ചെന്നൈ: തമിഴ്‌നാട് മന്ത്രിസഭയില്‍ അഴിച്ചുപണി. വിവാദങ്ങളില്‍ പെട്ട മന്ത്രി സെന്തില്‍ ബാലാജിയും കെ പൊന്‍മുടിയും മന്ത്രിസഭയില്‍ നിന്നും പുറത്തായി. സുപ്രീം കോടതിയുടെ അന്ത്യശാസനത്തിന പിന്നാലെയാണ് ബാലാജിയെ ഒഴിവാക്കിയിരിക്കുന്നത്. രാജി വെച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്ന് കോടതി അന്ത്യശാസനം നല്‍കിയിരുന്നു. നാളെ ഉച്ചക്കാണ് സുപ്രീം കോടതി കേസ് പരിഗണിക്കുന്നത്. കെ പൊന്‍മുടിക്ക് വിനയായത് ഹൈന്ദവ വിഭാഗങ്ങളെക്കുറിച്ചുള്ള അശ്ലീല പരാമര്‍ശമായിരുന്നു.

കോടതി കടുപ്പിച്ചതോടെയാണ് വിശ്വസ്തരെ കൈവിടാന്‍ സ്റ്റാലിന്‍ നിര്‍ബന്ധിതനായിരിക്കുന്നത്. അഴിമതി ആരോപണത്തില്‍ കുടുങ്ങിയ സെന്തില്‍ ബാലാജിയുടെ പടിയിറക്കം ഏറെ വിവാദങ്ങള്‍ക്കിടെയാണ്. അതേസമയം കന്യാകുമാരി സംസ്ഥാനത്തു നിന്നുള്ള പദ്മനാഭപുരം എംഎല്‍എ മനോ തങ്കരാജ് വീണ്ടും മന്ത്രിയാകും. സത്യപ്രതിജ്ഞ നാളെ വൈകിട്ട് രാജ്ഭവനില്‍ വെച്ച് നടത്തും.

മന്ത്രിസ്ഥാനം രാജിവച്ചില്ലെങ്കില്‍ കള്ളപ്പണക്കേസിലെ ജാമ്യം റദ്ദാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയതോടെയാണ് തമിഴ്‌നാട് രാഷ്ട്രീയത്തിലെ കരുത്തനായ സെന്തില്‍ ബാലാജിയുടെ മന്ത്രിപദവി തുലാസിലായത്. മന്ത്രി സ്ഥാനം വേണോ സ്വാതന്ത്ര്യം വേണോ എന്ന് തിങ്കളാഴ്ച അറിയിക്കണമെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.

മന്ത്രി അല്ലെന്നും സാക്ഷികളെ സ്വാധീനിക്കില്ലെന്നും കോടതിയില്‍ അറിയിച്ച് ജാമ്യം നേടിയതിനു പിന്നാലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നാണ് കോടതി നിരീക്ഷണം. കേസ് തമിഴ്‌നാടിന് പുറത്തേക്ക് മാറ്റാമെന്ന് ബാലാജിയുടെ അഭിഭാഷകന്‍ ആയ കപില്‍ സിബല്‍ നിര്‍ദേശിച്ചെങ്കിലും കോടതി വഴങ്ങിയിരുന്നില്ല.