ന്യൂഡൽഹി: കേദാർനാഥ് ക്ഷേത്രത്തിൽ വെച്ച് പിതാവിന്റെ സഹോദരന പുത്രനായ വരുൺ ഗാന്ധിയെ കണ്ട് കോൺഗ്രസ നേതാവ് രാഹുൽ ഗാന്ധി. ബിജെപി എംപിയയായ വരുണിനെ കേദർനാഥിൽ അപ്രതീക്ഷിതമായാണ് രാഹുൽ കണ്ടത് എന്നാണ് റിപ്പോർട്ടുകൾ. ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷം ഇരുവരുമൊന്നിച്ച് അൽപനേരം സംസാരിച്ചതായാണ് വിവരം.

സഹോദരങ്ങളാണെങ്കിലും ഇരുവരും പൊതുയിടങ്ങളിൽ അപൂർവമായോ ഒരുമിച്ച് പ്രത്യക്ഷപ്പെടാറുള്ളൂ. ഇപ്പോൾ രണ്ടുപേരും നടത്തിയ കൂടിക്കാഴ്ച വരുൺ ഗാന്ധി ബിജെപി വിട്ട് കോൺഗ്രസിൽ ചേരുന്നതിന്റെ സൂചനയാണോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കുറച്ചു കാലമായി ബിജെപി നേതൃത്വവുമായി അത്ര സുഖത്തിലല്ല വരുൺ ഗാന്ധി.

രാഹുൽ ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധിയുടെ സഹോദരൻ സഞ്ജയ് ഗാന്ധിയുടെയും മനേക ഗാന്ധിയുടെയും മകനാണ് വരുൺ ഗാന്ധി. സമീപ കാലത്ത് നടന്ന ഉന്നത ബിജെപി യോഗങ്ങളിലൊന്നും വരുൺ ഗാന്ധിയെ കണ്ടിരുന്നില്ല. കർഷക നിയമമുൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ ബിജെപിക്കെതിരായ നിലപാടായിരുന്നു വരുൺ ഗാന്ധിയുടെത്. കുറഞ്ഞ നേരമാണ് രാഹുലും വരുണും സംസാരിച്ചതെങ്കിലും ക്രിയാത്മകമായിരുന്നു അതെന്നാണ് റിപ്പോർട്ട്. വരുണിന്റെ മകളെ കണ്ടതും രാഹുലിന്റെ സന്തോഷം ഇരട്ടിപ്പിച്ചു.

അതേസമയം, കൂടിക്കാഴ്ചക്കിടെ രാഷ്ട്രീയം കടന്നുവന്നില്ലെന്നും ഒരു വിഭാഗം പറയുന്നുണ്ട്. മുമ്പൊരിക്കൽ, വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് കോൺഗ്രസിലേക്ക് ആർക്കും കടന്നുവരാമെന്നായിരുന്നു രാഹുലിന്റെ മറുപടി. കോൺഗ്രസ് എതിർക്കുന്ന ബിജെപിയുടെയും ആർ.എസ്.എസിന്റെയും ആശയമാണ് വരുൺ പിന്തുടരുന്നതെന്നും രാഹുൽ സൂചിപ്പിച്ചിരുന്നു.

രാഹുൽ ഗാന്ധി മൂന്നുദിവസമായി കേദാർനാഥിലുണ്ട്. ചൊവ്വാഴ്ചയാണു വരുൺ ഗാന്ധി കുടുംബസമേതം കേദാർനാഥിലെത്തിയത്. ക്ഷേത്ര ദർശനത്തിന് എത്തിയ ഭക്തർക്കു ചായ വിതരണം ചെയ്ത രാഹുലിന്റെ വീഡിയോകളും നേരത്തെ വൈറലായിരുന്നു.

രാഹുലിന്റെ അപ്രതീക്ഷിത 'എൻട്രിയിൽ' ക്ഷേത്ര പരിസരത്തുണ്ടായിരുന്നവർ ഞെട്ടുകയും സെൽഫി ആവശ്യവുമായി രാഹുലിനെ സമീപിക്കുകയും ചെയ്തു. 'സർ, നിങ്ങളെ ഞങ്ങൾ ടിവിയിൽ കാണാറുണ്ട്. ഇതാദ്യമായാണ് നേരിൽ കാണുന്നത്. ഞാനൊരു സെൽഫി എടുത്തോട്ടെ'-രാഹുൽ ഗാന്ധി ചായ നൽകിയവരിൽ ഒരാൾ ചോദിച്ചു.