ന്യൂഡൽഹി: ബിജെപിയുടെ ദ്വീർഘകാല തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ ഒന്നാണ് ഏകീകൃത സിവിൽകോഡ്. ലോക്‌സഭാ തെരഞ്ഞെടുപ്പു അടുത്തതോടെ ഏകീകൃത സിവിൽകോഡ് വീണ്ടും ചർച്ചക്കെടുത്തിരിക്കയാണ് ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാർ. കീകൃത സിവിൽ കോഡ് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും മതസംഘടനകളിൽ നിന്നും നിയമ കമ്മിഷൻ നിർദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞ് ഉത്തരവിറക്കി. 30 ദിവസത്തിനകം നിർദേശങ്ങൾ സമർപ്പിക്കുന്നതിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

2016 -ൽ ഒന്നാം മോദി സർക്കാർ ഏകീകൃത സിവിൽ കോഡ് രൂപവത്കരിക്കുന്നതിനെപ്പറ്റി പഠിക്കാൻ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. 22-ാമത് നിയമ കമ്മിഷനാണ് ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് വീണ്ടും നിർദേശങ്ങൾ ആരാഞ്ഞിരിക്കുന്നത്. നിയമ കമ്മീഷൻ വെബ്സൈറ്റ് വഴിയോ ഇ-മെയിലിലൂടെയോ പൊതുജനങ്ങൾക്കും അംഗീകൃത മത സംഘടനകൾക്കും നിർദേശങ്ങൾ പങ്കുവെയ്ക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.

നേരത്തെ 21-ാം നിയമ കമ്മിഷൻ ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് 2018-ൽ പൊതുജനാഭിപ്രായംആരാഞ്ഞ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് മൂന്ന് വർഷത്തിലേറെ ആയ സാഹചര്യത്തിലും വിഷയം സംബന്ധിച്ച് വിവിധ കോടതി ഉത്തരവുകളുടേയും പശ്ചാത്തലത്തിലാണ് വീണ്ടും നിർദേശങ്ങൾ ക്ഷണിക്കുന്നതെന്നാണ് നിയമ കമ്മിഷൻ ഉത്തരവിൽ പറയുന്നത്.

വിവിധ വ്യക്തിനിയമങ്ങൾ പ്രാബല്യത്തിലുള്ള ബഹുസ്വര രാജ്യത്ത് ഒറ്റ സിവിൽ കോഡ് പ്രായോഗികമല്ലെന്ന വാദം തള്ളി കൊണ്ടാണ് നിയമനിർമ്മാണത്തിന് മോദിസർക്കാർ ഒരുക്കം നടത്തുന്നുവെന്ന സൂചനകൾക്കിടയിലാണ് നിയമ കമീഷന്റെ പുതിയ നീക്കം. നിയമ കമീഷനിൽനിന്ന് റിപ്പോർട്ട് വാങ്ങി ഏക സിവിൽ കോഡ് ബിൽ വരുന്ന ശീതകാല സമ്മേളനത്തിൽ പാർലമെന്റിൽ കൊണ്ടുവന്നേക്കുമെന്നാണ് സൂചനകൾ. പാർലമെന്റ് പാസാക്കിയാലും ഇല്ലെങ്കിലും ഏക സിവിൽ കോഡ് വരുംമാസങ്ങളിൽ നടക്കേണ്ട നിയമസഭ തെരഞ്ഞെടുപ്പുകളുടെയും ലോക്‌സഭ തെരഞ്ഞെടുപ്പിന്റെയും ചർച്ചാഗതി തിരിക്കാൻ പര്യാപ്തമാണ്.

നേരത്തെ ഗുജറാത്ത്, ഉത്തരാഖണ്ഡ്, അസം, മധ്യപ്രദേശ് തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഏക സിവിൽ കോഡിന്റെ പ്രാരംഭ നടപടികളിലേക്കു കടന്നിരുന്നു. സർക്കാറിന്റെ താൽപര്യത്തിനൊത്ത് ഏക സിവിൽ കോഡ് വിഷയം നിയമ കമ്മീഷനം പൊടിതട്ടിയെടുത്തു. ഏക സിവിൽ കോഡിൽ വീണ്ടും അഭിപ്രായം തേടുന്നതിനെക്കുറിച്ച് ബുധനാഴ്ച നിയമ കമീഷൻ പുറത്തിറക്കിയ അറിയിപ്പ് വിശദീകരിക്കുന്നത് ഇങ്ങനെ:

''2016 ജൂൺ 17ന് നിയമ മന്ത്രാലയം നിർദേശിച്ചപ്രകാരം ഏക സിവിൽ കോഡ് വിഷയം 22ാം നിയമ കമീഷൻ പരിശോധിച്ചുവരുകയാണ്. 21ാം നിയമ കമീഷൻ വിഷയം പരിഗണിച്ചിരുന്നു. ചോദ്യാവലി തയാറാക്കി 2016ൽ ബന്ധപ്പെട്ടവരിൽനിന്ന് അഭിപ്രായം തേടി. തുടർന്ന് 2018ലും അഭിപ്രായം തേടി നോട്ടീസ് ഇറക്കി. 'കുടുംബ നിയമങ്ങളുടെ പരിഷ്‌കരണ'ത്തെക്കുറിച്ച കൂടിയാലോചന രേഖയും 21ാം നിയമ കമീഷൻ പുറത്തിറക്കിയിരുന്നു.

ഇത്തരമൊരു രേഖ തയാറാക്കി മൂന്നു വർഷം കഴിഞ്ഞതിനാൽ വിഷയത്തിന്റെ പ്രസക്തി കണക്കിലെടുത്ത് പുതുതായി ചർച്ചക്കു വെക്കുകയാണ്. പൊതുജനങ്ങൾക്കും അംഗീകൃത സമുദായ സംഘടനകൾക്കും 30 ദിവസത്തിനകം കാഴ്ചപ്പാട് അറിയിക്കാം. നിയമ കമീഷൻ വെബ്‌സൈറ്റിലും ാലായലൃലെരൃലമേൃ്യഹരശ@ഴീ്.ശി എന്ന ഇ-മെയിൽ വിലാസത്തിലും മെംബർ സെക്രട്ടറി, ലോ കമീഷൻ ഓഫ് ഇന്ത്യ, ലോക് നായക് ഭവൻ, ഖാൻ മാർക്കറ്റ്, ന്യൂഡൽഹി -110 003 എന്ന വിലാസത്തിൽ തപാലിലും കാഴ്ചപ്പാട് അറിയിക്കാം. ആവശ്യമെങ്കിൽ ബന്ധപ്പെട്ട വ്യക്തിയെയോ സ്ഥാപനത്തെയോ നേരിട്ട് കേൾക്കും.''

പുതിയ പാർലമെന്റ് മന്ദിരത്തിൽ നടക്കുന്ന ആദ്യ സമ്മേളനത്തിൽ ഏകീകൃത സിവിൽ കോഡ് ബിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നീക്കങ്ങൾ നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇത് സംബന്ധിച്ച അഭിപ്രായങ്ങൾ ആരാഞ്ഞുള്ള ഉത്തരവ് വന്നിരിക്കുന്നത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്.