- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടമെടുപ്പ് പരിധി വിഷയത്തിലെ കേന്ദ്രവുമായുള്ള ചർച്ച പരാജയം
ന്യൂഡൽഹി: കടമെടുപ്പ് പരിധിയിൽ ഇളവ് തേടി സുപ്രീംകോടതി നിർദ്ദേശപ്രകാരം നടത്തിയ ചർച്ച പരാജയമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളം ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല. കടമെടുപ്പ് പരിധി കുറച്ചതിനെതിരെ കേരളം കേസ് കൊടുത്തതിൽ കേന്ദ്രം അതൃപ്തിയിലാണെന്നാണ് ചർച്ചയിൽ പങ്കെടുത്തതിൽ നിന്നും വ്യക്തമായത്. കേരളം സുപ്രീം കോടതിയിൽ കേസ് നൽകിയത് ചർച്ചയിൽ ധനവകുപ്പ് ഉദ്യോഗസ്ഥർ പലതവണ ചൂണ്ടിക്കാട്ടി. കേസ് സുപ്രീം കോടതിയിൽ നിൽക്കുകയാണ്.
കേസ് കൊടുത്തതിൽ കേന്ദ്രത്തിന് ഈഗോ പ്രശ്നം ഉണ്ടാകേണ്ട കാര്യമില്ല. കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഇനി എന്ത് നിലപാട് അറിയിക്കുമെന്നത് അറിയാനായി കാത്തിരിക്കുകയാണെന്നും ധനമന്ത്രി പ്രതികരിച്ചു. ചർച്ച നേട്ടമായില്ല. കോടതിയിൽ കേസ് നിൽക്കുമ്പോൾ എങ്ങനെ ചർച്ച ചെയ്യും, തീരുമാനമെടുക്കുമെന്ന നിലപാടാണ് കേന്ദ്ര ഉദ്യോഗസ്ഥർ ചർച്ചയിലുടനീളം സ്വീകരിച്ചത്. കേസ് പിൻവലിക്കണമെന്ന് നേരിട്ട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, കേരളം സുപ്രീം കോടതിയിൽ കേസ് നൽകിയത് ചർച്ചയിൽ കേന്ദ്ര ധനവകുപ്പ് ഉദ്യോഗസ്ഥർ പലതവണ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ധനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് കേന്ദ്ര ധനമന്ത്രാലയ ഉദ്യോഗസ്ഥരുമായി ഡൽഹിയിൽ ചർച്ച നടത്തിയത്. ചർച്ചയിൽ ധന മന്ത്രി നിർമല സീതാരാമൻ പങ്കെടുത്തില്ല. ധനകാര്യ സെക്രട്ടറി, സോളിസിറ്റർ ജനറൽ ഉൾപ്പെടെയുള്ളവർ ചർച്ചയിൽ കേന്ദ്രത്തിനായി പങ്കെടുത്തു. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് വിഷയത്തിൽ ഇരു വിഭാഗവും ചർച്ച നടത്തിയത്. ചർച്ചയുടെ പുരോഗതി കേന്ദ്രവും കേരളവും തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിക്കും.
ഡൽഹിയിലെ മുഖ്യമന്ത്രി നേതൃത്വം നൽകിയ സമരത്തിന് പിന്നാലെ, നിയമപോരാട്ടത്തിൽ, ചർച്ചയ്ക്ക് വഴിയൊരുങ്ങിയത് അപ്രതീക്ഷിതമായിട്ടാണ്. നേരത്തെ കേന്ദ്ര അവഗണനയ്ക്ക് എതിരെ കർണാടകവും ഡൽഹിയിൽ സമരം നടത്തിയിരുന്നു. അതുകൊണ്ട് കൂടുതൽ സംസ്ഥാനങ്ങൾ സമരപാതയിലേക്ക് വരുമോയെന്ന ആശങ്ക കേന്ദ്രസർക്കാരിനുണ്ട്.
സാമ്പത്തിക തർക്കത്തിൽ, ചർച്ച എന്ന പരിഹാര നിർദ്ദേശം കേന്ദ്രസർക്കാർ പ്രതീക്ഷിച്ചിരുന്നില്ല. കോടതി മുന്നോട്ടുവച്ച നിർദ്ദേശം പാലിക്കുകയല്ലാതെ നിവൃത്തിയുമില്ല. നയപരമായ വിഷയത്തിൽ കോടതി ഇടപെടില്ലെന്ന പ്രതീക്ഷ അസ്ഥാനത്തായി. എന്നാൽ, കോടതി സമവായത്തിന്റെ പാതയാണ് നിർദ്ദേശിച്ചത്. ഒരു സംസ്ഥാനത്തിന് മാത്രമായി ഇളവ് അനുവദിച്ചാൽ, മറ്റു സംസ്ഥാനങ്ങളും നിയമപോരാട്ടത്തിന് ഇറങ്ങുമോ എന്നും കേന്ദ്രത്തിന് ആശങ്കയുണ്ട്.
സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചത് അടക്കമുള്ള കേന്ദ്ര തീരുമാനങ്ങൾക്കെതിരെയാണ് കേരള സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമായി അടിയന്തിരമായി കടമെടുക്കാനുള്ള അനുവാദവും കേരളം തേടിയിട്ടുണ്ട്. കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയമായതിനാലാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ഹർജി തള്ളണമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വാദം. എ ജി ഇക്കാര്യത്തിൽ വിശദമായ കുറിപ്പും ധനകാര്യ മന്ത്രാലയം സത്യവാങ്മൂലവും സമർപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ സത്യവാങ്മൂലത്തിന് മറുപടി സമർപ്പിക്കാൻ മൂന്നാഴ്ചത്തെ സമയവും കേന്ദ്രം തേടിയിട്ടുണ്ട്.
കേരളത്തിന് ഇനിയും കടമെടുക്കാൻ അനുമതി നൽകുന്നത് സാമ്പത്തിക ചട്ടക്കൂടിനെ ദോഷകരമായി ബാധിക്കും. സംസ്ഥാനങ്ങളുടെ മോശം സാമ്പത്തിക മാനേജ്മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാകും. കടമെടുപ്പിന് അനുമതി നൽകുന്നത് ദീർഘകാല അടിസ്ഥാനത്തിൽ നല്ലതല്ല. വായ്പാച്ചെലവ് കൂട്ടുകയും സാമ്പത്തികപ്രതിസന്ധിയിലേക്കു നയിക്കുകയും ചെയ്യും. ഭരണഘടനാ വ്യവസ്ഥകൾ ഉപയോഗിച്ചു കേരളത്തിന്റെ കടമെടുപ്പു തോത് കേന്ദ്രം നിയന്ത്രിച്ചില്ലായിരുന്നെങ്കിൽ കേരളം ഇതിലും വലിയ പ്രതിസന്ധിയിലാകുമായിരുന്നുവെന്നും മറുപടിയിൽ പറയുന്നു.
ഏതു സർക്കാർ സ്ഥാപനം എടുക്കുന്ന വായ്പയും സംസ്ഥാനകടമായി കേന്ദ്രം പരിഗണിക്കുന്നുവെന്ന കേരളത്തിന്റെ വാദവും സത്യവാങ്മൂലത്തിൽ തള്ളി. കെഎസ്ആർടിസി, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്ക് എടുക്കുന്ന വായ്പകൾക്ക് എതിരല്ലെന്നും കേന്ദ്രം അറിയിച്ചു.