ചെന്നൈ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത മന്ത്രി വി.സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്നു നീക്കി തമിഴ്‌നാട് ഗവർണർ. അസാധാരണ നീക്കവുമായാണ് ഗവർണർ ആർ.എൻ.രവി അറിയിച്ചത്. കോഴക്കേസും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള ആരോപണങ്ങൾ നേരിടുന്നയാൾ മന്ത്രിസഭയിൽ തുടരുന്നത് അന്വേഷണത്തെ വഴിതെറ്റിക്കുമെന്നും തമിഴ്‌നാട് രാജ്ഭവന്റെ പത്രക്കുറിപ്പിൽ പറയുന്നു. നിലവിൽ വകുപ്പില്ലാ മന്ത്രിയായി തമിഴ്‌നാട് മന്ത്രിസഭയിൽ തുടരുകയായിരുന്നു സെന്തിൽ ബാലാജി.

2013-14ൽ ഗതാഗത മന്ത്രിയായിരിക്കെ ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്, എൻജിനീയർ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്തു കോഴ വാങ്ങിയെന്നാണു സെന്തിൽ ബാലാജിക്കെതിരായ കേസ്. കഴിഞ്ഞമാസം, മന്ത്രിയുമായി ബന്ധമുള്ള സ്ഥാപനങ്ങളിലും സഹോദരന്റേതടക്കമുള്ള വീടുകളിലും ആദായ നികുതി വകുപ്പ് എട്ടുദിവസം തുടർച്ചയായി പരിശോധന നടത്തിയിരുന്നു. ബാലാജിയുടെ ബാങ്ക് അക്കൗണ്ടിലെ 1.34 കോടി രൂപയും ഭാര്യയുടെ അക്കൗണ്ടിലെ 29.55 ലക്ഷം രൂപയും രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് റിപ്പോർട്ടും നൽകിയിരുന്നു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്ന ഗവർണർ ആർ.എൻ.രവിയുടെ ശുപാർശ ഡിഎംകെ സർക്കാർ തള്ളിയിരുന്നു. സെന്തിൽ വകുപ്പില്ലാ മന്ത്രിയായി തുടരുമെന്ന ഔദ്യോഗിക അറിയിപ്പും പുറത്തിറക്കി. ഇതോടെ തമിഴകത്തിൽ സംസ്ഥാന സർക്കാറും ഗവർണറും നേർക്കുനേർ വരുന്ന സാഹചര്യമാണം സംജാതമാകുന്നത്.

നേരത്തെ നിയമനക്കോഴയുമായി ബന്ധപ്പെട്ട് മന്ത്രി സെന്തിൽ ബാലാജി പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്നും അതിന്റെയടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ബാലാജിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നുകാണിച്ച് അദ്ദേഹത്തിന്റെ ഭാര്യ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി വാദം കേൾക്കാനായി മാറ്റിയിട്ടുണ്ട്.

എന്തിനുവേണ്ടിയാണ് അറസ്റ്റെന്ന് ഇ.ഡി. ഉദ്യോഗസ്ഥർ ബാലാജിയെ ധരിപ്പിച്ചിരുന്നില്ലെന്നും അറസ്റ്റിന്റെ വിവരം അടുത്തബന്ധുക്കളെ അറിയിച്ചിട്ടില്ലെന്നും അതിനാൽ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഹർജിക്കാരിയായ ബാലാജിയുടെ ഭാര്യ മേഖലയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ എൻ.ആർ. ഇളങ്കോയും ബാലാജിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയും വാദിച്ചു. വിശദാംശങ്ങൾ കാണിച്ച് ഇ.ഡി. സെന്തിൽ ബാലാജിക്ക് ഇ-മെയിൽ സന്ദേശമയച്ചിരുന്നെന്നും അറസ്റ്റിന്റെ വിവരം സഹോദരൻ അശോക് കുമാറിനെ എസ്.എം.എസിലൂടെ അറിയിച്ചിരുന്നെന്നും ഇ.ഡി.ക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

അറസ്റ്റ് ചെയ്യപ്പെട്ടയാളെ സെഷൻസ് കോടതി ആദ്യം ജുഡീഷ്യൽ കസ്റ്റഡിയിലും പിന്നെ ഇ.ഡി. കസ്റ്റഡിയിലും റിമാൻഡു ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്ന വാദം നിലനിൽക്കില്ലെന്നും ഇ.ഡി. കോടതിയിൽ പറഞ്ഞു. സമൻസുകളോടോ അന്വേഷണത്തോടോ സഹകരിക്കാത്തതുകൊണ്ടാണ് അറസ്റ്റ് വേണ്ടിവന്നതെന്നും ഹേബിയസ് കോർപ്പസ് ഹർജി തള്ളണമെന്നും തുഷാർ മേത്ത ആവശ്യപ്പെട്ടു. ചികിത്സ കഴിഞ്ഞശേഷം മന്ത്രിയെ കസ്റ്റഡിയിൽ ചോദ്യംചെയ്യാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുകുൾ റോത്തഗി ഇതിനെ എതിർത്തു.

കള്ളപ്പണക്കേസിൽ അറസ്റ്റിലായ സെന്തിൽ ബാലാജി സംസ്ഥാന മന്ത്രിസഭയിൽ തുടരുന്നതിനെ ചോദ്യം ചെയ്തുള്ള ഹർജിയുടെ വാദം ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ചിനു മുമ്പാകെ ജൂലായ് ഏഴിനു തുടരും. ജൂൺ 21-ന് ഹൃദയ ശസ്ത്രക്രിയക്കു വിധേയനായ മന്ത്രി ബാലാജി രണ്ടാഴ്ചകൂടി ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മന്ത്രിയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ബുധനാഴ്ച പൂർത്തിയായിരുന്നു.