- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ ഗോദയില്‍ 'പോരാട്ടം' തുടരാന്‍ വിനേഷ് ഫോഗട്ട്; ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും; കരുനീക്കവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്സിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിനേഷ് മത്സരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തേ രാഷ്ട്രീയത്തിലേക്കില്ലെന്ന് താരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വിനേഷിനെ സമീപിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. ബിജെപി അംഗവും ബന്ധുവുമായ ബബിത ഫോഗട്ടിനെതിരെ വിനേഷ് മത്സരിക്കുമെന്നാണ് അഭ്യൂഹം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹരിയാനയിലെ ദാദ്രിയില്‍ മത്സരിച്ച ബബിത ഫോഗട്ട് തോറ്റിരുന്നു. സജീവ […]
ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്സിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിനേഷ് മത്സരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തേ രാഷ്ട്രീയത്തിലേക്കില്ലെന്ന് താരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വിനേഷിനെ സമീപിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.
ബിജെപി അംഗവും ബന്ധുവുമായ ബബിത ഫോഗട്ടിനെതിരെ വിനേഷ് മത്സരിക്കുമെന്നാണ് അഭ്യൂഹം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹരിയാനയിലെ ദാദ്രിയില്‍ മത്സരിച്ച ബബിത ഫോഗട്ട് തോറ്റിരുന്നു. സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നാണ് വിനേഷ് ഫോഗട്ട് നിലവില്‍ നിലപാടെടുത്തിരിക്കുന്നതെങ്കിലും, രാഷ്ട്രീയത്തിലേക്കു വരണമെന്ന് അവരെ ബോധ്യപ്പെടുത്താന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഊര്‍ജിതമായി ശ്രമിക്കുന്നതായാണ് വിവരം. അതേസമയം, രാഷ്ട്രീയപ്പോരാട്ടത്തിന് വിനേഷ് സന്നദ്ധത അറിയിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
"വിനേഷ് ഫോഗട്ട് എന്തുകൊണ്ട് രാഷ്ട്രീയത്തില്‍ ഇറങ്ങിക്കൂടാ? ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ട് ബബിത ഫോഗട്ട് മത്സരവും ബജ്രംഗ് പൂനിയ യോഗേശ്വര്‍ ദത്ത് മത്സരവും നടന്നേക്കാം. ഇക്കാര്യത്തില്‍ വിനേഷ് ഫോഗട്ടിനെ സ്വാധീനിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നുണ്ട്' ഫോഗട്ട് കുടുംബവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഹരിയാനയില്‍ വിനേഷിന്റെ പേരില്‍ ഇതിനോടകംതന്നെ രാഷ്ട്രീയ കരുനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് മതിയായ അംഗ സംഖ്യ ഉണ്ടായിരുന്നെങ്കില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് വിനേഷിനെ നാമനിര്‍ദേശം ചെയ്യുമെന്ന് ഹരിയാന പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ ഇതിനോടകം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിനേഷ് ഫോഗട്ട് ഏത് രാഷ്ട്രീയപാര്‍ട്ടിയിലാണ് ചേരുകയെന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.
ഭാരപരിശോധനയില്‍ പരാജയപ്പെട്ട് പാരിസ് ഒളിംപിക്സില്‍നിന്ന് അയോഗ്യയാക്കപ്പെട്ടതിനു പിന്നാലെ നല്കിയ അപ്പീല്‍ രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതി തള്ളിയെങ്കിലും, നാട്ടില്‍ തിരിച്ചെത്തിയ വിനേഷ് ഫോഗട്ടിന് രാജ്യം വീരോചിത സ്വീകരണമാണ് നല്‍കിയത്. ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം മുതല്‍ സ്വദേശമായ ഹരിയാനയിലെ ബലാലി വരെ വിവിധയിടങ്ങളില്‍ താരത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ഇതിനു പിന്നാലെയാണ് വിനേഷ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന അഭ്യൂഹം.
കോണ്‍ഗ്രസ് നേതാവും എം.പിയുമായ ദീപേന്ദ്ര ഹൂഡയുടെ നേതൃത്വത്തിലായിരുന്നു വിനേഷിന് സ്വീകരണം നല്‍കിയത്. ബി.ജെ.പി. നേതൃത്വവും വിനേഷ് ഫൊഗട്ടിന് വരവേല്പൊരുക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കിയിരുന്നെങ്കിലും ദീപേന്ദ്ര ഹൂഡയും കോണ്‍ഗ്രസും അതിനെയൊക്കെ മറികടന്ന്, ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് വിനേഷ് ഫൊഗട്ടിനെ സ്വീകരിച്ചു.
ബംജ്റംഗ് പുനിയ, സാക്ഷി മാലി അടക്കമുള്ള താരങ്ങളും ദീപേന്ദ്ര ഹൂഡയ്ക്കൊപ്പം അണിനിരന്നു. രാജ്യതലസ്ഥാനത്ത് വന്‍ജനക്കൂട്ടത്തിന് നടുവിലൂടെ, തുറന്ന ജീപ്പില്‍ റോഡ് ഷോയായാണ് വിനേഷ് ഫൊഗട്ടിന് സ്വീകരണമൊരുക്കിയത്. പൂക്കളും ഹാരങ്ങളും ജനക്കൂട്ടത്തിനിടയില്‍ നിന്ന് താരത്തിന് നേരെ വര്‍ഷിച്ചു. കണ്ണീരണിഞ്ഞ വിനേഷ് ഫൊഗട്ടിനെ കൂടെ ഉണ്ടായിരുന്നവര്‍ ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ചു.
പാരീസ് ഒളിമ്പിക്സില്‍ വനിതകളുടെ ഗുസ്തിയില്‍ 50 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ ഫൈനലിലെത്തിയതായിരുന്നു വിനേഷ് ഫോഗട്ട്. ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രം സൃഷ്ടിച്ച്, മണിക്കൂറുകള്‍ക്കകം നടന്ന ഭാരപരിശോധനയില്‍ പരാജയപ്പെട്ടു. 100 ഗ്രാം അധികഭാരം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിനേഷ് ഫോഗട്ടിന് അയോഗ്യത കല്‍പ്പിക്കുകയായിരുന്നു. പിന്നാലെ അയോഗ്യതക്കെതിരെയും വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യമുന്നയിച്ചും വിനേഷ് അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളി. ഇതോടെ താരത്തിന് മെഡലില്ലാതെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.