ബിഹാർ: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ്. മദ്യനിരോധനം നിതീഷ് കുമാറിൻ്റെ ഭരണത്തിലെ ഏറ്റവും വലിയ അഴിമതിയാണെന്നും, ജെഡിയുവി നേതാക്കളുടെ മറവിൽ പ്രവർത്തിക്കുന്ന 30,000 കോടിയുടെ സമാന്തര സമ്പദ്‌വ്യവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആയിരക്കണക്കിന് മദ്യശാലകളാണ് നിതീഷ് കുമാർ തുറന്നതെന്നും, ഇപ്പോൾ മഹാത്മാവായി അഭിനയിക്കുകയാണെന്നും തേജസ്വി യാദവ് പരിഹസിച്ചു.

“മദ്യനിരോധനത്തിൻ്റെ പേരിൽ ബിഹാറിലെ മുക്കിലും മൂലയിലും മദ്യശാലകൾ തുറന്ന് ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച മുഖ്യമന്ത്രി ഇപ്പോൾ മഹാത്മാവായി നടിക്കുന്നു. മന്ത്രി ശ്രീ നിതീഷ് കുമാർ തൻ്റെ ആദ്യ 10 വർഷത്തിനുള്ളിൽ ബിഹാറിൽ മദ്യ ഉപഭോഗം വർദ്ധിപ്പിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു, ഇപ്പോൾ അദ്ദേഹം വ്യാജ മദ്യം വിൽക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നു, എൻ്റെ ഈ വസ്തുതകൾ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാറിന് നിഷേധിക്കാനാകുമോ?'' എന്നായിരുന്നു തേജസ്വി യാദവ് സോഷ്യൽ മീഡിയായ എക്‌സിൽ കുറിച്ചത്.

ബിഹാറിലെ ഹൂച്ച് മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കവെയാണ് സർക്കാരിനെതിരെ വിമർശനവുമായി തേജസ്വി രംഗത്തെത്തിയത്. സംഭവത്തിൽ ഇതുവരെ 33 പേർ മരിച്ചു. മരിച്ച 28 പേരിൽ സിവാൻ സ്വദേശികളും 5 പേർ സരൺ സ്വദേശികളുമാണ്. നിതീഷ് കുമാർ സർക്കാർ ഏർപ്പെടുത്തിയ മദ്യനിരോധനത്തിൻ്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്തു വിമർശനം ഉന്നയിച്ചും പ്രതിപക്ഷ പാർട്ടികൾ ഇതിനോടകം മുന്നോട്ട് എത്തിയിട്ടുണ്ട്.