ന്യൂഡൽഹി: ഉദയനിധി സ്റ്റാലിന്റെ പരാമർശം ആയുധമാക്കി കേന്ദ്രമന്ത്രി വി മുരളീധരൻ. ഗണപതി മിത്താണെന്ന് പറയുന്ന ഷംസീറിന്റെ അതേവാചകം മറ്റൊരു രൂപത്തിൽ പറയുകയാണ് തമിഴ്‌നാട്ടിലെ ജൂനിയർ സ്റ്റാലിൻ ചെയ്തതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ കുറ്റപ്പെടുത്തി. ഇത് ഒരു ഒറ്റപ്പെട്ട പരാമർശമല്ലെന്നും ഇക്കാര്യത്തിൽ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളായ കോൺഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച് അധികാരവും അഴിമതിയും കുടുംബവാഴ്ചയും പതിറ്റാണ്ടുകളായി നടത്തുന്ന ആളുകൾക്ക് പലതരത്തിലുള്ള വികലമായ ധാരണകളുണ്ടാകും. ഗണപതി മിത്താണെന്ന് പ്രചരിപ്പിക്കുന്നവരും ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിൽക്കുന്ന പിണറായി വിജയന്റെ നിലപാടും ഇതെല്ലാം കൂട്ടിവായിക്കേണ്ടതുണ്ട്. രാജ്യവ്യാപകമായി ഈ നാടിന്റെ സംസ്‌കാരത്തിനെതിരായി നിലപാട് എടുക്കുക എന്നത് ഇന്ത്യ മൂന്നണിയുടെ നിലപാടാണ് ആണോ?.

ഇക്കാര്യത്തിൽ വിഡി സതീശന്റെയും കെ സുധാകരന്റെയും നിലപാട് ഇതുതന്നെയാണോ?. കേരളത്തിൽ നിന്ന് എംപിയായിട്ടുള്ള രാഹുൽ ഗാന്ധി ഇടയ്ക്ക് പൂണൂൽ ഇടുകയും ക്ഷേത്രങ്ങളിൽ കയറി ഇറങ്ങുകയും ഒക്കെ ചെയ്യകുയാണ്. അദ്ദേഹത്തിനും ഇക്കാര്യത്തിൽ സമാനമായ അഭിപ്രായമാണോ എന്നറിയാൻ ആഗ്രഹമുണ്ടെന്നും മുരളീധരൻ പറഞ്ഞു.

എല്ലാവരെയും ഉൾക്കൊള്ളുകയും നാനാത്വത്തിൽ ഏകത്വത്തിൽ വിശ്വസിക്കുകയും ചെയ്യുന്നതാണ് സനാതനധർമം. സനാതനധർമികളായിട്ടുള്ള ഈ നാട്ടിലെ ഭരണാധികാരികൾ കാണിച്ച വിശാലഹൃദയം കാരണം ഇവിടേക്ക് വന്ന എല്ലാവരെയും സ്വീകരിച്ചതിന്റെ ഫലമാണ് ഈ നാട് വൈവിധ്യങ്ങളുടെ നാടായത്. വിവിധ മതങ്ങളിലുള്ള ആളുകൾക്ക് മതപ്രചാരണം നടത്താനും ആരാധാനലയങ്ങൾ സ്ഥാപിക്കാനും ഒക്കെ അനുവാദം നൽകിയത് സനാതനധർമികളാണ്. ഒരു പീഡ ഉറുമ്പിനും വരുത്തരുതെന്ന് ശ്രീനാരായണ ഗുരു പറഞ്ഞതും ഇതേ സനാതനധർമ്മത്തിന്റെ ആശങ്ങളുടെ അടിസ്ഥാനത്തിലാണെന്നും മുരളീധരൻ പറഞ്ഞു.