- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചു; പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ അനുമതി തേടി വിജയ്‌യുടെ തമിഴക വെട്രി കഴകം; സീനിയർ പൊലീസ് സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തി ടിവികെ പ്രതിനിധി
ചെന്നൈ: റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ). ഡിസംബർ 9ന് പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടിൽ പൊതുയോഗം നടത്താനാണ് ടിവികെ ലക്ഷ്യമിടുന്നത്. ഇതിനായി ടിവികെ പ്രതിനിധി സംഘം സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കലൈവാനനുമായി കൂടിക്കാഴ്ച നടത്തി. പൊതുയോഗത്തിന് അനുമതി നൽകുന്ന കാര്യത്തിൽ കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനമുണ്ടാകൂ എന്ന് അദ്ദേഹം അറിയിച്ചു.
നേരത്തെ, ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്‌യുടെ റോഡ് ഷോ നടത്താനായിരുന്നു ടിവികെ പദ്ധതിയിട്ടിരുന്നത്. എന്നാൽ, വിവിധ കോണുകളിൽ നിന്ന് ഉയർന്ന പ്രതിഷേധങ്ങളെ തുടർന്ന് റോഡ് ഷോയ്ക്ക് അനുമതി നൽകാനാവില്ലെന്ന് പൊലീസ് പാർട്ടിയെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊതുയോഗം നടത്താൻ അനുമതി തേടിയിരിക്കുന്നത്.
സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ചിരുന്നു. ഈ സംഭവത്തെ തുടർന്ന് രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജയ് പൊതുപരിപാടികളിൽ വീണ്ടും സജീവമാകാനുള്ള നീക്കങ്ങൾ നടത്തുന്നത്.




