- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവിടെ ബദ്ധശത്രുക്കൾ, അവിടെ ഉറ്റമിത്രങ്ങൾ! ത്രിപുരയിൽ സിപിഎമ്മും കോൺഗ്രസും കൈകോർത്ത് റാലി നടത്തി; കീറാമുട്ടിയാവുന്നത് സീറ്റു വിഭജനം; പാതി സീറ്റ് ആവശ്യപ്പെട്ടു കോൺഗ്രസ് രംഗത്തുവന്നതോടെ ആശയക്കുഴപ്പം ശക്തം
അഗർത്തല: കേരളത്തിൽ തമ്മിലടിച്ചു പോരാടുമ്പോഴും ത്രിപുരയിൽ പരസ്പ്പരം കൈക്കൊടുത്ത് സിപിഎമ്മും കോൺഗ്രസും. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിക്കുന്ന സിപിഎമ്മും കോൺഗ്രസും അഗർത്തലയിൽ നടത്തിയ സംയുക്ത റാലിയിൽ ആയിരങ്ങൾ പങ്കെടുത്തുവെന്നതും ശ്രദ്ധേയമായി. ഒരു കാലത്ത് എതിരാളികളായിരുന്ന ഇരു പാർട്ടികളും ദേശീയ പതാകയുമായിട്ടാണ് രബീന്ദ്ര ഭവനു മുൻപിൽ റാലി നടത്തിയത്.
മുൻ മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സർക്കാർ, മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സമിർ രഞ്ജൻ ബർമൻ, സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, ഇടതു മുന്നണി ചെയർമാൻ നാരായൺ കർ, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിരാജിത് സിൻഹ, സുദീപ് റോയ് ബർമൻ എംഎൽഎ, ത്രിപുരയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അജയ് കുമാർ എന്നിവർ റാലി നയിച്ചു.
ബദ്ധവൈരികളായിരുന്ന കോൺഗ്രസും സിപിഎമ്മും ത്രിപുരയിലുണ്ടാക്കിയ സഖ്യം താഴെത്തട്ടിൽ എത്രമാത്രം സ്വീകാര്യമാകും എന്നതിന്റെ സൂചന കൂടിയാകും റാലി. കോൺഗ്രസ്- സിപിഎം നേതാക്കൾക്കിടയിൽ മാത്രമാണ് സഖ്യമെന്നും താഴെത്തട്ടിൽ ഇതു പ്രാവർത്തികമല്ലെന്നും നേരത്തേ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. തൃണമൂൽ കോൺഗ്രസ് ത്രിപുരയിൽ ഒറ്റയ്ക്കാണു മത്സരിക്കുന്നത്.
സിപിഎമ്മും കോൺഗ്രസും തമ്മിൽ തിരഞ്ഞെടുപ്പു ധാരണയ്ക്കു തീരുമാനമായെങ്കിലും സീറ്റ് വിഭജന ചർച്ച പൂർത്തിയായിട്ടില്ല. ഇതാണ് വെല്ലുവിളിയാകുന്ന കാര്യം. ആകെയുള്ള 60 സീറ്റിൽ 30 എണ്ണമെങ്കിലും വേണമെന്നാണു കോൺഗ്രസ് സൂചിപ്പിച്ചിട്ടുള്ളത്. ഈ സമീപനമാണു ബിഹാറിൽ തിരിച്ചടിയായതെന്നും ജയസാധ്യത മാത്രം മാനദണ്ഡമാക്കാൻ കോൺഗ്രസ് തയാറാകണമെന്നും സിപിഎം അഭ്യർത്ഥിച്ചിട്ടുണ്ട്. ഗോത്ര സീറ്റുകളിൽ നിർണായക സ്വാധീനമുള്ള തിപ്ര മോത പാർട്ടിയുമായും ധാരണയുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും സിപിഎമ്മും. എന്നാൽ, ഇതു തടയാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു.
ബിജെപി സംസ്ഥാനത്ത് അക്രമങ്ങൾ അഴിച്ചുവിടുകയാണെന്നു കോൺഗ്രസ് സിപിഎം നേതാക്കൾ ആരോപിച്ചു. ജനങ്ങൾക്കു സ്വതന്ത്രമായി വോട്ടു ചെയ്യാനുള്ള അവസരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ചീഫ് ഇലക്ടറൽ ഓഫിസറെ നേതാക്കൾ കണ്ടു. അതേസമയം സിപിഎമ്മിന്റെ ഇരട്ടത്താപ്പും ഇെേതടാപ്പം ചർച്ചയാകുന്നുണ്ട്. കേരള നേതൃത്വമാണ് ആശയക്കുഴപ്പത്തിലായത്.
