ്റേദിവസം തന്നെ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായതാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്. രണ്ടുതവണയാണ് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഒരുതവണ ബിഹാറിലും മറ്റൊരു സംഭവം ബംഗാളിലുമാണെന്ന് ഈസ്റ്റേൺ റെയിൽവേയുടെ അന്വേഷണത്തിൽ വ്യക്തമാകുകയും ചെയ്തു. അമ്മയുടെ നിര്യാണത്തിനിടെയായിരുന്നു പ്രധാനമന്ത്രി വന്ദേഭാരത് ട്രെയിൻ ബംഗാളിൽ ഉദ്ഘാടനം ചെയ്തത്.

പഴയ ചിത്രങ്ങളടക്കം പങ്കുവച്ചാണ് സുകന്ദ മജുംദാർ ബംഗാൾ സർക്കാറിനെതിരെ ആരോപണമുന്നയിച്ചത്. എന്നാൽ, ബംഗാളിനെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസും ബംഗാൾ സർക്കാറും തിരിച്ചടിച്ചു. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ബംഗാൾ സർക്കാറിനെ അപകീർത്തിപ്പെടുത്തുകയാണ് ടിവി ചാനലുകൾ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു.

വ്യാജവാർത്തകൾ നൽകിയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചും ബംഗാളിനെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന് മമതാ ബാനർജി പറഞ്ഞു. ബംഗാളിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് നടന്നിട്ടില്ല. സംഭവിച്ചത് ബിഹാറിലാണ്. ബിഹാറിലെ ജനങ്ങൾക്ക് പരാതിയുണ്ടാകാം. അവർക്ക് പരാതിയുണ്ടെങ്കിൽ, അവർ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ, അത് നിയമവിരുദ്ധമാണെങ്കിൽ പോലും നിങ്ങൾക്ക് ബിഹാറിനെ അപമാനിക്കാൻ കഴിയില്ല. സേവനങ്ങൾ ലഭിക്കാൻ അവർക്കും അവകാശമുണ്ടെന്നും മമത പറഞ്ഞു.

വന്ദേഭാരത് എക്സ്‌പ്രസിന് നേരെ കല്ലെറിഞ്ഞത് നാല് പേരെന്നാണ് റിപ്പോർട്ട്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പശ്ചിമബംഗാളിൽ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട ഹൗറ-ന്യൂ ജാൽപായ്ഗുരി വന്ദേഭാരത് എക്സ്‌പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ജനുവരി മൂന്നിന് നടന്ന കല്ലേറിൽ ട്രെയിനിന്റെ മൂന്ന് ചില്ലുകൾ തകർന്നിരുന്നു.

കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രായപൂർത്തിയാകാത്തവർ കിഷൻഗഞ്ചിൽ നിന്ന് പിടിയിലായിട്ടുണ്ട്. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുമ്പാകെ ഹാജരാക്കി. ട്രെയിനിലെ കാമറകൾ കല്ലെറിയുന്ന ദൃശ്യം പകർത്തിയിട്ടുണ്ട്. വടക്ക്-കിഴക്കൻ റെയിൽവേയും പശ്ചിമബംഗാൾ റെയിൽവേ പൊലീസും കേസിൽ അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് സംഭവത്തിന് പിന്നിൽ നാല് പേരാണെന്ന വിവരം പുറത്ത് വന്നത്.

ട്രെയിനിന്റെ മുന്നിലെ രണ്ട് ലൈറ്റുകൾക്ക് സമീപവും എല്ലാ ഡോറുകൾക്കടുത്തും സി.സി.ടി.വി കാമറകളുണ്ട്. ഈ ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനും മുമ്പും സമാനമായ രീതിയിൽ ട്രെയിനുകൾക്ക് നേരെ കല്ലെറുണ്ടായിരുന്നു. എന്നാൽ പലപ്പോഴും പ്രതികളെ പിടിക്കാൻ റെയിൽവേക്ക് സാധിച്ചിരുന്നില്ല.