ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനെ കടന്നാക്രമിച്ച് തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപിയും മുൻ ബ്യൂറോക്രാറ്റുമായ ജാവർ സിർകർ.കഴിഞ്ഞ ദിവസം താൻ ബിജെപിയിലേക്ക് എത്തിയതിനെക്കുറിച്ചും കോൺഗ്രസ്സിൽ തന്റെ പിതാവിന് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ചും ജയശങ്കർ സംസാരിച്ചിരുന്നു.ഇതിനുള്ള മറുപടിയായാണ് സിൻകറിന്റെ ട്വീറ്റ്.ജയശങ്കറിന്റെ പിതാവ് മോദിയെ അസുരൻ എന്നാണ് വിളിച്ചതെന്ന് സിൻകർ പറഞ്ഞു.അദ്ദേഹത്തിന്റെ മകന് ഇപ്പോൾ അംനേഷ്യയാണെന്നും എംപി പരിഹസിച്ചു.

ജയ്ശങ്കറിന്റെ പിതാവ് കെ. സുബ്രഹ്‌മണ്യം പറഞ്ഞു:''ഗുജറാത്തിലെ കലാപ കാലത്ത് ധർമം കൊല്ലപ്പെട്ടു. നിരപരാധികളായ പൗരന്മാരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടവർ അധർമം ചെയ്തവരാണ്. രാമൻ, ഗുജറാത്തിന്റെ ഭരണാധികാരികളായ 'അസുര'ന്മാർക്കെതിരെ തന്റെ വില്ല് ഉപയോഗിക്കണം.'' മകന്റെ മേലാണ് നാണക്കേട് അസുരനെ സേവിക്കുന്നതിൽ.- എന്നാണ് സിൻകർ ട്വീറ്റിൽ വ്യക്തമാക്കുന്നത്.

 

ഇന്ത്യയുടെ പുരോഗതിക്കായി ശരിയായ സമയത്ത് ശരിയായ പാർട്ടിയിൽ ചേർന്നുവെന്നാണു ബിജെപിയിൽ ചേർന്നതിനെക്കുറിച്ച് ജയ്ശങ്കർ ഇന്നലെ പറഞ്ഞത്. ജയ്ശങ്കർക്ക് 'അംനീഷ്യ' ആണെന്നും അദ്ദേഹം 'ബിജെപിയെ ആശ്ലേഷിച്ചിരിക്കുകയാണെന്നും' സിർകർ പറഞ്ഞു. ''ഗാന്ധി കുടുംബം ഭരിച്ചിരുന്നപ്പോൾ വിശ്വസ്തനായി സേവനം ചെയ്ത് അവരുടെ കീഴിൽ പ്രധാനപ്പെട്ട സ്ഥാനമാനങ്ങളിൽ ഇരുന്നതിനുശേഷം അവർക്കെതിരെ പരാതികൾ കണ്ടെത്താൻ ഇപ്പോഴാണ് അദ്ദേഹത്തിനു കഴിഞ്ഞതെന്നത് വിചിത്രമാണ്. അത് അംനീഷ്യയാണോ അതോ വിദേശകാര്യ മന്ത്രിയായി സ്ഥാനക്കയറ്റം നൽകിയ ബിജെപിയെ ആശ്ലേഷിക്കുകയാണോ അദ്ദേഹം'' സിർകർ ചോദിച്ചു.

ഇന്നലെ വാർത്താ ഏജൻസിയായ എഎൻഐക്കു ജയ്ശങ്കർ നൽകിയ അഭിമുഖത്തിൽ, തന്റെ പിതാവ് കെ. സുബ്രഹ്‌മണ്യത്തെ 1980 ൽ അന്ന് പ്രധാനമന്ത്രിയായി തിരികെയെത്തിയ ഇന്ദിര ഗാന്ധി ഡിഫൻസ് പ്രോഡക്ഷൻ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയിരുന്നുവെന്നും രാജീവ് ഗാന്ധിയുടെ കാലത്ത് അദ്ദേഹത്തെക്കാൾ സർവീസ് കുറഞ്ഞയാളെ കാബിനറ്റ് സെക്രട്ടറിയാക്കിയെന്നും പറഞ്ഞിരുന്നു.ഇതിനോടുള്ള പ്രതികരണമാണ് സിർകർ നടത്തിയത്.

 

2015 ജനുവരി മുതൽ 2018 ജനുവരി വരെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്നു ജയ്ശങ്കർ. അതിനു മുൻപ് ചൈനയും യുഎസും അടക്കം തന്ത്രപ്രധാന രാജ്യങ്ങളിൽ ഇന്ത്യയുടെ പ്രതിനിധിയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് കെ. സുബ്രഹ്‌മണ്യം രാജ്യത്തിന്റെ പ്രമുഖ ദേശീയ സുരക്ഷാ തന്ത്രജ്ഞനായിരുന്നു. 2011 ലാണ് അദ്ദേഹം അന്തരിക്കുന്നത്.