ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റിന് മുമ്പില്‍ യുഡിഎഫ് എം.പിമാരുടെ പ്രതിഷേധം. പാര്‍ലമെന്റ് നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് കവാടത്തിലാണ് എം.പിമാര്‍ പ്രതിഷേധിച്ചത്. കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന്‍, എം കെ പ്രേമചന്ദ്രന്‍, ആന്റോ ആന്റണി, ഹൈബി ഈഡന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പി. അബ്ദുല്‍ സമദ് സമദാനി എന്നില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ കേന്ദ്ര സര്‍ക്കാറിനും ബജ്രംഗ്ദളിനും എതിരെ എം.പിമാര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചു. കൂടാതെ, വിഷയം ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി കെ. സുധാകരനും ബെന്നി ബഹനാനും ഹൈബി ഈഡനും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചതില്‍ കത്തോലിക്കാ സഭ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പോലീസ് നടപടിക്കെതിരെ കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (സി.ബി.സി.ഐ) ആണ് കോടതിയെ സമീപിക്കുക. സംഭവത്തില്‍ വ്യാപക പ്രതിഷധമാണ് കേരളത്തിലും രാജ്യത്തും ഉയരുന്നത്. മതപരിവര്‍ത്തനം നടത്താന്‍ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ഗ്രീന്‍ഗാര്‍ഡന്‍ സിസ്റ്റേഴ്‌സ് (എ.എസ്.എം.ഐ) സന്യാസി സഭ അംഗങ്ങളായ അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി, കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിത 143 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ആദിവാസി പെണ്‍കുട്ടിയടക്കം നാല് പെണ്‍കുട്ടികളുമായി ആഗ്രയിലേക്ക് പോകുമ്പോഴാണ് ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഛത്തീസ്ഗഡ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്‌സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് ഇരുവരും.

മാതാപിതാക്കളുടെ സമ്മതപ്രകാരം കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് പോകുകയായിരുന്നു പെണ്‍കുട്ടികളെന്ന് സി.ബി.സി.ഐ വനിത കൗണ്‍സില്‍ സെക്രട്ടറി സിസ്റ്റര്‍ ആശ പോള്‍ വ്യക്തമാക്കി. എന്നാല്‍, മതപരിവര്‍ത്തനം നടത്താന്‍ പെണ്‍കുട്ടികളെ കടത്തിക്കൊണ്ട് പോകുകയാണെന്നാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആരോപിച്ചത്.

മാതാപിതാക്കളുടെ സമ്മതപത്രം തള്ളിക്കളഞ്ഞാണ് അറസ്റ്റെന്ന് ബോധ്യമായി. കന്യാസ്ത്രീകളുടെ കൂടെയുള്ള പെണ്‍കുട്ടികളെല്ലാം 18 വയസ്സ് പിന്നിട്ടവരാണെന്ന രേഖകള്‍ കൈവശമുണ്ടായിരുന്നു. ഇതും പരിഗണിക്കാതെയാണ് അറസ്റ്റും റിമാന്‍ഡും.