കൊൽക്കത്ത: ബംഗാൾ നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് ബിജെപി എംഎൽഎമാർ. സി.വി.ആനന്ദബോസിനെതിരെ ബിജെപി എംഎൽഎമാർ കടുത്ത പ്രതിഷേധം ഉയർത്തിയാണ് സഭവിട്ടത്. ഗവർണർ ആദ്യമായി നിയമസഭയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ബിജെപി എംഎൽഎമാർ അതിശക്തമായി പ്രതിഷേധിച്ചത്. ഗവർണറുടെ പ്രസംഗത്തിനിടെ തൃണമൂൽ സർക്കാരിന്റെ അഴിമതിയിൽ പ്രതിഷേധിച്ച് ബിജെപി എംഎൽഎമാർ സഭവിട്ടു.

ഗവർണർ ആനന്ദ ബോസ് പ്രസംഗിച്ച് തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിച്ചു. സർക്കാർ തയാറാക്കിയ പ്രസംഗം വായിച്ച ഗവർണർക്കെതിരെയും ബിജെപി എംഎൽഎമാർ പ്രതിഷേധിച്ചു.

പ്രസംഗത്തിന് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഏറ്റവും അഴിമതിക്കാരായ സർക്കാരാണിത്. ഗവർണറുടെ പ്രസംഗത്തിൽ അഴിമതിക്കേസുകളെക്കുറിച്ചോ ടിഎംസി നേതാക്കളുടെ അറസ്റ്റിനെക്കുറിച്ചോ യാതൊരു പരാമർശവും ഇല്ലാതിരുന്നതിനെ തുടർന്നാണ് സഭയിൽനിന്ന് ഇറങ്ങിപ്പോയതെന്നു സുവേന്ദു അധികാരി പറഞ്ഞു.

കഴിഞ്ഞ കുറേ നാളുകളായി ബിജെപി സംസ്ഥാന നേതൃത്വത്തിന് ഗവർണറുടെ നടപടികളിൽ കടുത്ത അതൃപ്തിയാണുള്ളത്. ഗവർണർക്കെതിരായ പരസ്യപ്രതികരണം പാടില്ലെന്ന് കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കൾക്കു മുന്നറിയിപ്പു നൽകിയിരുന്നു. കഴിഞ്ഞ ദിവസം സെന്റ് സേവ്യേഴ്സ് സർവകലാശാലയിൽ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഡിലിറ്റ് നൽകുന്ന ചടങ്ങിൽ ഗവർണർ മമതയെ സർവപ്പള്ളി രാധാകൃഷ്ണൻ, എ.പി.ജെ.അബ്ദുൾ കലാം, വിൻസ്റ്റൻ ചർച്ചിൽ എന്നിവരോട് താരതമ്യപ്പെടുത്തിയതിനെതിരെ ബിജെപി, സിപിഎം നേതാക്കൾ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.