- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ടു നിരോധനത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ വേട്ടയാടിയവർക്കുള്ള കനത്ത പ്രഹരമാണ് സുപ്രീംകോടതി ഉത്തരവ്; പുതുവർഷത്തിൽ രാഷ്ട്രത്തലവന് ലഭിച്ച പൊൻതൂവൽ കൂടിയാണ് സുപ്രീംകോടതിയുടെ വിധി എന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ
ന്യൂഡൽഹി: നോട്ട് നിരോധനത്തിന്റെ പേരിൽ പ്രധാനമന്ത്രിയെ കളിയാക്കിയവർക്ക് എതിരെയുള്ള ശക്തമായ പ്രഹരമാണ് സുപ്രീം കോടതി വിധിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മന്ത്രി വി മുരളീധരൻ. സുപ്രധാന തീരുമാനത്തിലൂടെ രാജ്യനന്മയാണ് നരേന്ദ്ര മോദി സർക്കാർ ലക്ഷ്യമിട്ടതെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതുവർഷത്തിൽ രാഷ്ട്രത്തലവന് ലഭിച്ച പൊൻതൂവൽ കൂടിയാണ് സുപ്രീംകോടതിയുടെ വിധിയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിച്ചതും സുതാര്യമാക്കിയതുമായ വിപ്ലവകരമായ നിലപാടായിരുന്നു നോട്ട് നിരോധനമെന്ന് ഇഴകീറി പരിശോധിച്ച കോടതിക്കും ബോധ്യപ്പെട്ടെന്നും മുരളീധരൻ തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
നോട്ട് നിരോധനം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അഞ്ചംഗ ബെഞ്ചിൽ നാല് ജഡ്ജിമാർ നോട്ട് നിരോധനം നടപ്പാക്കിയ കേന്ദ്ര നടപടി ശരിവെച്ചു. ജസ്റ്റിസ് നാഗരത്ന മാത്രമാണ് ഭിന്നവിധിയിൽ നിന്നിരുന്നത്. നോട്ട് നിരോധനം കൊണ്ടുവന്ന് ആറ് വർഷത്തിന് ശേഷം കേന്ദ്രസർക്കാരിന് ആശ്വാസകരമായ വിധിയാണ് ഉണ്ടായിരിക്കുന്നത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
നോട്ടു നിരോധനത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ വേട്ടയാടിയവർക്കുള്ള കനത്ത പ്രഹരമാണ് സുപ്രീംകോടതി ഉത്തരവ്. നിലപാടും ഇച്ഛാശക്തിയുമുള്ള രാഷ്ട്രത്തലവന്റെ തൊപ്പിയിൽ പുതുവർഷത്തിൽ ഒരു പൊൻതൂവൽ കൂടി. സുപ്രധാന തീരുമാനത്തിലൂടെ രാജ്യനന്മയാണ് നരേന്ദ്ര മോദി സർക്കാർ ലക്ഷ്യമിട്ടതെന്ന് അർഥശങ്കയില്ലാതെ കോടതി വ്യക്തമാക്കിയിരിക്കുന്നു.
സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിച്ച, സുതാര്യമാക്കിയ വിപ്ലവകരമായ നിലപാടെന്ന് ഇഴകീറി പരിശോധിച്ച കോടതിക്കും ബോധ്യപ്പെട്ടു. കള്ളപ്പണം, ഭീകരവാദം, കള്ളനോട്ട് എന്നിവയ്‌ക്കെതിരായ പോരാട്ടമെന്ന് പരമോന്നത കോടതി അടിവരയിടുന്നു. റിസർവ് ബാങ്കുമായി ആവശ്യത്തിന് കൂടിയാലോചന നടത്തിയെന്ന വിലയിരുത്തലുകളിലൂടെ സാങ്കേതികത്വത്തിലൂന്നിയുള്ള മറുവാദങ്ങളെയും കോടതി തള്ളി. ഭിന്നവിധിയിലെ വാചകങ്ങൾ ഉയർത്തിപ്പിടിച്ച് ആടിനെ പട്ടിയാക്കാൻ വീണ്ടും ശ്രമിക്കുന്നവർക്ക് നല്ല നമസ്‌കാരം !
മറുനാടന് മലയാളി ബ്യൂറോ