അഗർത്തല: ഗോത്രവർഗത്തേയും സ്ത്രീ വോട്ടർമാരെയും ഒപ്പം നിർത്താൻ വൻവാഗ്ദാനങ്ങളുമായി ത്രിപുരയിൽ പ്രകടന പത്രിക പുറത്തിറക്കി ബിജെപി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ പെൺകുട്ടി ജനിച്ചാൽ 50,000 രൂപയുടെ ബോണ്ട് അടക്കമുള്ള വാഗ്ദാനങ്ങളാണ് പാർട്ടി മുന്നോട്ട് വെക്കുന്നത്. വ്യാഴാഴ്ച പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയാണ് ബിജെപി. പ്രകടന പത്രിക പുറത്തിറക്കിയത്.

മെരിറ്റ് അടിസ്ഥാനത്തിൽ കോളേജ് വിദ്യാർത്ഥിനികൾക്ക് സ്‌കൂട്ടി, ഉജ്ജ്വല യോജനപ്രകാരം രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ, സംസ്ഥാനത്ത് വനിതകൾ മാത്രമുള്ള ആദ്യ പൊലീസ് ബെറ്റാലിയൻ, എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പ്രസവവാർഡുകൾ എന്നിവയാണ് സ്ത്രീകളെ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങൾ. 'ഉന്നതോ ത്രിപുര, ശ്രേഷ്തോ ത്രിപുര' എന്ന മുദ്രാവാക്യമുയർത്തി സങ്കൽപ് പത്ര എന്ന പേരിലാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.

200 ബൈക്ക് ആംബുലൻസുകൾ, ടൗൺ ഷിപ്പുകൾ സ്മാർട്ട് ടൗണുകളായി വികസിപ്പിക്കും, അഞ്ച് രൂപ സബ്സിഡി നിരക്കിൽ മൂന്ന് നേരം പാകം ചെയ്ത ഭക്ഷണം ലഭിക്കുന്ന ക്യാന്റീനുകൾ, സൗജന്യ അരിയും ഭക്ഷ്യധാന്യവും എന്നിവയും ബിജെപി. വാഗ്ദാനം ചെയ്യുന്നു.

രാജകുടുംബാംഗവും മുൻ കോൺഗ്രസ് അധ്യക്ഷനുമായ പ്രദ്യോത് ദേബ് ബർമ്മന്റെ നേതൃത്വത്തിലുള്ള തിപ്ര മോത്തയുടെ മുന്നേറ്റം തടയാൻ ഗോത്രവർഗത്തെ ലക്ഷ്യമിട്ടുള്ള വലിയ വാഗ്ദാനങ്ങളും ബിജെപി. പ്രകടനപത്രികയുടെ ഭാഗമാണ്. ഭരണഘടനയുടെ 125-ാം ഭേദഗതി ബില്ലിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് ഗോത്ര ജില്ലാകൗൺസിലുകൾക്ക് കൂടുതൽ സ്വയംഭരണാധികാരം നൽകുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു.

കൗൺസിലുകൾക്ക് ജനസംഖ്യാനുപാതികമായി ബജറ്റ് വകയിരുത്തൽ, കേന്ദ്രത്തിന് നേരിട്ട് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കൗൺസിലുകൾക്ക് അധികാരം, ഗോത്രവർഗത്തിന് അവരുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും നിലനിർത്താൻ കൗൺസിൽ പരിധിയിൽ ട്രൈബൽ കോടതി സ്ഥാപിക്കാൻ കേന്ദ്രവുമായി ചേർന്ന് നടപടികൾ, രാജ്യത്ത് പ്രധാനനഗരങ്ങളിൽ കൗൺസിൽ ഭവനുകൾ, ഗോത്രവർഗ കുടുംബങ്ങൾക്ക് 5,000 രൂപ വാർഷിക ധനസഹായം, ഗോത്ര ജില്ലാ കൗൺസിലുകളിലെ എല്ലാ ബ്ലോക്കിലും മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകൾ എന്നിവയാണ് ഗോത്രവർഗത്തെ ലക്ഷ്യമിട്ടുള്ള പ്രധാനവാഗ്ദാനങ്ങൾ.

ത്രിപുരയിലെ മഹാരാജാവും പ്രദ്യോത് ദേബ് ബർമ്മന്റെ മുത്തച്ഛനുമായിരുന്ന ബിർ ബിക്രം കിഷോർ മാണിക്യ ദേബ് ബർമ്മന്റെ പേരിൽ ട്രൈബൽ സർവകലാശാലയാണ് മറ്റൊരു പ്രധാനവാഗ്ദാനം.

കിസാൻ സമ്മാൻ നിധി വഴിയുള്ള സഹായധനം 6,000 -ൽ നിന്ന് 8,000 രൂപയാക്കി ഉയർത്തും, സ്വന്തമായി ഭൂമിയില്ലാത്ത കർഷകർക്ക് 3,000 രൂപ വാർഷിക സഹായം, മത്സ്യ കർഷകർക്ക് വർഷം 6,000 രൂപ ധനസഹായം എന്നിവയാണ് കർഷകരെ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങൾ. യുവാക്കൾക്ക് ടൂറിസം അടക്കമുള്ള മേഖലയുമായി ബന്ധപ്പെട്ട് സ്വയംതൊഴിൽ സാധ്യതകൾ, മെറിറ്റ് അടിസ്ഥാനത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് 50,000 സ്മാർട്ട് ഫോണുകൾ എന്നിവ പ്രധാനവാഗ്ദാനങ്ങളാണ്.