ന്യൂഡൽഹി: ബിജെപി നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്ന വരുൺ ഗാന്ധി പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുമെന്ന ചർച്ചകൾ വീണ്ടും സജീവമാകുന്നു. ബിജെപി ദേശീയ സമിതി അംഗമായിരുന്ന വരുൺ ഗാന്ധിയെ ഇത്തവണ പുനഃസംഘടനയിൽ ഒഴിവാക്കിയിരുന്നു. അമ്മ മനേക ഗാന്ധിയേയും കുറച്ച് കാലമായി ബിജെപിയിൽ അതൃപ്തയാണ്. സമീപകാലത്തെ ചില പരാമർശങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് പൊതുതെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ കോൺഗ്രസിൽ വരുൺ ഗാന്ധി എത്തുമെന്ന രീതിയിൽ ചർച്ചകൾ സജീവമാകുന്നത്. 

സമീപകാലത്ത് വരുൺ ഗാന്ധി നടത്തിയ പ്രസ്താവനകളും സ്വന്തം പാർട്ടിയുടെ നയങ്ങളെയും കീഴ്‌വഴക്കങ്ങളെയും കുറിച്ചുള്ള തുറന്ന വിമർശനങ്ങളുമാണ് ഇങ്ങനൊരു ചർച്ചയിലേക്ക് വഴിവെച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി പ്രമുഖ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ ബിജെപിയോടുള്ള അദ്ദേഹത്തിന്റെ നിരാശ പ്രകടമായിരുന്നു.

ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ തുടക്കം മുതൽ ബിജെപി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന വരുൺ ഗാന്ധി നേതൃത്വത്തിന് എതിരെ നടത്തിയ വിമർശനങ്ങൾ പല സമയങ്ങളിലും ചർച്ചയായിരുന്നു.സംഘപരിവാർ കോൺഗ്രസിനും നെഹ്റുവിനുമെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർത്തിയപ്പോഴും വരുൺ ഗാന്ധി മൗനം പാലിച്ചിരുന്നു.

താൻ കോൺഗ്രസിനും പണ്ഡിറ്റ് നെഹ്റുവിനും എതിരല്ലെന്ന് പറയുന്ന വരുൺ ഗാന്ധിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാനും തുടങ്ങി. സഹോദരങ്ങളെ ഭിന്നിപ്പിക്കുകയും, സഹോദരങ്ങളെ കൊല്ലുകയും ചെയ്യുന്ന രാഷ്ട്രീയം നടക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

'ഞാൻ നെഹ്റുവിനും കോൺഗ്രസിനും എതിരല്ല. ആഭ്യന്തരയുദ്ധത്തിന് പ്രേരപ്പിക്കുന്നതല്ല മറിച്ച് ആളുകളെ ഒരുമിപ്പിച്ച് നിർത്തുന്നതായിരിക്കണം നമ്മുടെ രാഷ്ട്രീയം. ഇന്ന് മതത്തിന്റെയും ജാതിയുടെയും പേരിൽ മാത്രം വോട്ട് സമ്പാദിക്കുന്നവർ തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ എന്താണ് ചെയ്യുന്നതെന്ന് ജനങ്ങൾ ചോദിക്കണം. ആളുകളെ അടിച്ചമർത്തുന്നതിൽ വിശ്വസിക്കുന്ന രാഷ്ട്രീയം നമ്മൾ പിന്തുടരരുത്. ആളുകളുടെ പുരോഗമനമാണ് നാം രാഷ്ട്രീയത്തിലൂടെ ചെയ്യേണ്ടത്', വരുൺ ഗാന്ധി പറഞ്ഞു

ഈ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ ബഹുജനസമ്പർക്ക പരിപാടിയായ ഭാരത് ജോഡോ യാത്രയ്ക്കിടെ ചെങ്കോട്ടയ്ക്ക് സമീപം രാഹുൽ ഗാന്ധി നടത്തിയ പ്രസംഗവും വരുൺ ഗാന്ധിയുടെ പരാമർശങ്ങളും തമ്മിൽ സാമ്യമുണ്ടെന്ന വിലയിരുത്തലുമായി രാഷ്ട്രീയ നിരീക്ഷകർ രംഗത്ത് വരുന്നത്. ഇതോടെ വരുൺ ഗാന്ധി ബിജെപി വിട്ട് കോൺഗ്രസിലേക്ക് മാറാനുള്ള സാധ്യതയെക്കുറിച്ചുള്ള പുതിയ ഊഹാപോഹങ്ങൾ പ്രചരിക്കാനും കാരണമായി.

