ന്യൂഡൽഹി: ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനൊപ്പം വിവിപാറ്റുകളിലെ സ്ലിപ്പുകളും മുഴുവൻ ഒത്തുനോക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളിയെങ്കിലും സുപ്രീംകോടതി മുമ്പോട്ട് വയ്ക്കുന്ന നിർണ്ണായക നിർദ്ദേശങ്ങൾ. തിരഞ്ഞെടുപ്പ് സംവിധാനം ബാലറ്റ് പേപ്പറുകളിലേക്ക് തിരിച്ചുപോകണം എന്ന ആവശ്യവും കോടതി തള്ളിയത് കമ്മീഷന് ആശ്വാസമാണ്.

തിരഞ്ഞെടുപ്പ് കമ്മിഷന് ചില നിർദ്ദേശങ്ങൾ നൽകികൊണ്ടാണ് ഹർജികൾ തള്ളിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. രണ്ട് നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്. വോട്ടിങ് മെഷീനിൽ ചിഹ്നം ലോഡുചെയ്യൽ പ്രക്രിയ പൂർത്തിയാക്കിയ ശേഷം, സിംബൽ ലോഡിങ് യൂണിറ്റ് സീൽ ചെയ്യണം എന്നതാണ് ഒരു നിർദ്ദേശം. ഫലപ്രഖ്യാപനത്തിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം സിംബൽ ലോഡിങ് യുണിറ്റും 45 ദിവസത്തേക്ക് സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് കൂടുതൽ സുതാര്യമാക്കുന്നതിന് ഇത് ഉപകരിക്കും. ഇതോടൊപ്പം ഫലപ്രഖ്യാപനം വൈകുകയുമില്ല.

ഫലപ്രഖ്യാപനത്തിന് ശേഷം അഞ്ച് ശതമാനം ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവയിലെ മൈക്രോ കൺട്രോളർ യൂണിറ്റ് ഇലക്ട്രാണിക് വോട്ടിങ് യന്ത്രം എൻജിനീയർമാരെ കൊണ്ട് പരിശോധിപ്പിക്കാൻ സ്ഥാനാർത്ഥികൾക്ക് അവസരം നൽകണം. തിരഞ്ഞെടുപ്പിൽ രണ്ടും, മൂന്നും സ്ഥാനങ്ങളിൽ എത്തുന്ന സ്ഥാനാർത്ഥികൾ എഴുതി നൽകിയാൽ ആണ് ഈ പരിശോധന നടത്തേണ്ടത്. ഫലപ്രഖ്യാപനം നടന്ന് ഏഴ് ദിവസത്തിനുള്ളിലാണ് പരിശോധന ആവശ്യപ്പെട്ട് കത്ത് നൽകേണ്ടത്. പരിശോധനയുടെ ചെലവ് സ്ഥാനാർത്ഥികൾ വഹിക്കണം. എന്നാൽ ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ ഈ തുക കമ്മിഷൻ തിരികെ നൽകണം.

ഇങ്ങനെ വോട്ടിങ് യന്ത്രത്തിൽ പരിശോധന നടത്തുമ്പോൾ പ്രശ്‌നങ്ങൾ കണ്ടെത്തിയില്ലെങ്കിൽ അത് വോട്ടിങ് യന്ത്രത്തിന്റെ സുതാര്യതയിലേക്ക് കാര്യങ്ങളെ എത്തിക്കും. മറിച്ചായാൽ അത് വലിയ പ്രതിസന്ധിയുമുണ്ടാക്കും. ഏതായാലും വോട്ടിങ് മിഷിനുമായി ബന്ധപ്പെട്ട് നാളുകളായി ഉയരുന്ന ആരോപണങ്ങളിലെ വസ്തുതകൾ തെളിയിക്കാൻ പോന്നതാണ് സുപ്രീംകോടതി ഇടപെടൽ. അഞ്ചു ശതമാനം വിവി പാറ്റ് പരിശോധിച്ചാൽ പോലും ക്രമക്കേടോ അട്ടിമറിയോ ഉണ്ടായോ എന്ന് വ്യക്തമാകുമെന്നതാണ് വസ്തുത.

അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഉൾപ്പെടെയുള്ളവരാണു ഹർജി നൽകിയിരുന്നത്. ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് 2 വ്യത്യസ്ത വിധികളാണു പറഞ്ഞത്. ഹർജികളിൽ തിരഞ്ഞെടുപ്പു കമ്മിഷനിൽനിന്നു സുപ്രീംകോടതി സാങ്കേതിക വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു വിധി പ്രസ്താവിച്ചത്.

മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണുന്നത് പ്രായോഗികമല്ലെന്നും കോടതി പറഞ്ഞു. എന്നാൽ, സ്ലിപ്പ് ലോഡിങ് യൂണിറ്റ് സീൽ ചെയ്തു സൂക്ഷിക്കാമെന്നു വ്യക്തമാക്കി. ഒരു സംവിധാനത്തെ മുഴുവൻ അന്ധമായി സംശയത്തിന്റെ നിഴലിൽ നിർത്താനാകില്ല. ജനാധിപത്യമെന്നത് എല്ലാവരെയും ഐക്യത്തിലും വിശ്വാസത്തിലും നിലനിർത്താനുള്ളതാണ്. വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും സംസ്‌കാരം നിലനിർത്താൻ ജനാധിപത്യത്തിന്റെ ശബ്ദം കരുത്തുറ്റതാക്കി മാറ്റണം. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഹർജികളിൽ തീരുമാനമെടുത്തതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

ആരോപണങ്ങളിലൂടെ അനാവശ്യ ചർച്ചകൾക്കു വഴിയൊരുക്കരുതെന്നു പറഞ്ഞ കോടതി, ഹർജിക്കാർ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കാൻ ചില നിർദ്ദേശങ്ങളും മുന്നോട്ടു വക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വിഷയം പരിഗണിച്ചപ്പോൾ വോട്ടിങ് മെഷീന്റെയും വിവിപാറ്റിന്റെയും പ്രവർത്തനവുമായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങൾ ജഡ്ജിമാർ ഉയർത്തിയിരുന്നു. മൈക്രോ കൺട്രോളർ എവിടെയാണു ഘടിപ്പിക്കുന്നത്, ഒന്നിലേറെ തവണ പ്രോഗ്രാം ചെയ്യാൻ സാധിക്കുമോ, തിരഞ്ഞെടുപ്പിനുശേഷം എത്ര ദിവസം വരെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചുവയ്ക്കാറുണ്ട് തുടങ്ങിയ ചോദ്യങ്ങളാണു കോടതി ഉയർത്തിയത്.

അന്ന് ഉച്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിച്ചപ്പോൾ തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥർ നേരിട്ടെത്തി ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തി. അതിന് ശേഷമാണ് വിധി പറഞ്ഞത്.