- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ പി എഫ് ടി- ടിപ്ര സഖ്യം ഗോത്ര വർഗക്കാർക്ക് സംവരണം ചെയ്ത 20 സീറ്റും നേടുമെന്ന കാര്യം ഉറപ്പ്; ഏഴ് മണ്ഡലങ്ങളിൽ ജയവും നിർണ്ണയിക്കും; ത്രിപുരയിൽ ബിജെപിക്ക് കാലിടറാൻ സാധ്യത ഏറെ; ഗോത്ര വർഗ്ഗത്തെ കൂടെ നിർത്താൻ കോൺഗ്രസും സിപിഎമ്മും വിട്ടുവീഴ്ചയ്ക്ക് തയ്യാർ
ന്യൂഡൽഹി: ത്രിപുരയിൽ ബിജെപിക്ക് വൻ തിരിച്ചടി നൽകി ഗോത്രവർഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള ടിപ്ര മോത്ത പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ ബിജെപിയുടെ സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) തീരുമാനിച്ചത് വലിയ രാഷ്ട്രീയ മാറ്റമായേക്കും. ടിപ്ര മോത്ത പാർട്ടിയുമായി ബിജെപിയും സിപിഎംകോൺഗ്രസ് സഖ്യവും ശ്രമിക്കുന്നതിനിടെയാണ് പുതിയ നീക്കം. ഐപിഎഫ്ടി നേതാവ് പ്രേംകുമാർ റീയാറെ ടിപ്ര നേതാവ് പ്രദ്യുത് ദേബ് ബർമനുമായി ചർച്ച നടത്തിയത് നിർണ്ണായകമായി.
ടിപ്ര മോത്തയിൽ ഐപിഎഫ്ടി ലയിക്കും. രാജകുടുംബാംഗമായ പ്രദ്യുത് ദേബ് ബർമൻ 2 വർഷം മുൻപാണു കോൺഗ്രസ് വിട്ടു പുതിയ സംഘടന രൂപീകരിച്ചത്. 20 ഗോത്രവർഗ മണ്ഡലങ്ങളും മറ്റ് 7 മണ്ഡലങ്ങളുമുൾപ്പെടുന്ന ഗോത്രവർഗ കൗൺസിൽ തിരഞ്ഞെടുപ്പിൽ 28ൽ 18 സീറ്റു നേടി ടിപ്ര വലിയ മുന്നേറ്റം നടത്തിയിരുന്നു. ഇത്തവണ 60 അംഗ നിയമസഭയിലെ 40-45 സീറ്റുകളിൽ മത്സരിക്കുമെന്ന് അവർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ബിജെപിയുടെ സാധ്യതകളെ ബാധിക്കും.
സഖ്യകക്ഷിയായ ഐപിഎഫ്ടിയുമായി ചേർന്നാവും ഇത്തവണയും മത്സരിക്കുകയെന്ന് ബിജെപി നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ 8 എംഎൽഎമാരുണ്ടായിരുന്ന പാർട്ടിയുടെ 3 എംഎൽഎമാർ ടിപ്രയിൽ ചേർന്നിരുന്നു. ബിജെപിയുടെ ഒരു എംഎൽഎയും ടിപ്രയിൽ ചേർന്നു. ഗ്രേറ്റർ ട്രിപ്ര ലാൻഡ് എന്ന പ്രത്യേക സംസ്ഥാനത്തിനു വേണ്ടി വാദിക്കുന്ന ഗോത്രവർഗങ്ങളാണു ടിപ്ര മോത്തയിലെ അംഗങ്ങൾ. ഇവർക്ക് നിർണ്ണായക സ്വാധീനം ത്രിപുരയിലുണ്ട്.
സംസ്ഥാന ജനസംഖ്യയുടെ മൂന്നിലൊന്ന് ഇവരാണ്. പ്രത്യേക സംസ്ഥാനം എന്ന ആവശ്യം ബിജെപിയും സിപിഎമ്മും കോൺഗ്രസും നിരാകരിച്ചിരുന്നു. സഖ്യത്തിൽ മത്സരിച്ചു ഭരണം നേടിയ ശേഷം ഇക്കാര്യങ്ങളെക്കുറിച്ചു വിശദ ചർച്ച നടത്താമെന്നാണു ദേശീയകക്ഷികളുടെ നിലപാട്. ഗോത്രവർഗ വോട്ടുകൾ കോൺഗ്രസിനും ഐപിഎഫ്ടിക്കുമിടയിൽ ചിതറിക്കാനായത് കഴിഞ്ഞ തവണ സിപിഎം ഭരണത്തിന് അന്ത്യം കുറിക്കാൻ ബിജെപിയെ സഹായിച്ചിരുന്നു.
