- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
24 പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് ബംഗളൂരുവിൽ; കോൺഗ്രസ് ആദ്യമായി ആതിഥ്യം വഹിക്കുന്ന യോഗത്തിൽ എത്തുന്ന നേതാക്കൾക്ക് സോണിയ ഗാന്ധിയുടെ വിരുന്ന്; പാർലമെന്റ് വർഷകാല സമ്മേളനത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒറ്റക്കെട്ടായി നിൽക്കുക എന്നതും ലക്ഷ്യം; വിശാല മുന്നണി യോഗം വിളിച്ച് എൻഡിഎയും
ബംഗളൂരു: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടത്തിന് തന്ത്രങ്ങൾ മെനയാൻ പ്രതിപക്ഷ കക്ഷികളുടെ ദ്വിദിന സമ്മേളനം ഇന്ന് ബംഗളൂരുവിൽ ആരംഭിക്കും. 24 പ്രതിപക്ഷ പാർട്ടികളുടെ ഉന്നത നേതാക്കൾ പങ്കെടുത്തേക്കുമെന്നാണ് സൂചനകൾ. കോൺഗ്രസ് ആദ്യമായിട്ടാണ് യോഗത്തിന് ആതിഥ്യം വഹിക്കുന്നത്. 24 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്കും മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് വിരുന്ന് നൽകും.
മുസ്ലിം ലീഗ്, കേരളാ കോൺഗ്രസ് (എം), കേരളാ കോൺഗ്രസ് (ജെ), ആർ.എസ്‌പി, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികളെയും ഇത്തവണ യോഗത്തിനു വിളിച്ചിട്ടുണ്ട്. ഡൽഹി സർക്കാരിനെതിരായ കേന്ദ്ര ഓർഡിനൻസിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ ആം ആദ്മി പാർട്ടിയും യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് കർണാടക കോൺഗ്രസ് ഈ മഹാ സമ്മേനത്തിന് ആതിഥേയത്വം വഹിക്കുന്നത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കുന്നുണ്ടെന്നതും ഐക്യ ശ്രമങ്ങൾക്ക് കൂടുതൽ കരുത്തു പകരും. ജൂൺ 23-ന് പട്നയിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആതിഥേയത്വം വഹിച്ച പ്രതിപക്ഷ ഐക്യത്തിനായുള്ള അവസാന യോഗത്തിൽ 15 പാർട്ടികൾ പങ്കെടുത്തു. കേന്ദ്ര നേതാക്കൾ പങ്കെടുത്ത പട്‌നയിലെ യോഗം വൻ വിജയമായിരുന്നു.
മഹാരാഷ്ട്രയിലെ എൻ.സി.പിയുടെ പിളർപ്പും പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം തൃണമൂലുമായുണ്ടായ കോൺഗ്രസ്, സിപിഎം അസ്വാരസ്യങ്ങൾക്കും ശേഷം പരസ്പരം പോരടിച്ചിരുന്ന പാർട്ടിയുടെ നേതാക്കൾ ഒരു പ്ലാറ്റ്‌ഫോമിൽ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ബംഗളൂരു സമ്മേളനത്തിനുണ്ട്.
ഡൽഹിയിലെ ബ്യൂറോക്രസിയുടെ നിയന്ത്രണം തിരിച്ചുപിടിച്ച വിവാദമായ കേന്ദ്ര ഉത്തരവിനെതിരെ ആം ആദ്മി പാർട്ടിയുടെ പ്രചാരണത്തിന് പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തിയതോടെ എ.എ.പിയും സമ്മേളനത്തിനെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ, തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ, ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ, ജെ.എം.എം. നേതാവും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ, ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കെജ്രിവാൾ, സമാജ്വാദിപാർട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം, തങ്ങളുടെ വംശീയ രാഷ്ട്രീയം സംരക്ഷിക്കാൻ പ്രതിപക്ഷ പാർട്ടികൾ സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ പ്രതികരിച്ചു. നിർദിഷ്ട സഖ്യം ജനാധിപത്യ സഖ്യമല്ല, രാജവംശങ്ങളുടെ സംരക്ഷണത്തിനുള്ള സഖ്യമാണെന്നും അദ്ദേഹം ജയ്പൂരിൽ പറഞ്ഞു.
പ്രതിപക്ഷ സഖ്യത്തെ നേരിടാൻ എൻ.ഡി.എയും വിശാല മുന്നണി യോഗം ഡൽഹിയിൽ വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് മെഗാ എൻ.ഡി.എ യോഗം നടക്കുന്നത്. ജൂലൈ 20ന് തുടങ്ങുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒറ്റക്കെട്ടായി നിൽക്കുക എന്നത് കൂടിയാണ് പ്രതിപക്ഷ യോഗത്തിന്റെ ലക്ഷ്യം.
മുന്നണിയിൽ ഇല്ലാത്ത നാല് പാർട്ടികളെ കൂടി എൻ.ഡി.എ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം വിട്ട ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോർച്ച, ഉപേന്ദ്ര കുശ് വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാർട്ടി, മുകേഷ് സാഹ്നിയുടെ വികാസ് ശീൽ ഇൻസാൻ പാർട്ടി എന്നിവർക്കാണ് ക്ഷണം. ഇവരെക്കൂടി എൻ.ഡി.എയിൽ ഉൾപ്പെടുത്തും.




