ചെന്നൈ: തമിഴ്‌നാട്ടില്‍ 2026ല്‍ നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കന്നിയങ്കം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ). പാര്‍ട്ടിയുടെ ആദ്യ സമ്മേളത്തില്‍ തന്നെ സംസ്ഥാന ഭരണമാണ് ലക്ഷ്യമിടുന്നതെന്നും വിജയ് വ്യക്തമാക്കിയിരുന്നു. ഡിഎംകെയെ കടന്നാക്രമിച്ചുള്ള വിജയുടെ പ്രസംഗത്തില്‍ അണ്ണാ ഡിഎംകെയെ കാര്യമായി വിമര്‍ശിച്ചിരുന്നില്ല. ഇതോടെ എഐഡിഎംകെയുമായി സഖ്യം രൂപീകരിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ തള്ളി തമിഴക വെട്രി കഴകം (ടിവികെ) രംഗത്തെത്തിയിരിക്കുകയാണ്. 'പാര്‍ട്ടിയുടെ വളര്‍ച്ച തടയുക എന്ന ഉദ്ദേശത്തോടെ, ഒരു പ്രമുഖ തമിഴ് ദിനപത്രം തമിഴക വെട്രി കഴകവും എഐഎഡിഎംകെയും തമ്മിലുള്ള സഖ്യത്തെ കുറിച്ച് അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. തെളിവുകളോ അടിസ്ഥാനമോ ഇല്ലാതെ ഈ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്,' പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദ് പറഞ്ഞു.

ഇത്തരം വാര്‍ത്തകള്‍ അവഗണിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടി തയ്യാറെടുക്കുകയാണെന്നും നിര്‍ണായക വിജയം നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

അതേ സമയം തമിഴക വെട്രിക്കഴകം അധ്യക്ഷനും നടനുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മപുരി ജില്ലയില്‍നിന്ന് മത്സരിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജില്ലയിലെ ഒരു മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് വിജയ് ആലോചിക്കുന്നതെന്ന് ടി.വി.കെ. ധര്‍മപുരി ജില്ലാ സെക്രട്ടറി ശിവ പറഞ്ഞിരുന്നു.

ധര്‍മപുരിയില്‍ നടന്ന ജില്ലാ യോഗത്തിലായിരുന്നു വെളിപ്പെടുത്തല്‍. ജില്ലയിലെ ഒരു മണ്ഡലത്തില്‍നിന്ന് വിജയ് മത്സരിക്കുമെന്നും എല്ലാവരും അദ്ദേഹത്തിന്റെ വിജയത്തിനായി പ്രയത്നിക്കണമെന്നും ശിവ പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വണ്ണിയര്‍ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള ജില്ലയാണ് ധര്‍മപുരി. വണ്ണിയര്‍ പാര്‍ട്ടിയായ പി.എം.കെ.യുടെ കോട്ടയായി കരുതുന്ന ജില്ലകൂടിയാണ്. വിജയ് ഇവിടെനിന്ന് മത്സരിക്കുമെന്ന സൂചന പുറത്ത് വന്നതോടെ ടി.വി.കെ.യും പി.എം.കെ.യും സഖ്യമുണ്ടാക്കുമെന്ന് വിലയിരുത്തലുമുണ്ട്.

ടി.വി.കെ.യുമായി സഖ്യമുണ്ടാക്കുന്ന പാര്‍ട്ടികളുമായി കൂട്ടുകക്ഷി ഭരണത്തിന് തയ്യാറാണെന്ന് വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂട്ടുകക്ഷി ഭരണ സഖ്യത്തിലാകും പി.എം.കെ.യെന്ന് കഴിഞ്ഞദിവസം പാര്‍ട്ടി അധ്യക്ഷന്‍ അന്‍പുമണി രാമദാസും പറഞ്ഞിട്ടുണ്ട്. നിലവില്‍ എന്‍ഡിഎ സഖ്യത്തിലുള്ള പിഎംകെക്കുള്ളില്‍ ടിവികെയുമായി സഖ്യത്തിന് ആലോചനയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എഐഎഡിഎംകെക്കും പട്ടാളി മക്കള്‍ കക്ഷിക്കും സ്വാധീനമുള്ള മണ്ഡലങ്ങളാണ് ധര്‍മ്മപുരിയിലുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍. പിഎംകെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ വിട്ട് എന്‍ഡിഎക്കൊപ്പം ചേര്‍ന്നിരുന്നു. ബിജെപിയുമായുള്ള സഖ്യത്തെ പിഎംകെയുടെ പ്രാദേശിക നേതാക്കള്‍ സന്ദേഹത്തോടെയാണ് സ്വീകരിച്ചത്. ജാതി സെന്‍സസ്, നീറ്റ് പരീക്ഷ തുടങ്ങിയ വിഷയങ്ങളില്‍ പിഎംകെ പുലര്‍ത്തിവന്ന നിലപാടുകള്‍ക്ക് വിരുദ്ധമായ തീരുമാനമെന്ന നിലയില്‍ പ്രാദേശിക നേതാക്കള്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അണ്ണാ ഡിഎംകെയിലും ഡിഎംകെയിലും മാറിമാറി കൂട്ടണി ചേര്‍ന്നിട്ടുള്ള കക്ഷിയാണ് പിഎംകെ.

