ന്യൂഡൽഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അടക്കം താമര വിരിയിക്കാം എന്ന പ്രതീക്ഷയിലാണ് ബിജെപി. ഇതിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോകുകയാണ് അവർ. അതേസമയം ഹിന്ദി ബെൽറ്റിൽ അടക്കം ബിജെപി വോട്ടുകൾ പെട്ടിയിലാക്കാൻ രാമക്ഷേത്ര നിർമ്മാണ പൂർത്തീകരണം അടക്കം ലക്ഷ്യമിടുന്നു. ഇതിനൊപ്പം ഏകീകൃത സിവിൽ കോഡ് എന്ന വജ്രായുധവും പുറത്തെടുക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. ഇതിന്റെ തുടക്കമെന്ന നിലയിൽ കേന്ദ്ര സർക്കാറിൽ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ആർഎസ്എസ് നേതൃത്വം അടക്കം ഈ ബില്ലിൽ വിട്ടുവീഴ്‌ച്ച പാടില്ലെന്ന് കേന്ദ്രസർക്കാറിനോട് നിർദേശിച്ചിരുന്നു. ഇതോടെ രാജ്യത്താകെ ഏക വ്യക്തിനിയമം വേഗം നടപ്പാക്കാൻ ബിജെപി സർക്കാർ നടപടി തുടങ്ങി.

പാർലമെന്റിന്റെ ജൂലൈയിലെ വർഷകാല സമ്മേളനത്തിൽ ഏകീകൃത സിവിൽ കോഡ്-യുസിസി ബിൽ അവതരിപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ വിളിച്ച ഉന്നതതല യോഗം നിർദേശിച്ചതായാണു സൂചനകൾ. യോഗത്തിൽ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ആർഎസ്എസ് നേതാവ് അരുൺകുമാർ, കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. അമിത് ഷായുടെ വിശ്വസ്തരായ ഏതാനും ബിജെപി നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

വരുത്ത തെരഞ്ഞെടുപ്പുകൾ ഏകീകൃത സിവിൽകോഡ് ഗുണകരമാകുമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്. ഈ വർഷാവസാനം നടക്കേണ്ട മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, തെലുങ്കാന തുടങ്ങിയ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും ബിജെപിയുടെ വജ്രായുധമാണ് ഏക വ്യക്തിനിയമം. ഏകീകൃത സിവിൽ കോഡ് കൂടി നടപ്പാക്കിയാൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വോട്ടുകളുടെ ധ്രൂവീകരണത്തിനു സഹായിക്കുമെന്നാണു ബിജെപി കണക്കുകൂട്ടൽ.

ഏക വ്യക്തിനിയമം കൊണ്ടുവരികയെന്നതു ജനസംഘ കാലം മുതലുള്ള ബിജെപിയുടെ നയമാണ്. അയോധ്യയിലെ രാമക്ഷേത്രം, ജമ്മുകാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, ഏക വ്യക്തിനിയമം എന്നിവയിൽ വിട്ടുവീഴ്ച പാടില്ലെന്ന് ആർഎസ്എസ് നേതൃത്വം പ്രധാനമന്ത്രി മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നിർദ്ദേശം നൽകിയിരുന്നു. ഇതോടെയാണ് ബിൽ വീണ്ടും പൊടിതട്ടി എടുക്കുന്നത്. അതേസമയം ഏകീകൃത നിയമത്തിൽ ന്യൂനപക്ഷങ്ങളിൽ എതിർപ്പുയരും എന്ന കാര്യം ഉറപ്പാണ്.

ഇതേസമയം, രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കഴിഞ്ഞ ഫെബ്രുവരി രണ്ടിന് നിയമമന്ത്രി റിജിജു രാജ്യസഭയെ അറിയിച്ചിരുന്നു. യൂണിഫോം സിവിൽ കോഡുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിശോധിച്ചു ശിപാർശകൾ നൽകാൻ നിയമ കമ്മീഷനോടു സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയിൽ അദ്ദേഹം രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു.

ജസ്റ്റീസ് റിഥുരാജ് അവസ്തി അധ്യക്ഷനായി 2020 ഫെബ്രുവരി 21ന് രൂപീകരിച്ച നിയമ കമ്മീഷന്റെ കാലാവധി അടുത്ത വർഷം ഓഗസ്റ്റ് 31 വരെ നീട്ടിക്കൊടുത്തിട്ടുണ്ട്. കർണാടകയിലെ കോളജുകളിൽ മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതു വിലക്കിയ ഹൈക്കോടതി ബെഞ്ചിന്റെ തലവനായിരുന്നു അവസ്തി. കേരള ഹൈക്കോടതി മുൻ ജഡ്ജി കെ.ടി. ശങ്കരൻ കേന്ദ്ര നിയമ കമ്മീഷൻ അംഗമാണ്. ഏക വ്യക്തിനിയമം സംബന്ധിച്ച ശിപാർശ സമർപ്പിക്കാൻ കമ്മീഷനോടു സർക്കാർ നിർദേശിച്ചിരുന്നു. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനുള്ള പ്രധാനമന്ത്രി മോദിയുടെ നിർദേശവും നിയമ കമ്മീഷന്റെ പരിഗണനയിലുണ്ട്. 21-ാമത് ലോ കമ്മീഷന്റെ കാലാവധി 2018 ഓഗസ്റ്റ് 31ന് അവസാനിച്ചിരുന്നു.

അതേസമയം രാജ്യത്താകെ ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാൻ ബിജെപി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞവർഷം പ്രഖ്യാപിച്ചിരുന്നു. ഉചിതമായ സമയത്ത്, എല്ലാ ജനാധിപത്യ നടപടിക്രമങ്ങളും പാലിച്ചാകും നിയമം നടപ്പാക്കുകയെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു. പാർലമെന്റിൽ നിയമനിർമ്മാണത്തിലൂടെയാകും കേന്ദ്രസർക്കാർ ഇതു നടപ്പാക്കുകയെന്ന് സോളിസിറ്റർ ജനറൽ നേരത്തേ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ഏകീകൃത സിവിൽ കോഡ് നടപ്പായാൽ വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങൾ രാജ്യത്ത് പൊതുനിയമത്തിന് കീഴിൽ വരും. ഈ വിഷയങ്ങളിൽ മതാടിസ്ഥാനത്തിൽ പ്രത്യേക സംവിധാനം ഉണ്ടാകില്ല.