ലക്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലുള്ള മുസ്തഫാബാദ് എന്ന ഗ്രാമത്തിന്റെ പേര് 'കബീർധാം' എന്ന് മാറ്റാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. 2025-ലെ സ്മൃതി മഹോത്സവ് മേളയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുസ്ലീം ജനസംഖ്യയില്ലാത്ത ഒരു ഗ്രാമത്തിന് മുസ്തഫാബാദ് എന്ന് പേര് നൽകിയതിലുള്ള അത്ഭുതം അദ്ദേഹം പങ്കുവെച്ചു.

ഇത് ആദ്യമായല്ല ഉത്തർപ്രദേശിൽ ബിജെപി സർക്കാർ സ്ഥലപ്പേരുകൾ മാറ്റുന്നത്. അയോധ്യ, പ്രയാഗ്രാജ് തുടങ്ങിയ സ്ഥലങ്ങൾക്ക് അവയുടെ യഥാർത്ഥ പേരുകൾ തിരികെ നൽകിയതിന് സമാനമായി, കബീർധാമിനും അതിന്റെ ശരിയായ പേര് നൽകി പുനരുജ്ജീവിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഗ്രാമത്തിന്റെ പേര് മാറ്റുന്നതിനായി ഔപചാരിക നിർദ്ദേശം നൽകുമെന്നും ആവശ്യമായ ഭരണപരമായ നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തുടനീളമുള്ള എല്ലാ വിശ്വാസ കേന്ദ്രങ്ങളെയും വികസിപ്പിക്കാനും സൗന്ദര്യവൽക്കരിക്കാനും ഭാരതീയ ജനതാപാർട്ടി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.