- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇനിയാര്? യെച്ചൂരിക്ക് പകരക്കാരന് ഉടന്‍ വേണ്ടെന്ന് സിപിഎമ്മില്‍ ധാരണ; ബൃന്ദാ കാരാട്ടോ പ്രകാശ് കാരാട്ടോ സെക്രട്ടറിയുടെ ചുമതലകള്‍ വഹിക്കും; പുതിയ അമരക്കാരന് പാര്‍ട്ടി കോണ്‍ഗ്രസോടെ
സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇനിയാര്?
ന്യൂഡല്‍ഹി: സീതാറാം യെച്ചൂരിയുടെ മരണത്തോടെ സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇനിയാര് എന്ന ചോദ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍, തല്‍ക്കാലം പുതിയ സെക്രട്ടറിയെ വേണ്ട എന്നതാണ് സിപിഎമ്മില്‍ ഉണ്ടായിരിക്കുന്നത്. പകരക്കാരനെ ഉടന്‍ വേണ്ടെന്നും പകരം സെക്രട്ടറിയുടെ ചുമതലകള്‍ ആരെങ്കിലും വഹിച്ചാല്‍ മതിയെന്നുമാണ് പാര്‍ട്ടിയിലെ ധാരണ. ബൃന്ദാ കാരട്ടോ പ്രകാശ് കാരാട്ടോ ആകും താല്‍ക്കാലികമായി സെക്രട്ടറിയുടെ ചുമതലകള്‍ വഹിക്കുക. പാര്‍ട്ടി കോണ്‍ഗ്രസ് പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കട്ടെ എന്നതാണ് ധാരണ.
ഈ മാസം അവസാനം ചേരുന്ന പോളിറ്റ്ബ്യുറോ യോഗവും കേന്ദ്ര കമ്മിറ്റി യോഗവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളും. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സമ്മേളനങ്ങള്‍ തുടങ്ങിയപ്പോഴാണ് സീതാറാം യെച്ചൂരിയുടെ വേര്‍പാട്. പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച്ക്ക് വെക്കേണ്ട കരടില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ട ആഴ്ചയാണ് കടന്നുപോകുന്നത്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ കരട് രൂപീകാരണത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നത് യെച്ചൂരിയായിരുന്നു. 25 ദിവസം ആശുപത്രി കിടക്കയില്‍ തന്നെ ആയിരുന്നതിനാല്‍ റെസിഡന്‍സ് പിബി ചേര്‍ന്നു ഒരുക്കിയ സംവിധാനത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയിരുന്നത്.
ഈ മാസം അവസാനം വരെ ഈ സംവിധാനം തുടരട്ടെ എന്ന നിലപാടിലാണ് നേതാക്കള്‍. ജനറല്‍ സെക്രട്ടറി പദവിയിലിരിക്കെ ഒരാള്‍ മരിക്കുന്നത് സിപിഎമ്മിനെ സംബന്ധിച്ച് ആദ്യ അനുഭവമാണ്. പ്രകാശ് കാരാട്ടിനും ബൃന്ദാ കാരാട്ടിനും 75 കഴിഞ്ഞതിനാല്‍ അടുത്ത പിബിയില്‍ ഇവരുണ്ടാകില്ല. എം.എ ബേബി, എ. വിജയരാഘവന്‍ തുടങ്ങിയ കേരളാ നേതാക്കളും അടുത്ത സെക്രട്ടറി സ്ഥാനത്തേക്ക് പകരിഗണിക്കപ്പെടുന്നവരില്‍ ഉണ്ട്.
അതേസമയം പശ്ചിമ ബംഗാളില്‍ നിന്നുള്ള സി.ഐ.ടി.യു നേതാവ് തപന്‍സെന്‍ ,ആന്ധ്രയില്‍ നിന്നുള്ള ബി.വി.രാഘവലു, കേരളത്തില്‍ നിന്നുള്ള എം.എ.ബേബിഎന്നിവരാണ് പി.ബിയില്‍ നിലവിലുള്ളവരില്‍ പ്രായപരിധി കടക്കാത്തവരിലെ മുതിര്‍ന്ന നേതാക്കള്‍. ഇവരില്‍ ബേബിക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
നാല്‍പ്പതു വര്‍ഷം മുമ്പ് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പദവി എം.എ.ബേബി ഒഴിഞ്ഞപ്പോള്‍ പകരം ആ സ്ഥാനത്തേക്കുവന്നത് സീതാറാം യെച്ചൂരിയായിരുന്നു.ഇപ്പോള്‍ യെച്ചൂരി ചരിത്രത്തിലേക്ക് മായുമ്പോള്‍ സി.പി.എം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബേബി വന്നുകൂടായ്കയില്ല. കേരള ഘടകത്തിന്റെ പിന്തുണ ഇതില്‍ നിര്‍ണായകമാണ്. പിണറായി വിജയന്‍ മനസ്സുവെച്ചാല്‍ ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകും.
മുഖ്യമന്ത്രി പിണറായി വിജയന്‍, എം.വി.ഗോവിന്ദന്‍, എ.വിജയരാഘവന്‍ എന്നിവരാണ് ബേബിയെ കൂടാതെ കേരളത്തില്‍ നിന്നും പി.ബിയിലുള്ളത്. തപന്‍ സെന്‍ ട്രേഡ് യൂണിയന്‍ രംഗത്തായതിനാല്‍ സാധ്യത കുറവാണ്. പക്ഷേ, മുതിര്‍ന്ന നേതാവെന്ന നിലയില്‍ രാഘവലുവിനെ പരിഗണിച്ചേക്കാം.ബംഗാളില്‍ നിന്നുള്ള നീലോല്‍പ്പല്‍ ബസു, മുഹമ്മദ് സലിം എന്നീ പി.ബി അംഗങ്ങളില്‍ നീലോല്‍പ്പല്‍ ജൂനിയറാണെങ്കിലും ഉയര്‍ന്നു വരുന്ന നേതാവാണ്.
എന്നാല്‍ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് വരെ ഒരു വനിതയ്ക്ക് ചുമതല നല്‍കാന്‍ ആലോചിച്ചാല്‍ പ്രായ പരിധി പരിഗണിക്കാതെ വൃന്ദയ്ക്ക് നറുക്കു വീഴാം. പിന്നെയുള്ള വനിത സുഭാഷിണി അലിയാണ് .അവര്‍ക്ക് സാധ്യത കുറവാണ്. ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരും പ്രായപരിധി നോക്കാതെ പരിഗണിക്കപ്പെട്ടേക്കാം.