- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എവിടെയാണ് തെറ്റുപറ്റിയതെന്ന് പരിശോധിക്കണം; പരാജയ കാരണം പഠിക്കാന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമുണ്ട്; പ്രചരണത്തില്‍ നേരിട്ട് പങ്കാളികളായവര്‍ കാരണങ്ങള്‍ വിശദീകരിക്കണം; തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ല'; ബിഹാര്‍ തോല്‍വിയിലെ പ്രതികരണത്തില്‍ ഹൈക്കമാന്‍ഡിനെ കുത്തി ശശി തരൂര്‍
'എവിടെയാണ് തെറ്റുപറ്റിയതെന്ന് പരിശോധിക്കണം; പരാജയ കാരണം പഠിക്കാന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമുണ്ട്
തിരുവനന്തപുരം: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. എവിടെയാണ് തെറ്റുപറ്റിയതെന്ന് പരിശോധിക്കണമെന്നും പരാജയകാരണം പഠിക്കാന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും തരൂര്‍ പറഞ്ഞു. പ്രചരണത്തില്‍ നേരിട്ട് പങ്കാളികളായവര്‍ കാരണങ്ങള്‍ വിശദീകരിക്കണമെന്നും തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കുത്തിക്കൊണ്ടാണ് തരൂരിന്റെ പ്രതികരണം.
സ്ത്രീ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഹായങ്ങള്‍ നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കുന്നത് പുതുമയുള്ളതല്ല. അത് ചെയ്യുന്നതില്‍ സര്‍ക്കാരുകളെ തടയാനും കഴിയില്ലെന്ന് തരൂര്‍ പറഞ്ഞു. ബിഹാറില്‍ 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഒടുവിലത്തെ ലീഡ് നില അനുസരിച്ച് 5 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്.
നേരത്തെ സമീപ വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് കൂടുതല്‍ ഇടതുപക്ഷ സ്വഭാവമുള്ള പാര്‍ട്ടിയായി മാറിയെന്ന് തരൂര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ബിജെപിയുടെ ഭിന്നിപ്പ് രാഷ്ട്രീയം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. തന്റെ പരാമര്‍ശങ്ങള്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ചല്ല, മറിച്ച് വിശ്വാസങ്ങളെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചാണെന്നും അവിടെ ചില വിടവുകള്‍ നികത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒന്നിക്കുന്നത് റാഡിക്കല്‍ സെന്‍ട്രിസത്തിന്റെ പ്രായോഗിക രൂപമാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കവേയാണ് തരൂര്‍ ഇങ്ങനെ സംസാരിച്ചത്. ഹൈദരാബാദില്‍ റാഡിക്കല്‍ സെന്‍ട്രിസം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
'തന്ത്രപരമായ ക്രമീകരണങ്ങള്‍ കൂടുതലായി നടത്തിയിട്ടുണ്ട്. സത്യത്തില്‍, ചില കാര്യങ്ങളില്‍, അതിന്റെ ഒരു പ്രത്യാഘാതം എന്റെ പാര്‍ട്ടി പഴയതിനേക്കാള്‍ കൂടുതല്‍ ഒരുതരം ഇടതുപാര്‍ട്ടിയായി മാറിയിരിക്കുന്നു എന്നതാണ്. ഡോ. മന്‍മോഹന്‍ സിങ്ങിന്റെ കാലത്തെ പാര്‍ട്ടിയെ നോക്കുകയാണെങ്കില്‍, അതിന്റെ സമീപനം കൂടുതല്‍ ബോധപൂര്‍വം മധ്യനിലപാടുള്ളതായിരുന്നു എന്ന് വാദിക്കാം. മുന്‍ ബിജെപി സര്‍ക്കാരിന്റെ ചില നയങ്ങള്‍ അത് കടംകൊണ്ടിരുന്നു,' തരൂര്‍ പറഞ്ഞു.
അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കീഴില്‍ 1990-കളുടെ തുടക്കത്തില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന നയങ്ങള്‍, കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അധികാരത്തില്‍ വന്ന ബിജെപി പിന്തുടര്‍ന്നുവെന്ന് തരൂര്‍ അനുസ്മരിച്ചു. 1991-നും 2009-നും ഇടയില്‍ ഒരു മധ്യനിലപാട് ഘട്ടമുണ്ടായിരുന്നുവെന്നും അതിനുശേഷം ഒരുപക്ഷേ മാറ്റങ്ങള്‍ വന്നുതുടങ്ങിയെന്ന് വാദിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തായിരുന്ന കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍, കോണ്‍ഗ്രസ് പഴയതിനേക്കാള്‍ കൂടുതല്‍ ഇടതുപക്ഷ സ്വഭാവമുള്ള പാര്‍ട്ടിയായി മാറിയതായും അത് തന്ത്രപരമായ ക്രമീകരണമാണോ തത്വശാസ്ത്രപരമായ ബോധ്യമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന്, സാഹചര്യങ്ങളില്‍ വലിയ വ്യത്യാസമുണ്ടാകാത്ത പക്ഷം താന്‍ മത്സരിക്കുന്നതിനുള്ള സാധ്യതയില്ലെന്നും തരൂര്‍ പറഞ്ഞു. മത്സരിക്കാന്‍ സാധ്യമായ ഒരു നടപടിക്രമവും സംവിധാനവും കോണ്‍ഗ്രസിനുണ്ടായിരുന്നു എന്നതില്‍ തനിക്കിപ്പോഴും സന്തോഷമുണ്ടെന്ന് തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ മാത്രമല്ല, രാജ്യത്തെ എല്ലാ പാര്‍ട്ടിയിലും പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഭാരവാഹികള്‍ക്ക് കാലാവധി പരിധി വേണമെന്നും ഒരു പാര്‍ട്ടിയിലും ആരും അനിശ്ചിതകാലത്തേക്ക് പദവി വഹിക്കരുതെന്നും താന്‍ വിശ്വസിക്കുന്നതായി തരൂര്‍ പറഞ്ഞു.




