ചെന്നൈ: നടനും തമിഴ് വെട്രി കഴകം (ടിവികെ) പാർട്ടി അധ്യക്ഷനുമായ വിജയ്, 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മഹാബലിപുരത്ത് ചേർന്ന ടിവികെ ജനറൽ കൗൺസിൽ യോഗത്തിലാണ് സുപ്രധാന പ്രഖ്യാപനമുണ്ടായത്.

ഈ തിരഞ്ഞെടുപ്പിൽ മറ്റു രാഷ്ട്രീയ കക്ഷികളുമായി സഖ്യത്തിനില്ലെന്നും, ഭരണകക്ഷിയായ ഡിഎംകെയുമായി നേരിട്ടുള്ള പോരാട്ടത്തിനാണ് തങ്ങൾ തയ്യാറെടുക്കുന്നതെന്നും വിജയ് വ്യക്തമാക്കിയതോടെ, എഐഎഡിഎംകെയും ടിവികെയുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ച നീക്കങ്ങൾക്ക് തിരശ്ശീല വീണിരിക്കുകയാണ്.

തൻ്റെ പാർട്ടിയുടെ രാഷ്ട്രീയ മുന്നേറ്റത്തിൽ വിജയ് വ്യക്തമായ സൂചനകൾ നൽകി. ഡിഎംകെ സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. കരൂർ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവരുടെ വേദനയിൽ പങ്കുചേർന്ന വിജയ്, ദുരന്തത്തിൻ്റെ പേരിൽ തൻ്റെയും പാർട്ടിയുടെയും നേരെ അപവാദ പ്രചാരണങ്ങൾ നടക്കുന്നുവെന്നും, സത്യവും നിയമവും കൊണ്ട് അവയെ നേരിടുമെന്നും കൂട്ടിച്ചേർത്തു. "കരൂരിലെ തിക്കിലും തിരക്കിലും പെട്ട് നമ്മുടെ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടതിൽ പറഞ്ഞറിയിക്കാനാവാത്ത വേദനയിലാണ്. ഞങ്ങൾക്കെതിരെ അനേകം അപവാദപ്രചാരണങ്ങളുണ്ടായി. സത്യവും നിയമവും കൊണ്ട് എല്ലാം നേടിയെടുക്കും," അദ്ദേഹം പറഞ്ഞു.

2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ടിവികെയും ഡിഎംകെയും തമ്മിലുള്ള നേരിട്ടുള്ള മത്സരമായിരിക്കുമെന്നും, വരും മാസങ്ങളിൽ പോരാട്ടം കൂടുതൽ കടുക്കുമെന്നും വിജയ് സൂചിപ്പിച്ചു. തൻ്റെ പാർട്ടിയുടെ റാലികൾക്ക് അനുമതി ലഭിക്കാൻ പോലും ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം നിബന്ധനകൾ മറ്റു പാർട്ടികൾക്ക് നേരിടേണ്ടി വരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരൂർ ദുരന്തത്തെക്കുറിച്ച് പരമോന്നത കോടതി നടത്തിയ നിരീക്ഷണങ്ങൾ മുഖ്യമന്ത്രി മറന്നുപോയോ എന്ന് വിജയ് ചോദ്യമുന്നയിച്ചു.

ഭരണകക്ഷിയായ ഡിഎംകെക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായും, ജനങ്ങൾക്ക് ഡിഎംകെ സർക്കാരിലുള്ള വിശ്വാസം ഇല്ലാതായതായും വിജയ് ആരോപിച്ചു. ജനങ്ങളുടെ വികാരങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് ബോധ്യമുണ്ടോ എന്നും, 2026ലെ തിരഞ്ഞെടുപ്പിൽ അത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ജനവിധി അംഗീകരിക്കുന്ന തരത്തിലുള്ള പ്രസംഗം മുഖ്യമന്ത്രിക്ക് തയ്യാറാക്കി വെക്കാമെന്നും വിജയ് പരിഹസിച്ചു.

ഈ പ്രഖ്യാപനങ്ങളിലൂടെ, തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഒരു പുതിയ മുന്നേറ്റത്തിന് കളമൊരുങ്ങുകയാണ്. നടൻ വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം അദ്ദേഹം മുന്നോട്ട് വെക്കുന്ന ശക്തമായ നിലപാടുകൾ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഡിഎംകെയ്ക്ക് വെല്ലുവിളിയാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ടിവികെയും ഡിഎംകെയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടം തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.