മുംബൈ:മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ പരിഹസിച്ച് ബിജെപി.കാറിൽ കയറി നിന്നതുകൊണ്ട് ഉദ്ധവിന് ശിവസേന സ്ഥാപകൻ ബാലാസാഹിബ് ആകാൻ കഴിയില്ലെന്ന് ബിജെപി നേതാവ് കേശവ് ഉപാധ്യേ പറഞ്ഞു.1968ൽ ബാലാസാഹിബും കാറിന്റെ മുകളിൽ കയറിനിന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്തിരുന്നു. ഇതു ചൂണ്ടിക്കാണിച്ചാണ് കേശവ് ഉപാധ്യേയുടെ പരിഹാസം.

''ബാലാസാഹിബ് ആകാൻ കഠിനാധ്വാനം ആവശ്യമാണ്. അദ്ദേഹം രാവും പകലും അധ്വാനിച്ചു. പ്രവർത്തകരെ കൂടെ നിലനിർത്തി. സംഘടനയെ വളർത്തി. ശിവസേനയെ അധികാരത്തിലെത്തിച്ചു. 'കോപ്പി-ബഹാദൂർ' വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല.പ്രവർത്തകരെ കണ്ടില്ല.പാർട്ടിയെ ദ്രോഹിച്ചു.വഞ്ചനയിലൂടെ അധികാരത്തിലെത്തി'' അദ്ദേഹം ട്വീറ്റ് ചെയ്തു.

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗമാണ് യഥാർഥ ശിവസേനയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. പിന്നാലെ അമ്പും വില്ലും ചിഹ്നം ഷിൻഡെ വിഭാഗത്തിന് അനുവദിക്കുകയും ചെയ്തു. ഇതിനെത്തുടർന്നാണ് ഉദ്ധവ് കാറിന് മുകളിൽ കയറി നിന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്തത്.അടുത്ത തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത അദ്ദേഹം, ''നിങ്ങൾക്ക് പേടിയുണ്ടോ?, ഇപ്പോൾ നിങ്ങൾക്ക് തരാൻ എന്റെ കയ്യിൽ ഒന്നുമില്ല'' എന്നും പറഞ്ഞു.

അതേസമയം, ശിവസേന ഉദ്ധവ് വിഭാഗത്തിന് ചിഹ്നം നഷ്ടപ്പെട്ടത് 'വലിയ പ്രത്യാഘാതങ്ങളൊന്നും ഉണ്ടാക്കില്ലെന്ന്' എൻസിപി മേധാവി ശരദ് പവാർ പറഞ്ഞു. പുതിയ ചിഹ്നം ജനങ്ങൾ അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''ഇത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമാണ്. ഒരിക്കൽ തീരുമാനമെടുത്താൽ ചർച്ച ചെയ്തിട്ടു കാര്യമില്ല.അതിനെ അംഗീകരിച്ച് പുതിയ ചിഹ്നത്തെ സ്വീകരിക്കൂ.

പഴയ ചിഹ്നം നഷ്ടമായതിനെ ജനങ്ങൾ അംഗീകരിക്കുമെന്നതിനാൽ വലിയ പ്രത്യാഘാതങ്ങളൊന്നും ഉണ്ടാകാൻ പോകുന്നില്ല. പുതിയ ചിഹ്നം 15-30 ദിവസം ചർച്ചകളിൽ ഉണ്ടാകുമെന്നു മാത്രം'' പവാർ പറഞ്ഞു.''ഇന്ദിരാ ഗാന്ധിയും ഈ സാഹചര്യം നേരിട്ടത് ഞാൻ ഓർക്കുന്നു. കോൺഗ്രസിന് 'നുകവും രണ്ടു കാളകളും' ഉള്ള ചിഹ്നം ഉണ്ടായിരുന്നു. പിന്നീട് അവർക്ക് അത് നഷ്ടപ്പെട്ടു. 'കൈ' പുതിയ ചിഹ്നമായി സ്വീകരിച്ചു. ജനങ്ങളും അത് സ്വീകരിച്ചു. അതുപോലെ, ആളുകൾ പുതിയ ചിഹ്നം സ്വീകരിക്കും'' കോൺഗ്രസിന്റെ ചിഹ്നം മാറ്റേണ്ടിവന്നത് അനുസ്മരിച്ച് അദ്ദേഹം പറഞ്ഞു