കോൺഗ്രസിന്റെ പേരിൽ തർക്കിച്ചു ബദൽമുന്നണി സാധ്യത ഇല്ലാതാക്കേണ്ട എന്നു ദേശീയതലത്തിൽ തീരുമാനിച്ചെങ്കിലും ഇക്കാര്യത്തിൽ ഉറച്ച തീരുമാനമെടുക്കുന്നതിൽ സിപിഎമ്മിന്റെ കേരള നേതൃത്വം ആശയക്കുഴപ്പത്തിൽ. ഓരോ സംസ്ഥാനവും ഓരോ യൂണിറ്റാണെന്നാണു ത്രിപുരയിലെ കോൺഗ്രസ് സഖ്യതീരുമാനത്തോടു കേരള ഘടകം പ്രതികരിച്ചത്. എന്നാൽ ദേശീയപാർട്ടിയെന്ന നിലയിൽ ഈ വിശദീകരണം രാഷ്ട്രീയമായി ദഹിക്കുന്നതാണെന്നു സിപിഎം പോലും കരുതുന്നില്ല. ഏറ്റവുമൊടുവിൽ തെലങ്കാനയിൽ ദേശീയ പ്രതിപക്ഷ പാർട്ടികളുടെ ഐക്യനിരയിൽ സിപിഎം പങ്കാളിയായെങ്കിലും, രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപന പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം ഇനിയും സ്വീകരിച്ചിട്ടില്ല. ഭരണമുള്ള ഏക സംസ്ഥാന ഘടകമെന്നതു ദേശീയ രാഷ്ട്രീയത്തിൽ സുവ്യക്തമായ തീരുമാനങ്ങളെടുക്കുന്നതിനു സിപിഎമ്മിനു വിലങ്ങുതടിയാകുന്നുവെന്നു വേണം കരുതാൻ. കോൺഗ്രസ് പ്രധാന എതിരാളിയായി വരുന്ന മറ്റൊരു സംസ്ഥാനവും സിപിഎമ്മിനില്ല.
മൂന്നാം മുന്നണി എന്ന ആശയം ഇടക്കാലത്ത് ഉപേക്ഷിച്ചതാണു സിപിഎം. കോൺഗ്രസിനോടു സ്വീകരിക്കേണ്ട സമീപനമാണ് അക്കാലത്തെല്ലാം ചർച്ച ചെയ്തത്. കോൺഗ്രസ് ഇതര സഖ്യമെന്ന ആലോചനയിൽ പ്രാദേശിക പാർട്ടികളെ കൂട്ടുപിടിക്കാൻ ശ്രമിച്ചെങ്കിലും, പലർക്കും സ്ഥിരമായ നിലപാടില്ലെന്നു തിരിച്ചറിഞ്ഞതോടെ പിന്നാക്കം പോയി. തമിഴ്‌നാട്ടിൽ ഡിഎംകെ അധികാരത്തിലേറിയതും എം.കെ.സ്റ്റാലിൻ കേരളത്തിലെ സിപിഎമ്മിനോടു കാണിക്കുന്ന മമതയുമാണു വീണ്ടും പ്രാദേശിക പാർട്ടികളുമായി ചേർന്നുള്ള മുന്നണിയെന്ന ആലോചന സജീവമാക്കിയത്. ദേശീയതലത്തിൽ ശക്തി ക്ഷയിച്ചതോടെ, മുന്നണിയുടെ നേതൃത്വം വഹിക്കാൻ കോൺഗ്രസ് വാശി പിടിക്കാത്തതു കാര്യങ്ങൾ എളുപ്പമാക്കി. ഇതോടെയാണു കോൺഗ്രസിനെച്ചൊല്ലിയുള്ള തർക്കത്തിനു താൽകാലിക വിരാമമിട്ടത്.
എന്നാൽ ഭാരത് ജോഡോ യാത്ര രാഹുൽ ഗാന്ധിക്കു വലിയ സ്വീകാര്യതയുണ്ടാക്കിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. കേരളത്തിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തെ എങ്ങനെ നേരിടണമെന്ന ആശയക്കുഴപ്പം വീണ്ടും സിപിഎം കേരളഘടകത്തെ ഗ്രസിച്ചെന്നുവേണം കരുതാൻ. പ്രതിപക്ഷ ഐക്യത്തിനു വിള്ളലുണ്ടാക്കുന്നതാണു കേരളത്തിലെ മത്സരമെന്നതു കഴിഞ്ഞ തിരഞ്ഞെടുപ്പിൽതന്നെ സിപിഎം ഉയർത്തിക്കാണിച്ചിരുന്നു. രാഹുലിന്റെ മത്സരം ഇക്കുറിയും കേരളത്തിൽ തന്നെയാകുമോ എന്നതു പാർട്ടി ഉറ്റുനോക്കുന്നുമുണ്ട്. കേരളത്തിൽ മത്സരിക്കുന്ന രാഹുലിനെ എതിർക്കുകയും ദേശീയതലത്തിൽ ഐക്യത്തിന്റെ ആശയം പങ്കിടുകയും ചെയ്യുന്നതെങ്ങനെയെന്ന സന്ദേഹത്തിൽ കഴമ്പുമുണ്ട്. ഇക്കാര്യത്തിൽ കോൺഗ്രസിൽനിന്ന് ഉറപ്പൊന്നുമില്ലാത്തതിനാലാണു പ്രത്യക്ഷമായ അകലം തുടരാൻ കേരളഘടകം പാർട്ടിയിൽ സമ്മർദം തുടരുന്നത്.
മറുനാടന് ഡെസ്ക്