ഡൽഹി: കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളെയും അതിന്റെ ശക്തമായ സംവിധാനങ്ങളെയും കേന്ദ്രമന്ത്രി കിരൺ റിജിജു പ്രശംസിച്ചു. കത്തോലിക്കർ മതപരിവർത്തനം നടത്തുന്നതിന് പകരം അറിവാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫരീദാബാദ് അതിരൂപതയുടെ ആർച്ച് ബിഷപ്പായി കുര്യാക്കോസ് ഭരണി കുളങ്ങര സ്ഥാനമേറ്റ ചടങ്ങിന് ശേഷം നടന്ന അനുമോദന ചടങ്ങിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

'സബ് കാ സാത്ത്, സബ് കാ വികാസ്' എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും, സമൂഹ മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ കേന്ദ്രസർക്കാർ പ്രതിനിധികൾ പങ്കെടുത്തതും അദ്ദേഹം അനുസ്മരിച്ചു.

സഭയുടെ പ്രവർത്തനങ്ങളെ താൻ പ്രശംസിക്കുന്നതായും, എന്നാൽ ഇത്തരം ഒരു ചടങ്ങിൽ സംസാരിക്കാൻ താൻ അർഹനല്ലെന്നും മന്ത്രി വിനയപൂർവ്വം പറയുകയുണ്ടായി. കത്തോലിക്കാ സഭയുടെ പ്രവർത്തന മികവും സമൂഹത്തോടുള്ള അവരുടെ സംഭാവനകളും എടുത്തുപറഞ്ഞുകൊണ്ടാണ് മന്ത്രിയുടെ പ്രശംസ.