- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട്ടില്‍ വന്‍ രാഷ്ട്രീയ മുന്നേറ്റത്തിന് വിജയ്; ജോഡോ യാത്ര മാതൃകയില്‍ സംസ്ഥാനത്ത് പദയാത്ര നടത്തും; നാല് സോണല്‍ സമ്മേളനങ്ങളും നടത്തും
ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തമിഴ്‌നാട്ടില്‍ വലിയ രാഷ്ട്രീയ മുന്നേറ്റത്തിന് ഒരുങ്ങി ഇളയ ദളപതി വിജയ്. തമിഴ്‌നാട്ടിലുടനീളം കാല്‍ നടയായി യാത്ര ചെയ്ത് ജനങ്ങളെ നേരിട്ട് കാണാനാണ് താരത്തിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം ഉടന്‍ നടത്തും. സംസ്ഥാന സമ്മേളനത്തിന് പുറമെ നാല് സോണല്‍ സമ്മേളനങ്ങളും പാര്‍ട്ടി നടത്തും. ട്രിച്ചിയിലായിരിക്കും പാര്‍ട്ടിയുടെ ആദ്യ സമ്മേളനം നടക്കുക.
ഇതിന് പുറമെ തമിഴ്‌നാട്ടിലെ നൂറ് നിയമസഭാ മണ്ഡലങ്ങളില്‍ വിജയ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം കാല്‍നടയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ മാതൃകയിലായിരിക്കും വിജയുടെ കാല്‍നടയാത്രയും. ജനങ്ങളെ നേരിട്ട് കാണുന്ന രീതിയിലായിരിക്കും വിജയുടെ യാത്ര.
രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം ഇതു വരെ തമിഴക വെട്രി കഴകത്തിന്റെ ഒരു സമ്മേളനം പോലും താരം വിളിച്ചിരുന്നില്ല. നേരത്തെ താരത്തിന്റെ 50ആം പിറന്നാള്‍ ദിനത്തില്‍ പാര്‍ട്ടിയുടെ മഹാസമ്മേളനം മധുരയില്‍ വിളിക്കുമെന്നായിരുന്നു സൂചനയെങ്കിലും അത് സംഭവിച്ചില്ല. കള്ളക്കുറിച്ചിയിലെ മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പിറന്നാള്‍ ആഘോഷം താരം മാറ്റി വച്ചിരുന്നു.
എന്തായാലും നിലവിലെ രാഷ്ട്രീയ സാഹചര്യം വിജയ്ക്ക് അനുകൂലമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കള്ളക്കുറിച്ചി മദ്യ ദുരന്തത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെ വിമര്‍ശിച്ച താരം, രാഷ്ട്രിയ പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെയുള്ള തന്റെ ആദ്യ നിലപാടാണ് വ്യക്തമാക്കിയത്. പത്ത് പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികളെ അനുമോദിക്കാനായി വിജയ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തമിഴ്‌നാടിനെ വരിഞ്ഞു മുറുക്കുന്ന ലഹരിമാഫിയക്കെതിരെ താരം തുറന്നടിച്ചിരുന്നു.
യോഗത്തില്‍ പങ്കെടുത്ത വിജയ്, വേദിയില്‍ കയറാതെ സദസിലുണ്ടായിരുന്ന ദളിത് വിദ്യാര്‍ഥികള്‍ക്കൊപ്പം ഇരുന്നതും വലിയ ചര്‍ച്ചായി. ദളിത് വോട്ട് ബാങ്കാണ് താരം ലക്ഷ്യം വയ്ക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് താരത്തിന്റെ നിലപാടുകള്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബിഎസ്പി നേതാവ് ആംസ്‌ട്രോങിന്റെ മരണത്തെ വിജയ് അപലപിച്ചതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. എന്തായാലും കാല്‍നടയാത്രയും സമ്മേളനങ്ങളും നടത്തി ഒരു മികച്ച മാസ് എന്‍ട്രി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നടത്താന്‍ തന്നെയാണ് താരത്തിന്റെ നീക്കം.