ഡെറാഡൂൺ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഏകീകൃത സിവിൽകോഡും ചർച്ചയാക്കാനാണ് കേന്ദ്രസർക്കാറിന്റെയും ബിജെപിയുടെയും ശ്രമം. ഇതിന്റെ തുടക്കമെന്നോണമാണ് ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽകോഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയാണ് കരട് ബിൽ അവതരിപ്പിച്ചത്. ബില്ലിനോട് എതിർപ്പില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.

ഏകീകൃത ബിൽ അവതരണത്തിനും അതിന്മേലുള്ള ചർച്ചകൾക്കുമായി അഞ്ചു ദിവസത്തെ നിയമസഭാ സമ്മേളനമാണ് വിളിച്ചു ചേർത്തത്. ഏകീകൃത സിവിൽ കോഡ് ബില്ലിനോട് ഞങ്ങൾക്ക് എതിർപ്പില്ല. എന്നാൽ എംഎൽഎമാരുടെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ ബിജെപി, പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്തുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ് എംഎൽഎയും പ്രതിപക്ഷ നേതാവുമായ യശ്പാൽ ആര്യ പറഞ്ഞു.

രാവിലെ ഭരണഘടനയുടെ വലിയ കോപ്പി കയ്യിൽ പിടിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി നിയമസഭയിലെത്തിയത്. കോൺഗ്രസ് നിയമസഭ നടപടികളുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. മുഖ്യമന്ത്രി കരട് ബിൽ അവതരിപ്പിച്ചപ്പോൾ ബിജെപി അംഗങ്ങൾ ജയ് ശ്രീറാം, വന്ദേമാതരം വിളികൾ മുഴക്കി.

ദേവഭൂമി ഉത്തരാഖണ്ഡിലെ പൗരന്മാർക്ക് തുല്യ അവകാശങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു. ബിൽ അവതരിപ്പിക്കുന്നതിന് മുമ്പ്, അതിന്റെ വ്യവസ്ഥകൾ പഠിക്കാൻ സമയം നൽകിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചു.

നിയമനിർമ്മാണ പാരമ്പര്യങ്ങൾ ലംഘിച്ച് ചർച്ചയില്ലാതെ ബിൽ പാസ്സാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് യശ്പാൽ ആര്യ കുറ്റപ്പെടുത്തി. പ്രതിഷേധത്തെത്തുടർന്ന് ബിൽ പഠിക്കാൻ മതിയായ സമയം ഉറപ്പാക്കുമെന്ന് സ്പീക്കർ ഉറപ്പു നൽകി.