- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
80 ശതമാനം ഇന്ത്യക്കാർ മോദിക്ക് അനുകൂലമായി ചിന്തിക്കുന്നെന്ന് സർവേ; ഇന്ത്യ കൂടുതൽ സ്വാധീന ശക്തിയായി വളർന്നുവെന്ന് പത്തിൽ ഏഴ് ശതമാനം പേരും വിശ്വസിക്കുന്നു; മോദിയുടെ ജനപ്രീതിക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നതിന്റെ തെളിവെന്ന് ബിജെപി; ഇന്ത്യാ മുന്നണി കരുത്തു കാട്ടുമ്പോൾ ബിജെപിക്ക് കൂസലില്ലാതിരിക്കാൻ മറ്റൊരു കാരണം കൂടി
വാഷിങ്ടൺ: ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ കരുനീക്കങ്ങൾ ശക്തമാകുമ്പോൾ ബിജെപിക്ക് ആശ്വസിക്കാൻ വകനൽകി ആഗോള സർവേ ഫലം. ഇന്ത്യക്കാരിൽ 80 ശതമാനം പേരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി ചിന്തിക്കുന്നുവെന്ന് വ്യക്തമാക്കുന്ന സർവേ റിപ്പോർട്ടാണ് പുറത്തുവന്നത്. പ്യൂ റിസേർച്ച് സെന്റർ പുറത്തുവിട്ട സർവേയിലാണ് ഇക്കാര്യമുള്ളത്.
അടുത്ത കാലത്തായി ഇന്ത്യ കൂടുതൽ സ്വാധീനശക്തിയായി വളർന്നുവെന്ന് പത്തിൽ ഏഴ് ഇന്ത്യക്കാർ വിശ്വസിക്കുന്നുവെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. ഈ സർവേ പൊതുരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബിജെപിക്ക് ഏറെ കരുത്തു പകരുന്നതാണ്. ജി- 20 ഉച്ചകോടിക്ക് മുന്നോടിയായാണ് പ്യൂ റിസേർച്ച് സെന്റർ റിപ്പോർട്ട് പുറത്തുവിട്ടത്. സർവേയിൽ പങ്കെടുത്ത 46 ശതമാനംപേർ ആഗോളതലത്തിൽ ഇന്ത്യയ്ക്ക് അനുകൂലമായി ചിന്തിക്കുമ്പോൾ 34 ശതമാനം പേർ എതിരായി ചിന്തിക്കുന്നു. 16 ശതമാനംപേർ പ്രതികരിക്കാൻ തയ്യാറായില്ല. ഏറ്റവും കൂടുതൽ ഇന്ത്യയ്ക്ക് അനുകൂലമായ പ്രതികരണം ഉണ്ടായത് ഇസ്രയേലിൽനിന്നാണ്- 71 ശതമാനം.
ഫെബ്രുവരി 20 മുതൽ മെയ് 22 വരെയുള്ള കാലത്താണ് സർവേ നടത്തിയത്. ഇന്ത്യയിൽനിന്ന് 2,611 പേരടക്കം 24 രാജ്യങ്ങളിൽനിന്നായി 30,861 പേർ സർവേയിൽ പങ്കാളികളായി. സർവേയിൽ പങ്കെടുത്ത പത്തിൽ എട്ടുപേർ പ്രധാനമന്ത്രി മോദിക്ക് അനുകൂലമായി ചിന്തിക്കുമ്പോൾ, ഇതിൽ 55% പേർ അദ്ദേഹത്തെ വളരേയധികം പിന്തുണയ്ക്കുന്നു. അഞ്ചിൽ ഒരാൾ മാത്രമാണ് മോദിക്കെതിരായി അഭിപ്രായം രേഖപ്പെടുത്തിയത്.
സർവേയിൽ പങ്കെടുത്ത 49 ശതമാനം ഇന്ത്യക്കാർ അമേരിക്കയുടെ സ്വാധീനം വർധിക്കുന്നതായി രേഖപ്പെടുത്തി. 41 ശതമാനം പേർ റഷ്യയുടെ സ്വാധീനം വർധിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് സർവേയോട് ബിജെപി. പ്രതികരിച്ചു. ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനം വർധിച്ചുവരുന്നതായി ഇന്ത്യയിലേയും ലോകത്തേയും ഭൂരിപക്ഷം കരുതുന്നതായി എക്സ് (ട്വിറ്റർ) പോസ്റ്റിൽ അവർ അവകാശപ്പെട്ടു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹോളിവുഡ് ചിത്രമായ ടെർമിനേറ്ററിലെ കഥാപാത്രമാക്കി ബിജെപിയുടെ പോസ്റ്റർ അടക്കം സൈബറിടങ്ങലിൽ പുറത്തുവന്നിട്ടുണ്ട്. എക്‌സിലെ (ട്വിറ്റർ) തങ്ങളുടെ ഔദ്യോഗിക പേജിലൂടെയാണ് ബിജെപി പോസ്റ്റർ പങ്കുവെച്ചത്. പ്രശസ്ത ഹോളിവുഡ് താരം ആർനോൾഡ് ഷ്വാർസെനഗർ അവതരിപ്പിച്ച ടെർമിനേറ്ററിന്റെ രൂപത്തിലുള്ള മോദിയുടെ ചിത്രത്തോടൊപ്പം '2024! ഞാൻ തിരിച്ചുവരും' എന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്.
വരുന്ന 26ന് വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ യോഗം നടക്കാനിരിക്കെയാണ് മോദിയെ പുകഴ്‌ത്തിയുള്ള ബിജെപിയുടെ പോസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോൽപ്പിക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. സ്വപ്നം കണ്ടോളൂ. വിജയം 'ടെർമിനേറ്ററി'നുള്ളതാണ് എന്ന തലക്കെട്ടോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം പോസ്റ്ററിനെ പരിഹസിച്ച് കോൺഗ്രസിന്റെ കേരള ഘടകം രംഗത്തെത്തി. 'ഹേയ് ബിജെപി ഐ.ടി സെൽ, മനുഷ്യന്റെ രൂപത്തിലെത്തിയ ഒരു യന്ത്രക്കൊലയാളിയാണ് മോദിയെന്ന് നിങ്ങളും അംഗീകരിച്ചോ?' എന്നായിരുന്നു കോൺഗ്രസിന്റെ ട്വീറ്റ്. ടെർമിനേറ്റർ എന്ന പേര് മോദിക്ക് ഏത് വിധേനയും യോജിച്ചതാണ് എന്നാണ് എക്‌സിൽ ചിലരുടെ പരിഹാസം. ടെർമിനേറ്റർ ആരാണെന്നോ എന്താണെന്നോ പോലും അറിവില്ലാത്തവരാണ് പോസ്റ്റർ നിർമ്മിച്ചിരിക്കുന്നതെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടുന്നു.




