- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ ശനിയാഴ്ച മാത്രമുള്ള രാഷ്ട്രീയക്കാരനല്ല, എല്ലാ ദിവസവും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നയാൾ'; ചിലർക്ക് സ്വന്തം പാർട്ടിയുടെ പ്രത്യയശാസ്ത്രം എന്താണെന്ന് പോലും അറിയില്ല; വിജയിക്കെതിരെ വിമർശനവുമായി ഉദയനിധി സ്റ്റാലിൻ
ചെന്നൈ: തമിഴ്നടനും തമിഴ് വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. താൻ ഒരു ശനിയാഴ്ച മാത്രമുള്ള രാഷ്ട്രീയക്കാരനല്ലെന്നും എല്ലാ ദിവസവും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നയാളാണെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. വിജയ് തന്റെ രാഷ്ട്രീയ പ്രചാരണങ്ങൾ ശനിയാഴ്ചകളിൽ മാത്രമായി പരിമിതപ്പെടുത്തിയതിനെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സെപ്റ്റംബർ 13-നാണ് വിജയ് സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ചത്. താൻ വെള്ളി, ശനി ദിവസങ്ങളിൽ മാത്രമായിരിക്കും ജനങ്ങളോട് സംസാരിക്കുന്നതെന്ന വിജയിയുടെ മുൻ പരാമർശത്തെ ഉന്നംവെച്ചാണ് ഉദയനിധിയുടെ വിമർശനം. ജോലി ദിവസങ്ങളിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് അത്തരം തീരുമാനമെന്ന് വിജയ് വിശദീകരിച്ചിരുന്നു. എന്നാൽ, വി.കെ. പാർട്ടിയുടെ നിലപാടുകളെ വിമർശിച്ച ഉദയനിധി, പുതുതായി രൂപീകരിച്ച ചില പാർട്ടികളിലെ അംഗങ്ങൾക്ക് സ്വന്തം പ്രത്യയശാസ്ത്രം എന്താണെന്ന് പോലും അറിയില്ലെന്ന് കൂട്ടിച്ചേർത്തു.
അതേസമയം, ഡി.എം.കെ സഖ്യത്തിൽ കോൺഗ്രസ് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. എ.ഐ.എ.ഡി.എം.കെ അധ്യക്ഷൻ എടപ്പാടി പളനിസ്വാമി ഉൾപ്പെടെയുള്ളവർ എം.ജി.ആറിനെ ഓർക്കുന്നില്ലെന്നും, നിലവിൽ അമിത് ഷായെ മാത്രമാണ് അവർ ഓർക്കുന്നതെന്നും ഉദയനിധി പരിഹസിച്ചു. താൻ ആഴ്ചയിൽ എല്ലാ ദിവസവും, ഞായറാഴ്ച ഉൾപ്പെടെ, ഔദ്യോഗിക കൃത്യനിർവഹണവും പര്യടനങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഡി.എം.കെ ഒരു തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പാർട്ടിയല്ലെന്നും ജനങ്ങളുടെ അവകാശങ്ങൾക്കായി നിലകൊണ്ട ചരിത്രമാണ് പാർട്ടിക്കുള്ളതെന്നും ഉദയനിധി സ്റ്റാലിൻ കൂട്ടിച്ചേർത്തു.