- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചിലർ വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു, ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ വഖഫ് ഭേദഗതി നിയമം റദ്ദാക്കും'; ആർ.എസ്.എസുമായി ചേർന്ന് പ്രവർത്തിക്കുന്നത് നിതീഷ് കുമാർ സർക്കാരെന്നും തേജസ്വി യാദവ്
കിഷൻഗഞ്ച്: ബിഹാറിൽ ഇൻഡ്യ മുന്നണി സർക്കാർ അധികാരത്തിലെത്തിയാൽ വഖഫ് ഭേദഗതി നിയമം റദ്ദാക്കുമെന്ന് പ്രതിപക്ഷ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്. മുസ്ലിം ഭൂരിപക്ഷ മേഖലകളായ കതിഹാർ, കിഷൻഗഞ്ച്, അരാരിയ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിതീഷ് കുമാർ സർക്കാർ ആർ.എസ്.എസുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച തേജസ്വി, തന്റെ പിതാവും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ് വർഗീയ ശക്തികളുമായി ഒരിക്കലും സന്ധി ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി.
ചില പാർട്ടികൾ വോട്ടുകൾ ഭിന്നിപ്പിക്കാൻ ബോധപൂർവം ശ്രമിക്കുന്നതായും ജനങ്ങൾ ഇതിൽ വീണുപോകരുതെന്നും അദ്ദേഹം പ്രശാന്ത് കിഷോറിനെ ലക്ഷ്യമിട്ട് പറഞ്ഞു. പ്രളയ ബാധിത സീമാഞ്ചൽ മേഖലയുടെ വികസനത്തിന് പ്രത്യേക ശ്രദ്ധ നൽകുമെന്നും, വയോജന പെൻഷൻ 1100 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തുമെന്നും തേജസ്വി വാഗ്ദാനം ചെയ്തു. ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ ഓരോ കുടുംബത്തിലെയും ഒരാൾക്കെങ്കിലും സർക്കാർ ജോലി നൽകുമെന്നും, 20 ദിവസത്തിനകം നിയമം നടപ്പാക്കി 20 മാസത്തിനുള്ളിൽ നിയമനം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ ആനുകൂല്യങ്ങൾ ഇരട്ടിയാക്കുമെന്നും, ബാർബർമാർ, മരപ്പണിക്കാർ, കുശവർ തുടങ്ങിയവർക്ക് അഞ്ച് ശതമാനം പലിശരഹിത വായ്പ നൽകുമെന്നും അദ്ദേഹം വാഗ്ദാനം നൽകി. വിവിധ സർക്കാർ വകുപ്പുകളിലെ കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുമെന്നും അദ്ദേഹം മുമ്പ് വാഗ്ദാനം ചെയ്തിരുന്നു. അതേസമയം, തേജസ്വി യാദവിന്റെ വാഗ്ദാനങ്ങൾ പൊള്ളയാണെന്നും 27 അഴിമതി കേസുകൾ നേരിടുന്ന അദ്ദേഹം എം.എൽ.എ സ്ഥാനത്തിരുന്ന് 13.41 കോടി രൂപയുടെ സ്വത്ത് എങ്ങനെ നേടിയെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ ജനങ്ങളോട് ചോദിച്ചു.