കോൺഗ്രസിൽ വരുൺ ഗാന്ധിക്ക് സ്ഥാനമുണ്ടോയെന്ന് ഒരു മാധ്യമപ്രവർത്തകൻ രാഹുൽ ഗാന്ധിയോട് ചോദിച്ചപ്പോൾ അത് പാർട്ടി അധ്യക്ഷനോട് ചോദിക്കണമെന്നായിരുന്നു മുൻ അധ്യക്ഷന്റെ പ്രതികരണം. പ്രതിപക്ഷ കക്ഷികൾ കാര്യക്ഷമമായി പ്രവർത്തിച്ചാൽ 2024 ൽ ബിജെപിക്ക് വിജയിക്കാൻ സാധിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിക്കെതിരെ ശക്തമായ അടിയൊഴുക്കുണ്ട്. പ്രതിപക്ഷ കക്ഷി നേതാക്കളെല്ലാം ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നുണ്ടെന്ന് തനിക്കറിയാമെന്നുമായിരുന്നു രാഹുൽ പ്രതികരിച്ചത്. ഇന്ത്യയെ ഒന്നിപ്പിക്കാൻ ആഗ്രഹിക്കുന്ന ആരുടെ മുന്നിലും യാത്രയുടെ വാതിലുകൾ തുറന്നുകിടക്കും. ആർക്കും യാത്രയിലേക്ക് കടന്ന് വരാമെന്നും രാഹുൽ പറഞ്ഞിരുന്നു.

നേരത്തെ ലഖിംപുർ ഖേരിയിൽ കർഷകരെ വാഹനം ഓടിച്ചുകയറ്റിയ സംഭവത്തിൽ ബിജെപിയെ ഏറെ പ്രതിരോധത്തിലാഴ്‌ത്തിയത് വിഷയത്തിൽ വരുൺ ഗാന്ധി നടത്തിയ പ്രതികരണം കൂടിയായിരുന്നു. കർഷകരെ കൊലപ്പെടുത്തി നിശബ്ദരാക്കാൻ ആവില്ലെന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

2019ലെ മോദി മന്ത്രിസഭയിൽ തന്റെ അമ്മ മനേക ഗാന്ധിക്കോ തനിക്കോ സ്ഥാനം ലഭിക്കാതെ വന്നതോടെയാണ് വരുൺ ഗാന്ധിയുടെ വിയോജിപ്പിന്റെ ആദ്യ സൂചനകൾ പുറത്തുവന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാൻ സാധ്യതയുള്ള നേതാവായി വരുൺ ഗാന്ധിയെ പരാമർശിച്ചിരുന്ന ഒരു സമയമുണ്ടായിരുന്നു. എന്നാൽ ഇതിന് തടയിട്ടുകൊണ്ടായിരുന്നു യോഗി ആദിത്യനാഥ് പെട്ടെന്ന് ആ സ്ഥാനത്തേക്ക് വന്നത്. ഇതേ തുടർന്ന് പിന്നീടിങ്ങോട്ട് ബിജെപിയെ വിമർശിക്കാനുള്ള ഒരു അവസരവും വരുൺ പാഴാക്കിയിട്ടില്ല.

ഇന്ദിര ഗാന്ധിയുടെ രണ്ടാമത്തെ മകനായിരുന്ന സഞ്ജയ് ഗാന്ധിയുടെ വിധവയാണ് മനേക ഗാന്ധി. സഞ്ജയ് ഗാന്ധിയുടെ മരണത്തോടെയാണ് മനേകയും ഇന്ദിരയും തമ്മിൽ അകലുന്നത്. പിന്നീട് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് പുറത്ത് പോകേണ്ടി വന്ന മനേക കോൺഗ്രസിൽ നിന്നും പുറത്ത് പോവുകയായിരുന്നു.

1984 ൽ, രജീവ് ഗാന്ധിക്കെതിരെ അമേഠിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മനേക മത്സരിച്ചെങ്കിലും വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു. അതിനിടെ രാഷ്ട്രീയ സഞ്ജയ് മഞ്ച് എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. 1988 ൽ വിപി സിങ്ങിന്റെ ജനതാ ദളിൽ ചേർന്നു, പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി. 89 ലെ തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിലെ പിലിഭിത്തിൽ നിന്ന് ആദ്യമായി തിരഞ്ഞെടുപ്പ് വിജയവും നേടി. 2004 ൽ ആണ് മനേക ഗാന്ധിയും മകൻ വരുൺ ഗാന്ധിയും ഔദ്യോഗികമായി ബിജെപിയിൽ അംഗത്വമെടുക്കുന്നത്. ഒന്നാം മോദി സർക്കാറിൽ മനേക അംഗമായിരുന്നു.