- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം കെസിആറിനൊപ്പം; കേന്ദ്രം വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു; ഇപ്പോൾ അധികാരത്തിലുള്ളവർക്ക് ഇന്ത്യ എങ്ങനെ നിർമ്മിക്കപ്പെട്ടു എന്ന് അറിയില്ല; രൂക്ഷവിമർശനവുമായി പിണറായി വിജയൻ; തെലങ്കാനയിലെ ഖമ്മത്തിൽ ബിജെപിക്കെതിരെ കോൺഗ്രസ് ഇതര സഖ്യത്തിന്റെ കാഹളമുയർത്തി മഹാറാലി
ഹൈദരാബാദ്: തെലങ്കാനയിൽ ബിആർഎസ് പരിപാടിയിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മതപരമായി ഭിന്നിപ്പിക്കുന്ന സിഎഎ പോലുള്ള നിയമങ്ങളുണ്ടാക്കാനാണ് ഇപ്പോൾ രാജ്യത്തിന്റെ അധികാരത്തിലുള്ളവർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി സമ്മേളനത്തിൽ പറഞ്ഞു. കേരളം കെസിആറിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിനെതിരെ ശക്തമായ നിലപാടെടുക്കുന്നതിലും സമാന മനസ്‌കരായ സംസ്ഥാന മുഖ്യമന്ത്രിമാരെയും പരിപാടിയിലേക്ക് ക്ഷണിച്ചതിനും പിണറായി വിജയൻ കെസിആറിനെ പ്രശംസിച്ചു.
ഇപ്പോൾ അധികാരത്തിലുള്ളവർക്ക് ഇന്ത്യ എങ്ങനെ നിർമ്മിക്കപ്പെട്ടുവെന്നറിയില്ലെന്ന് അദ്ദേഹം വിമർശിച്ചു. ജനാധിപത്യത്തെയും ഫെഡറിലിസത്തെയും ദുർബലമാക്കിയെന്നും ഹിന്ദിയുടെ വരവ് പ്രാദേശിക ഭാഷകളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ പദവി ദുരുപയോഗം ചെയ്യുന്നതായി പിണറായി വിജയൻ വിമർശിച്ചു.
കോർപ്പറേറ്റ് പ്രീണനത്തിനാണ് ഇപ്പോൾ അധികാരത്തിലുള്ളവർ ശ്രമിക്കുന്നത്. രാജ്യത്തിന്റെ ഫെഡറൽ ഘടന തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. രാജ്യത്തിന്റെ ഫെഡറൽ ഘടന തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. തെലങ്കാനയിലെ ഖമ്മത്ത് ബിജെപിക്കെതിരെ കോൺഗ്രസ് ഇതര സഖ്യത്തിന്റെ കാഹളമുയർത്തിയാണ് മഹാറാലി നടന്നത്. ബി ആർ എസിന്റെ ആദ്യ രാഷ്ട്രീയ പൊതുപരിപാടിയിൽ മൂന്ന് മുഖ്യമന്ത്രിമാരും ഒരു മുൻ മുഖ്യമന്ത്രിയുമാണ് ഭാഗമായത്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭാഗവന്ത് മൻ, മുൻ യു പി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ അഖിലേഷ് യാദവ് എന്നിവരാണ് പങ്കെടുത്തത്. ബിജെപിക്കെതിരെ മൂന്നാം മുന്നണി എന്ന ലക്ഷ്യം മുൻ നിർത്തിയാണ് കെ സി ആർ ബി ആർ എസ് രൂപീകരിച്ചിരിക്കുന്നത്. സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. മഹാറാലിക്ക് മുൻപായി കെ സി ആർ, അരവിന്ദ് കെജ്രിവാൾ, ഭാഗവന്ത് മൻ, അഖിലേഷ് യാദവ് എന്നിവർക്കൊപ്പം യെദാദ്രി ശ്രീലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തി.
സിപിഎം, സിപിഐ, ആം ആദ്മി, സമാജ് വാദി പാർട്ടി എന്നിവരെ ഒന്നിച്ച് നിർത്തി ബിജെപിക്കെതിരെ കോൺഗ്രസ് ഇതര ചേരി ശക്തിപ്പെടുത്താനാണ് കെ സി ആർ ശ്രമിക്കുന്നത്. കർണാടകയിൽ നിന്ന് ജെ ഡി എസ്, ബംഗാളിൽ നിന്ന് തൃണമൂൽ, മഹാരാഷ്ട്രയിൽ നിന്ന് എൻ സി പി, ബീഹാറിൽ നിന്ന് ആർ ജെ ഡി എന്നിവരേയും ഒപ്പം കൂട്ടാനാണ് കെ സി ആർ ശ്രമിക്കുന്നത്.
ഡി എം കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനുമായും കെ സി ആർ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും യു പി എയിലെ അംഗമായ ഡി എം കെ കോൺഗ്രസ് ഇതര ബദലിനോട് എത്രത്തോളം പച്ചക്കൊടി കാണിക്കും എന്ന് കണ്ടറിയണം. അതേസമയം ഇന്നത്തെ മഹാറാലിക്കായി വൻ മുന്നൊരുക്കങ്ങളാണ് ബി ആർ എസ് നൽകിയത്. അതിഥികൾക്ക് വലിയ ഭക്ഷണ മെനു തന്നെ ബി ആർ എസ് തയ്യാറാക്കിയിരുന്നു. മട്ടൺ ബിരിയാണി, ചിക്കൻ ദം ബിരിയാണി, ചെമ്മീൻ ബിരിയാണി തുടങ്ങിയ വിഭവങ്ങൾക്കൊപ്പം 17 ഇനം നോൺ വെജ്, 21 തരം വെജ് വിഭവങ്ങളാണ് മെഗാ റാലിയിൽ അതിഥികൾക്കായി ഒരുക്കിയതത്.
കേന്ദ്രസർക്കാരിന് എതിരെ കോൺഗ്രസില്ലാതെ സമാന മനസ്‌കരെ ഒന്നിച്ച് നിർത്തി മൂന്നാം ബദൽ സൃഷ്ടിക്കാനാണ് ടി ആർ എസ്, ബി ആർ എസിലേക്ക് രൂപാന്തരപ്പെട്ടത്. സംസ്ഥാനത്ത് കോൺഗ്രസിനെ കൂടാതെ ബിജെപിയും ബി ആർ എസിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. അതിനാൽ ഇരുകക്ഷികളേയും ഒഴിവാക്കി മൂന്നാം ബദൽ സൃഷ്ടിക്കുക എന്നത് കെ സി ആറിന് സംസ്ഥാനത്ത് ഭരണം നിലനിർത്താൻ അത്യന്താപേക്ഷിതമാണ്.
രാജ്യത്തിന്റെ ഫെഡറലിസത്തെ തകർക്കുന്നതിന് എതിരായ കൂട്ടായ്മ എന്നാണ് ബി ആർ എസ് ഇന്നത്തെ പൊതുയോഗത്തെ വിശേഷിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഫെഡറൽ വിരുദ്ധ നിലപാടുകൾക്കെതിരെ ബിജെപി ഇതര സംസ്ഥാനങ്ങൾ പലകുറി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ഒരു രാഷ്ട്രീയ പരിപാടിയിലേക്ക് പ്രതിപക്ഷ കക്ഷികളിൽ ചിലർ ഒന്നിച്ചെത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
മറുനാടന് ഡെസ്ക്