ചെന്നൈ: കേരള മോഡൽ കരുനീക്കവുമായി തമിഴ്‌നാട് ഗവർണർ ആർ എൻ രവി. നിയമസഭ പാസ്സാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചു കൊണ്ടാണ് ഗവർണർ വീണ്ടും തമിഴ്‌നാട് സർക്കാറിന് ചെക്ക് പറഞ്ഞത്. നവംബർ 18 ന് നിയമസഭ ചേർന്ന് വീണ്ടും പാസ്സാക്കിയ 10 ബില്ലുകളാണ് ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത്. ബില്ലുകൾക്ക് അംഗീകാരം നൽകാത്ത ഗവർണറുടെ നടപടിക്കെതിരെ ഡിഎംകെ സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ആർ എൻ രവിയുടെ നീക്കം.

അതേസമയം, ബിൽ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടിയെ വിമർശിച്ച് സംസ്ഥാന നിയമ മന്ത്രി രംഗത്തെത്തി. ഗവർണറുടെ നടപടി വൈകിപ്പിക്കൽ തന്ത്രമെന്ന് മന്ത്രി എസ്. രഘുപതി കുറ്റപ്പെടുത്തി. നവംബർ 20ന് തമിഴ്‌നാട് സർക്കാറിന്റെ ഹരജി പരിഗണിച്ച സുപ്രീംകോടതി നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി നൽകാൻ വൈകിപ്പിക്കുന്ന ഗവർണർ ആർ.എൻ. രവിയുടെ നടപടിക്കെതിരെ രൂക്ഷവിമർശനമാണ് നടത്തിയത്. 2020 മുതൽ ബില്ലുകൾ കെട്ടിക്കിടക്കുന്നുവെന്നും മൂന്നു വർഷമായി എന്ത് ചെയ്യുകയായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചത്.

സമർപ്പിക്കപ്പെട്ട 181 ബില്ലുകളിൽ 162 എണ്ണത്തിന് ഗവർണർ അനുമതി നൽകിയതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ആർട്ടിക്ൾ 200 പ്രകാരം ഏത് സംസ്ഥാനത്തിന്റെ ഗവർണർമാർക്ക് ബില്ലുകൾക്ക് അനുമതി നൽകാം, ബില്ലുകൾ തടഞ്ഞുവെക്കാം, രാഷ്ട്രപതിക്ക് കൈമാറാം എന്നീ മൂന്നു നടപടികൾ സ്വീകരിക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഒരു കാരണവും പറയാതെയാണ് ഗവർണർ ബില്ലുകൾ മടക്കി അയച്ചതെന്നും ഭരണഘടന മൂല്യങ്ങൾ ലംഘിക്കുകയാണെന്നും തമിഴ്‌നാട് സർക്കാർ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തമിഴ്‌നാട്ടിൽ ആർ.എൻ. രവി ഗവർണർ പദവിയിലിരുന്ന് സംസ്ഥാന സർക്കാറുമായി ഏറ്റുമുട്ടുന്നതിനിടെയാണ് പോരാട്ടം സുപ്രീംകോടതിയിലേക്ക് നീണ്ടത്. ഗവർണർ ആർ.എൻ. രവി തിരിച്ചയച്ചതിന് പിന്നാലെ തമിഴ്‌നാട് നിയമസഭ പ്രത്യേക സമ്മേളനം ചേർന്ന് 10 ബില്ലുകൾ വീണ്ടും പാസാക്കി ഗവർണറുടെ അനുമതിക്കായി അയക്കുകയായിരുന്നു.

