- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമ്മിലടിക്ക് ഒടുവില്‍ ബിഹാറില്‍ ഇന്ത്യാ മുന്നണി ട്രാക്കിലായി; തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം; ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മുകേഷ് സാഹ്നി; ബിഹാര്‍ പുനര്‍നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് തേജസ്വി യാദവ്
തമ്മിലടിക്ക് ഒടുവില്‍ ബിഹാറില്‍ ഇന്ത്യാ മുന്നണി ട്രാക്കിലായി
പാട്‌ന: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബിഹാറില്‍ ഇന്ത്യാ മുന്നണി ട്രാക്കിലായി. മഹാസഖ്യത്തിന്റെ മത്സരചിത്രം തെളിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രിയ ജനത പാര്‍ട്ടി (ആര്‍.ജെ.ഡി) അധ്യക്ഷന്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. പട്‌നയില്‍ നടന്ന സംയുക്ത വാര്‍ത്തസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. വികഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വി.ഐ.പി) കണ്‍വീനര്‍ മുകേഷ് സാഹ്നിയാണ് ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥി.
അധികാരം പിടിച്ചെടുക്കാനല്ല, ബിഹാര്‍ പുനര്‍നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് തേജസ്വി യാദവ് പ്രതികരിച്ചു. എന്‍.ഡി.എയുടെ 20 വര്‍ഷം നീണ്ട ഭരണത്തില്‍ ബിഹാര്‍ ദരിദ്ര സംസ്ഥാനമായി. പാവ സര്‍ക്കാരാണ് ബിഹാര്‍ ഭരിക്കുന്നതെന്നും തേജസ്വി പറഞ്ഞു. ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും പിന്നാലെയാണ് പ്രഖ്യാപനം. പ്രതിസന്ധി മൂര്‍ഛിച്ചതിന് പിന്നാലെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അശോക് ഗെലോട്ട് കഴിഞ്ഞ ദിവസം ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമായും തേജസ്വി യാദവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ലാലു പ്രസാദ് കുടുംബത്തിന്റെ എക്കാലത്തെയും ശക്തി കേന്ദ്രങ്ങളിലൊന്നായ ബിഹാറിലെ രാഖവ്പൂരില്‍ നിന്നാണ് തേജസ്വി യാദവ് ജനവിധി തേടുന്നത്. 1995ലും 2000ലും മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറിയാണ് ലാലു മുഖ്യമന്ത്രി പദത്തിലെത്തിയത്. തുടര്‍ന്ന് 2000ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ലാലുവിന്റെ ഭാര്യ റാബറി ദേവിക്കൊപ്പമായിരുന്നു മണ്ഡലം. തുടര്‍ന്ന് രണ്ടുതെരഞ്ഞെടുപ്പുകളില്‍ കൂടി റാബറി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2015 മുതല്‍ തേജസ്വിയാണ് മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്.
ബിഹാറില്‍ 243 അസംബ്‌ളി മണ്ഡലങ്ങളില്‍ മഹാസഖ്യത്തിനായി 253 സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. തിങ്കളാഴ്ച നോമിനേഷന്‍ സമര്‍പ്പിക്കുന്ന അവസാനദിനമായിരിക്കെ, സീറ്റ് സംബന്ധിച്ച് തര്‍ക്കങ്ങളും വിയോജിപ്പും ചില മണ്ഡലങ്ങളില്‍ സഖ്യത്തിലെ ഒന്നിലധികം കക്ഷികള്‍ നാമനിര്‍ദേശം സമര്‍പ്പിക്കുന്നതിലേക്ക് വഴിതെളിച്ചതോടെയാണ് ഇത്.
ഇന്‍ഡ്യ സഖ്യം ശക്തമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് റാം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര ബിഹാറില്‍ സഖ്യത്തിന് കരുത്ത് പകര്‍ന്നുവെന്നും രാജേഷ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന് വി.ഐ.പി അധ്യക്ഷന്‍ മുകേഷ് സാനി പറഞ്ഞു. തന്റെ പാര്‍ട്ടിയെ തകര്‍ത്ത് എം.എല്‍.എമാരെ തട്ടിയെടുത്ത ബി.ജെ.പിയോട് പ്രതികാരം വീട്ടുമെന്നും സാഹ്നി പറഞ്ഞു.
സംസ്ഥാനത്ത് കോണ്‍ഗ്രസിന് ചെറുതെങ്കിലും നിര്‍ണായക സ്ഥാനമാണ് ഉള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. കാര്യമായി ഭരണനേട്ടങ്ങളില്ലാത്ത എന്‍.ഡി.എ സഖ്യം, മഹാസഖ്യത്തെ ചെറുതാക്കി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്.




