- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇതു സുവർണ സംസ്ഥാനം തന്നെയാണോ? ഇവിടെ പട്ടിണി കിടക്കുന്നവരില്ലേ? നമുക്ക് ഒരുമിച്ച് ഉറപ്പുവരുത്താം'; തെലങ്കാനയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ മുഖ്യമന്ത്രിയെ നടക്കാൻ ക്ഷണിച്ച് വൈ.എസ്.ഷർമിള
ഹൈദരാബാദ്: തെലങ്കാനയിലെ ജനങ്ങൾ നേരിടുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും നേരിട്ട് മനസിലാക്കാൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനെ 'നടക്കാൻ' ക്ഷണിച്ച് വൈഎസ്ആർ തെലങ്കാന പാർട്ടിയുടെ അധ്യക്ഷ വൈ.എസ്.ഷർമിള. തനിക്കൊപ്പം ഒരു ദിവസത്തെ പദയാത്രയ്ക്ക് സമ്മതമാണെങ്കിൽ, മുഖ്യമന്ത്രിക്ക് ധരിക്കാനുള്ള ഷൂ സമ്മാനമായി നൽകുമെന്നും ഷർമിള ഹൈദരാബാദിൽ വ്യക്തമാക്കി.
താൻ പറയുന്നത് തെറ്റാണെന്നു തെളിഞ്ഞാൽ ആ നിമിഷം രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു വീട്ടിലേക്കു മടങ്ങുമെന്നും ഷർമിള വ്യക്തമാക്കി. ''എനിക്കൊപ്പം ഒരു പദയാത്രയിൽ പങ്കാളിയാകുന്നതിനു മുഖ്യമന്ത്രി കെസിആറിനെ ക്ഷണിച്ചു. അദ്ദേഹത്തിനു ധരിക്കാനുള്ള ഷൂവും എന്റെ കയ്യിൽ റെഡിയാണ്'' ഷൂവിന്റെ ബോക്‌സ് ഉയർത്തിക്കാട്ടി ഷർമിള ഹൈദരാബാദിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ''ഇതു മുഖ്യമന്ത്രിയുടെ കാൽപാദത്തിനു കണക്കാക്കി വാങ്ങിയതാണ്. അഥവാ പാകമല്ലെങ്കിലും മാറ്റി വാങ്ങുന്നതിനു ബില്ലും ഇതിനൊപ്പമുണ്ട്'' ഷർമിള പറഞ്ഞു.
#WATCH | YSRTP chief YS Sharmila shows a shoe box and asks Telangana CM KCR to join Padayatra with her and know the public problems. pic.twitter.com/tU8Cxn13jE
- ANI (@ANI) February 2, 2023
''തെലങ്കാനയെക്കുറിച്ച് കെസിആർ പറയുന്ന കാര്യങ്ങൾ ശരിയാണോയെന്നു നോക്കാനാണ് ഈ പദയാത്ര. അദ്ദേഹം അവകാശപ്പെടുന്നതു പോലെ ഇതു സുവർണ സംസ്ഥാനം തന്നെയാണോ, ഇവിടുത്തെ ജനം യാതൊരുവിധ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നില്ലേ, ഇവിടെ പട്ടിണി കിടക്കുന്നവരില്ലേ തുടങ്ങിയ കാര്യങ്ങൾ നമുക്ക് ഒരുമിച്ച് ഉറപ്പുവരുത്താം. എന്റെ വാദം തെറ്റാണെന്നു തെളിഞ്ഞാൽ ഞാൻ കെസിആറിനോടു മാപ്പു പറഞ്ഞു രാഷ്ട്രീയത്തിൽനിന്നു വിരമിക്കും.
പക്ഷേ, ഇവിടുത്തെ ജനങ്ങൾ വലിയ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ, കർഷകർ കടം മൂലം വലയുന്നുണ്ടെങ്കിൽ, സ്ത്രീകൾ പട്ടിണി കിടക്കുന്നുണ്ടെങ്കിൽ, തൊഴിൽരഹിതരായ ആളുകളുണ്ടെങ്കിൽ, ആത്മഹത്യകൾ സർവസാധാരണമാണെങ്കിൽ... ഇതെല്ലാം സത്യമാണെങ്കിൽ കെസിആർ രാജിവയ്ക്കണം. മാത്രമല്ല, തെലങ്കാനയിലെ ജനങ്ങളോടു മാപ്പു പറഞ്ഞ് വാഗ്ദാനം ചെയ്തിരുന്നതുപോലെ അവർക്കൊരു ദലിത് മുഖ്യമന്ത്രിയെ നൽകണം' ഷർമിള ആവശ്യപ്പെട്ടു.
മറുനാടന്‍ മലയാളി ബ്യൂറോ