ഈ തന്ത്രം ഇത്തവണ നടക്കില്ല. കോൺഗ്രസിന് 2018ൽ സീറ്റൊന്നും കിട്ടിയില്ലെങ്കിലും ഗോത്രവർഗ മേഖലയിൽ പലയിടത്തും രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഗോത്ര വോട്ടുകളുമായി ടിപ്ര മോത്ത മുന്നേറിയാൽ അത് അധികാര മാറ്റത്തിന് വഴിയൊരുക്കും.2018ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ച ഐ പി എഫ് ടി എട്ട് സീറ്റുകളാണ് നേടിയത്. രണ്ട് മന്ത്രിമാരുണ്ട്. പാർട്ടിയുടെ മൂന്ന് എം എൽ എമാർടിപ്രയിലേക്ക് കൂറുമാറിയത് ഐ പി എഫ് ടിക്ക് ക്ഷീണമായിരുന്നു. ബിജെപിയുമായി സഖ്യം തുടരുന്നുണ്ടെങ്കിലും പ്രത്യേക സംസ്ഥാനമെന്ന ആവശ്യം പൂർത്തീകരിക്കാത്തതിൽ പ്രവർത്തകർക്ക് അതൃപ്തിയുണ്ട്. ടിപ്രയെ ലയിപ്പിക്കുക വഴി ഈ ആവശ്യം ശക്തിമായി ഉന്നയിക്കാനാകുമെന്നാണ് ഐ പി എഫ് ടിയുടെ കണക്കുകൂട്ടൽ.
ബിജെപിയുമായി തത്കാലം സഖ്യം തുടരുന്നുവെങ്കിലും ടിപ്രാ ലാൻഡ് ആവശ്യത്തിൽ ബിജെപിക്ക് തണുത്ത പ്രതികരണമാണെന്നും ഇത് ചതിയാണെന്നും ഐ പി എഫ് ടി മേധാവി പ്രേം കുമാർ പറഞ്ഞു. ഇരു പാർട്ടികളും ലയിക്കുകയും ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുകയും ചെയ്താൽ ത്രിപുരയിലെ പോരാട്ടം മറ്റൊരു വഴിയിലേക്ക് മാറും. ഫെബ്രുവരി 16നാണ് 60 സീറ്റുലേക്കുള്ള തിരഞ്ഞെടുപ്പ്. ഐ പി എഫ് ടി- ടിപ്ര സഖ്യം ഗോത്ര വർഗക്കാർക്ക് സംവരണം ചെയ്ത 20 സീറ്റും നേടുമെന്ന കാര്യം ഉറപ്പാണ്. മറ്റ് ഏഴ് സീറ്റിലും ജയം നിർണയിക്കാൻ ഈ സഖ്യത്തിന് സാധിക്കും. ബിജെപിയോട് മാത്രമേ സഖ്യമാകാകൂ എന്ന നിലപാട് തങ്ങൾക്കില്ലെന്ന് ഐ പി എഫ് ടി വ്യക്തമാക്കി കഴിഞ്ഞു. ഇടതു പാർട്ടികളുമായും കോൺഗ്രസ്സുമായും സഹകരിക്കുന്ന കാര്യം പരിഗണിക്കും. ഒറ്റ നിബന്ധനയാകും സഖ്യം മുന്നോട്ടു വെക്കുക- പ്രത്യേക സംസ്ഥാനം.
70 വർഷമായി ഗോത്ര ജനത വാഗ്ദാനങ്ങൾ കേൾക്കുകയാണ്, ഇനി അത് സാധ്യമല്ലെന്നാണ് നിലപാട്. രേഖാമൂലം ഉറപ്പ് നൽകുന്നവരുമായി മാത്രമേ സഹകരണത്തിനുള്ളൂവെന്ന് അവർ വ്യക്തമാക്കുന്നു. പ്രത്യേക സംസ്ഥാന ആവശ്യത്തെ പിന്തുണക്കാൻ നിലവിലെ സ്ഥിതിയിൽ കോൺഗ്രസ്സിനോ ഇടത് പാർട്ടികൾക്കോ സാധിക്കില്ല. ബിജെപിയിൽ നിന്ന് ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തിൽ ഒരുമിച്ച് നീങ്ങാൻ തീരുമാനിച്ച സി പി എമ്മും കോൺഗ്രസ്സും എന്ത് നയംമാറ്റമാണ് സ്വീകരിക്കുകയെന്നത് നിർണായകമാണ്.
മറുനാടന് മലയാളി ബ്യൂറോ