12 ബില്ലുകളിലാണ് ഗവർണർ ഒപ്പിടാനുള്ളത്. ഇതിൽ നാല് ഔദ്യോഗിക ഉത്തരവുകളും 54 തടവുകാരുടെ നേരത്തെയുള്ള മോചനം സംബന്ധിച്ച ഫയലും ഉൾപ്പെടും. അതേസമയം നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനം അനന്തമായി വൈകിപ്പിച്ച ഗവർണർക്ക് എതിരായ നിയമപോരാട്ടം കേരളം കടുപ്പിച്ചേക്കുമെന്നും സൂചനകളുണ്ട്. പിടിച്ചുവച്ചിരുന്ന ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി കേരളം സുപ്രീംക്കോടതിയിൽ ചോദ്യംചെയ്‌തേക്കും. മുഖ്യമന്ത്രി അടക്കമുള്ള ഭരണനേതൃത്വത്തിന്റെ അനുമതി ലഭിച്ചാലുടൻ സംസ്ഥാനം ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കും.

രാഷ്ട്രപതിക്ക് അയച്ച രണ്ട് സർവ്വകലാശാല നിയമഭേദഗതി ബില്ലുകളും ലോകായുക്ത ഭേദഗതി ബില്ലും നേരത്തെ ഓർഡിനനൻസായി പുറപ്പെടിവിച്ചപ്പോൾ ഗവർണർ അനുമതി നൽകിയിരുന്നു. ഭരണഘടനയുടെ 213-ാം അനുച്ഛേദ പ്രകാരമാണ് ഓർഡിനൻസുകൾക്ക് ഗവർണർ അനുമതി നൽകിയിരുന്നത്. 213-ാം അനുച്ഛേദപ്രകാരം ഓർഡിനൻസുകൾക്ക് അനുമതി നൽകിയശേഷം അവ ബില്ലുകളായി നിയമസഭ പാസ്സാക്കുമ്പോൾ ഗവർണർക്ക് അവ രാഷ്ട്രപതിക്ക് അയക്കാൻ സാധിക്കില്ലെന്നാണ് ഭരണഘടന വിദഗ്ദ്ധനും സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്ന സീനിയർ അഭിഭാഷകനുമായ കെ.കെ. വേണുഗോപാലിന്റെ വാദം.

ബില്ലുകൾ ഏതൊക്കെ സാഹചര്യത്തിൽ രാഷ്ട്രപതിക്ക് അയക്കാം എന്ന് ഭരണഘടനയുടെ 200-ാം അനുച്ഛേദത്തിൽ വിശദീകരിച്ചിട്ടുണ്ട്. രാഷ്ട്രപതിക്ക് അയക്കുന്നതിന്റെ കാരണവും ഗവർണർ വ്യക്തമാക്കേണ്ടതാണ്. എന്നാൽ കൃത്യമായ വിശദീകരണം ഇല്ലാതെയാണ് ഗവർണർ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത് എന്നാണ് കേരളത്തിന്റെ നിലപാട്. അതിനാൽ ഗവർണറുടെ നടപടി സുപ്രീം ക്കോടതിയിൽ ചോദ്യം ചെയ്യണമെന്ന നിയമോപദേശമാണ് കെ.കെ. വേണുഗോപാൽ സംസ്ഥാന സർക്കാരിന് കൈമാറിയിരുന്നത്.

പിടിച്ചുവച്ചിരുന്ന എട്ട് ബില്ലുകളിൽ ഗവർണർ തീരുമാനം എടുത്ത സാഹചര്യത്തിൽ കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിലെ പ്രധാന ആവശ്യങ്ങൾ അപ്രസക്തമായി. എന്നാൽ പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് ഭേദഗതി ചെയ്ത ഹർജി ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിന് സുപ്രീം ക്കോടതി അനുമതി നൽകിയിട്ടുണ്ട്. ഭരണഘടനയുടെ 200-ാം അനുച്ഛേദ പ്രകാരം നിയമസഭ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ ഗവർണമാർക്ക് മാർഗരേഖ തയ്യാറാക്കണം എന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങളാണ് ഭേദഗതി ചെയ്തുനൽകുന്ന ഹർജിയിൽ ഉന്നയിക്കാൻ കേരളം ആലോചിക്കുന്നത്.