ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ സർക്കാരും ഗവർണർ ആർ എൻ രവിയും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നു. നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവർണർ ഇറങ്ങി പോയതാണ് ഒടുവിലത്തെ സംഭവം. സർക്കാർ തയ്യാറാക്കിയ പ്രസംഗം മാത്രമേ വായിക്കാവു എന്ന പ്രമേയം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അവതരിപ്പിച്ചതോടെയാണ് ഗവർണറുടെ ഇറങ്ങിപ്പോക്ക്. ഗവർണർ കൂട്ടിച്ചേർത്ത ഭാഗങ്ങൾ ഒഴിവാക്കണം, ഒഴിവാക്കിയവ ചേർക്കണം എന്നിങ്ങനെയാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ സ്പീക്കറോട് ആവശ്യപ്പെട്ടത്. സർക്കാർ തയ്യാറാക്കിയ യഥാർത്ഥ നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം സഭ പിന്നീട് പാസാക്കുകയും ചെയ്തു. ദേശീയ ഗാനം ആലപിക്കുന്നതിന് പോലും കാത്തുനിൽക്കാതെ ആയിരുന്നു ഗവർണർ ആർ എൻ രവിയുടെ ഇറങ്ങിപ്പോക്ക്.

മതേതരത്വത്തെ പരാമർശിക്കുന്ന ഭാഗങ്ങളും, പെരിയാർ, അംബേദ്കർ, കെ കാമരാജ്, കരുണാനിധി എന്നീ നേതാക്കളെ പരാമർശിക്കുന്ന ഭാഗങ്ങളും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിനിടെ വായിച്ചില്ല. ഭരണകക്ഷിയായ ഡിഎംകെ മുന്നോട്ടുവയ്ക്കുന്ന ദ്രാവിഡ മാതൃകയെ കുറിച്ചുള്ള പരാമർശവും ഒഴിവാക്കി. ഇതോടെ, സഭാ പാരമ്പര്യത്തിന് വിരുദ്ധമാണ് ഗവർണറുടെ നടപടിയെന്ന് സ്റ്റാലിൻ പ്രമേയത്തിൽ പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ വെട്ടിയതും ഭരണപക്ഷത്തെ ചൊടിപ്പിച്ചിരുന്നു. ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. സർക്കാർ തയ്യാറാക്കിയ പ്രസംഗം വായിക്കണമെന്ന് എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടതോടെയാണ് ഗവർണർ ഇറങ്ങിപ്പോയത്.

ഡിഎംകെ സഖ്യകക്ഷികളായ കോൺഗ്രസും, വിസികെ, സിപിഐ, സിപിഎം എന്നിവ ഗവർണറുടെ പ്രസംഗം ബഹിഷ്‌കരിച്ചു. നിയമങ്ങൾക്ക് അംഗീകാരം നൽകുന്നതിൽ വരുന്ന കാലതാമസമാണ് കക്ഷികളെ ചൊടിപ്പിച്ചത്. സംസ്ഥാന സർവകലാശാലകളിൽ വിസിമാരെ നിയമിക്കുന്നതിൽ ഗവർണറുടെ അധികാരം എടുത്തുകളയുന്ന ബില്ലിനും, ഓൺലൈൻ ചൂതാട്ടം നിരോധിക്കുന്ന ബില്ലിനും ഇതുവരെ ഗവർണർ അംഗീകാരം നൽകിയിട്ടില്ല. 21 ബില്ലുകളാണ് ഗവർണറുടെ അനുമതി കാത്തുകിടക്കുന്നത്.

തമിഴ്‌നാട്ടിൽ നിന്ന് പുറത്തുപോകൂ എന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളും സഭയിൽ മുഴങ്ങി. ബിജെപി, ആർഎസ്എസ് പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കരുത് എന്നും ഡി എം കെ എംഎൽഎമാർ മുദ്രാവാക്യം വിളിച്ചു.

തമിഴ്‌നാടിനേക്കാൾ നല്ലത് തമിഴകമാണെന്ന ഗവർണറുടെ പരാമർശത്തിനെതിരെ സഭ ചേർന്നത് മുതൽ കടുത്ത പ്രതിഷേധമുയർന്നിരുന്നു. എത്രയും വേഗം ഗവർണറെ തിരിച്ചുവിളിക്കണമെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു.

ഗവർണർ സ്ഥിരമായി വിവാദ പ്രസ്താവനകൾ നടത്തി ആശയക്കുഴപ്പവും, വിഭാഗീയതയും സംഘർഷവും ഉണ്ടാക്കുകയാണെന്ന് ഡി എം കെ എംപി ടി ആർ ബാലു കുറ്റപ്പെടുത്തി.50 വർഷത്തെ ദ്രാവിഡ രാഷ്ട്രീയം ജനങ്ങളെ വഞ്ചിക്കുക ആയിരുന്നുവെന്ന പ്രസ്താവനയും ഭരണപക്ഷത്തെ ചൊടിപ്പിച്ചു. ബിജെപി സംസ്ഥാന ആസ്ഥാനമായ കമലാലയത്തിൽ നിന്നാണ് ആർ എൻ രവി ഇത് പറയേണ്ടത്, രാജ്ഭവനിൽ നിന്നല്ല എന്നും ടി ആർ ബാലു പറഞ്ഞു.