അതേ സമയം പിഎംകെയെക്കാള്‍ വിടുതലൈ ചിരുതൈകള്‍ കക്ഷിയെയാണ് (വിസികെ) വിജയ് ഉന്നംവെക്കുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഡിഎംകെ സഖ്യത്തിന്റെ നട്ടെല്ലാണ് വിസികെ എന്ന് പറയാം. ഈ കക്ഷിയെ അടര്‍ത്തിയെടുത്താ തമിഴക രാഷ്ട്രീയം ആകെയും മാറും. പിഎംകെയും വിസികെയും ബദ്ധശത്രുക്കളാണ്. ഇവര്‍ ഒരുമിച്ച് ഒരു സഖ്യം ചേരുന്നത് അസാധ്യവുമാണ്. ഇരുവരും ഡിഎംകെ സഖ്യത്തില്‍ ഒരുമിച്ചുണ്ടായിരുന്ന ഘട്ടത്തില്‍ രണ്ട് പാര്‍ട്ടിക്കും വോട്ട് വിഹിതത്തില്‍ കുറവ് സംഭവിച്ചിരുന്നു.

സഖ്യകക്ഷികള്‍ക്ക് മന്ത്രിപദവി നല്‍കാത്ത രീതിയാണ് എഐഎഡിഎംകെയും ഡിഎംകെയും കാലങ്ങളായി പിന്തുടരുന്നത്. ഇതിന് വിരുദ്ധമായ ഒരു രാഷ്ട്രീയ സമീപനം തമിഴ്‌നാട്ടില്‍ കൊണ്ടുവരുമെന്ന് വിജയ് തന്റെ ആദ്യ രാഷ്ട്രീയ പൊതുയോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. താന്‍ ഡിഎംകെ വിടില്ലെന്ന് വിസികെയുടെ തിരുമാവളവന്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹം പിന്നണിയില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതായി ഡിഎംകെക്ക് സംശയമുണ്ട്.

തിരുമാവളവന് ഉപമുഖ്യമന്ത്രിയാകാന്‍ എന്തുകൊണ്ടും യോഗ്യതയുണ്ടെന്ന് വിസികെ നേതാക്കള്‍ പലരും പരസ്യമായി പ്രസ്താവിക്കുന്നുണ്ട്. അധികാരത്തില്‍ കുറെക്കൂടി പങ്ക് വേണമെന്ന ആവശ്യവും അവരുന്നയിക്കുന്നു. വടക്കന്‍ തമിഴ്‌നാട് പ്രദേശങ്ങളില്‍ വിസികെയുടെ സ്വാധീനം നിര്‍ണായകമാണ്. അതെസമയം വിസികെക്കകത്ത് ഈ വിഷയത്തില്‍ ഭിന്നിപ്പുണ്ട് എന്നതും ശ്രദ്ധേയമാണ്. പല വിസികെ എംഎല്‍എമാരും ഡിഎംകെയുമായുള്ള കൂട്ടണിയില്‍ നിന്ന് പിന്‍വാങ്ങുന്നതിനോട് യോജിക്കുന്നില്ല.

തിരുമാവളവന്‍ ടിവികെ നേതാവ് വിജയ് പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ പങ്കുകൊള്ളുമെന്ന റിപ്പോര്‍ട്ടുകള്‍ തമിഴ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. വിജയ് പങ്കെടുക്കുന്ന പരിപാടിയിലെ തിരുമാവളവന്റെ സാന്നിധ്യം നല്‍കുന്ന സന്ദേശങ്ങള്‍ ഡിഎംകെയുമായുള്ള കൂട്ടണിയില്‍ സംശയം വളര്‍ത്തുമെന്നതിനാല്‍ പല നേതാക്കളും അത് അരുതെന്ന് വിലക്കുന്നുണ്ട്. എന്നാല്‍ അതൊന്നും വകവെക്കാതെ തിരുമാവളവന്‍ പരിപാടിയില്‍ പങ്കുകൊള്ളാന്‍ സമ്മതം മൂളിയതായാണ് വിവരം.

എതിര്‍കക്ഷി നേതാവ് പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുത്തെന്നു വെച്ച് അത് പ്രത്യേകിച്ചൊരു രാഷ്ട്രീയ സന്ദേശവുമാകുന്നില്ല എന്നാണ് തിരുമാവളവനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. ഡിസംബര്‍ 6നാണ് പരിപാടി നടക്കുക. പരിപാടിയില്‍ പങ്കുകൊള്ളാന്‍ താന്‍ തീരുമാനിച്ചിട്ടില്ലെന്ന് തിരുമാവളവന്‍ ഇപ്പോള്‍ പറയുന്നുണ്ട്.