'രാമന് ജീവിച്ചിരുന്നു എന്നതിന് ചരിത്രപരമായ തെളിവുകളൊന്നുമില്ല'; ഡിഎംകെ മന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ബിജെപി
- Share
- Tweet
- Telegram
- LinkedIniiiii
ചെന്നൈ: ഹിന്ദു ദൈവം ശ്രീരാമനക്കുറിച്ചുള്ള തമിഴ്നാട് മന്ത്രിയും ഡി.എം.കെ. നേതാവുമായ എസ്.എസ്. ശിവശങ്കറിന്റെ പരമാര്‍ശത്തില്‍ വിമര്‍ശനവുമായി ബിജെപി. രാമന് ജീവിച്ചിരുന്നു എന്നതിന് ചരിത്രപരമായ തെളിവുകളൊന്നുമില്ലെന്ന പരാമര്‍ശത്തിനെതിരെയാണ് തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ വിമര്‍ശനവുമായി രംഗത്തെത്തിയത്. ചോളരാജവംശത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ശിവശങ്കറിന്റെ പരാമര്‍ശം.
ചോളരാജവംശത്തിലെ രാജേന്ദ്ര ചോളന്റെ ജന്മവാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. അരിയല്ലൂര്‍ ജില്ലയിലെ ഗംഗൈകൊണ്ട ചോളപുരത്തായിരുന്നു പരിപാടി. രാജേന്ദ്രചോളന്റെ പൈതൃകം ആഘോഷിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് ഒട്ടും പ്രാധാന്യമില്ലാത്ത പലരേയും കൊണ്ടാടേണ്ടിവരുമെന്നായിരുന്നു മന്ത്രി പറഞ്ഞത്.
'രാജേന്ദ്ര ചോളന്റെ പൈതൃകം എല്ലാവര്‍ഷവും ആഘോഷിക്കണം. അത് ആഘോഷിക്കാതിരുന്നാല്‍, അപ്രസക്തരായ ചിലരെ നമുക്ക് ആഘോഷിക്കേണ്ടിവരും. പ്രധാനമന്ത്രി മോദി അയോധ്യയില്‍ രാമനുവേണ്ടി ക്ഷേത്രം പണിതതായി അരിയല്ലൂര്‍ എം.എല്‍.എ ചിന്നപ്പ ഇവിടെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. 3000 വര്‍ഷം മുമ്പുണ്ടായിരുന്ന അവതാരമാണ് രാമനെന്ന് ചിന്നപ്പ പറഞ്ഞു. അത് ശരിയല്ല, അങ്ങനെയൊരു ചരിത്രമില്ല. രാജേന്ദ്ര ചോളന്റെ പൈതൃകത്തെ ഓര്‍മിപ്പിക്കാന്‍ അമ്പലങ്ങളുണ്ട്, അദ്ദേഹം നിര്‍മിച്ച കുളങ്ങളുണ്ട്, ലിഖിതങ്ങളുണ്ട്, അദ്ദേഹത്തിന്റെ പ്രതിമകളുണ്ട്. ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കൊണ്ടാടുന്നത്. എന്നാല്‍, രാമന് ജീവിച്ചിരുന്നുവെന്നതിന് തെളിവില്ല. അവതാരം എന്നാണ് വിളിക്കുന്നത്, അവതാരങ്ങള്‍ക്ക് ജനനമില്ല. അവരെ ദൈവങ്ങളായാണ് കൊണ്ടാടുന്നത്. അവര്‍ നമ്മുടെ ചരിത്രത്തെ മായ്ച്ചുകളഞ്ഞ്, അവരുടെ ചരിത്രത്തിന് പ്രാമുഖ്യംകൊടുക്കാനാണ് ശ്രമിക്കുന്നത്', എന്നായിരുന്നു ശിവശങ്കറിന്റെ വാക്കുകള്‍.
വീഡിയോ പങ്കുവെച്ച് വിമര്‍ശനവുമായി ബി.ജെ.പി. തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ രംഗത്തെത്തി. ചോളവംശത്തിന്റെ ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുന്നതിനെ എതിര്ത്തവരല്ലേ ഡി.എം.കെയെന്ന് അണ്ണാമലൈ ചോദിച്ചു. 1967-ല്‍ മാത്രമാണ് സംസ്ഥാനം ഉണ്ടായതെന്ന് കരുതുന്ന ഡി.എം.കെയ്ക്ക് പെട്ടെന്ന് രാജ്യത്തിന്റെ ശ്രേഷ്ഠമായ സംസ്കാരത്തോട് ആഭിമുഖ്യം തോന്നുന്നത് പരിഹാസ്യമാണ്.
മന്ത്രിമാരായ രഘുപതിയും ശിവശങ്കറും ഒന്നിച്ചിരുന്ന് രാമന്റെ കാര്യത്തില്‍ ഒരു തീര്‍പ്പിലെത്തണമെന്നും അണ്ണാമലൈ പരിഹസിച്ചു. സാമൂഹികനീതിയുടെ സംരക്ഷകനായ രാമന് ദ്രാവിഡ മോഡലിന്റെ ആദ്യകാല വക്താക്കളില്‍ ഒരാളായിരുന്നുവെന്ന് എം.കെ. സ്റ്റാലിന് മന്ത്രിസഭയിലെ അംഗമായ എസ്. രഘുപതി അവകാശപ്പെട്ടിരുന്നു.