- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനം ഭരിക്കുക നാരീ ശക്തിയോ? ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ സുഷമ സ്വരാജിന്റെ മകള്‍ ബാംസുരിയും; കെജ്രിവാളിനെ വീഴ്ത്തിയ പര്‍വേശ് വര്‍മക്കും സാധ്യത; രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്കൊപ്പം വിജേന്ദ്ര ഗുപ്തയുടെ പേരും പരിഗണനയില്‍; അന്തിമ തീരുമാനം മോദിയുടേത്; ഒന്നിലേറെ ഉപമുഖ്യമന്ത്രിമാരും വരും
തലസ്ഥാനം ഭരിക്കുക നാരീ ശക്തിയോ? ഡ
ന്യൂഡല്‍ഹി: നാരീശക്തി മുദ്രാവാക്യമായിരുന്നു കുറച്ചുകാലം മുമ്പ് കേന്ദ്രം ഭരിക്കുന്ന മോദീ സര്‍ക്കാര്‍ മുന്നോട്ടു വെച്ച മുദ്രാവാക്യം. ഡല്‍ഹി തിരഞ്ഞെടുപ്പു വിജയത്തിന് ശേഷം മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകളിലേക്ക് പാര്‍ട്ടി കടക്കുമ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ ഒന്ന് മുന്‍ മുഖ്യമന്ത്രി ആയിരുന്ന സുഷമ സ്വരാജിന്റെ മകള്‍ ബാംസുരിയാണ്. വനിതയെ പരിഗണിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ ബാംസുരിക്ക് സാധ്യത വര്‍ധിക്കും. അതേസമയം മറ്റു പേരുകളും പരിഗണിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഒരുപിടി പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി.ജെ.പി. പ്രാഥമികമായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. എ.എ.പി. കണ്‍വീനറും മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേശ് വര്‍മയുടെ പേരാണ് തുടക്കം മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് പര്‍വേശ്. പ്രധാനമന്ത്രി തിങ്കളാഴ്ച വിദേശപര്യടനങ്ങള്‍ക്കായി തിരിക്കുകയാണ്. തിങ്കളാഴ്ച ഫ്രാന്‍സിലേക്ക് പോകുന്ന മോദി, യു.എസ്. സന്ദര്‍ശനവും കഴിഞ്ഞശേഷമേ ഇന്ത്യയില്‍ തിരിച്ചെത്തുകയുള്ളൂ. ഇതിന് മുമ്പ് ഞായറാഴ്ച മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
അതല്ലെങ്കില്‍ മോദി തിരിച്ചെത്തിയശേഷം മാത്രമേ പ്രഖ്യാപനമുണ്ടാവുകയുള്ളൂ എന്നാണ് സൂചന. ഇക്കര്യത്തില്‍ തീരുമാനം മോദിയുടേത് തന്നെയാകും. ഡല്‍ഹി ജനതയ്ക്ക് കൊടുത്ത വാക്കു പാലിക്കുക എന്നതാണ് പ്രധാനമായ കാര്യം. അതിലേക്ക് ഉതുക്കുന്ന വിധത്തിലുള്ള മുഖ്യമന്ത്രിയെയാണ് ഡല്‍ഹിക്ക് വേണ്ടത്.
ഡല്‍ഹിയിലെ സിറ്റിങ് എം.പിമാരില്‍ ഒരാളെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തേക്കുമെന്നാണ് ഉയര്‍ന്നുകേള്‍ക്കുന്ന ഒരു അഭ്യൂഹവും ഉയരുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റും പിടിച്ചെടുത്ത ബി.ജെ.പി ഇത്തവണ ആറ് സീറ്റിലും പുതുമുഖങ്ങളെയായിരുന്നു മത്സരിപ്പിച്ചത്. അങ്ങനെയെങ്കില്‍ ഈസ്റ്റ് ഡല്‍ഹി എം.പിയും കേന്ദ്രസഹമന്ത്രിയുമായ ഹര്‍ഷ് മല്‍ഹോത്ര, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി എം.പി. മനോജ് തിവാരി, ന്യൂഡല്‍ഹി എം.പി. ബാംസുരി സ്വരാജ് എന്നിവരുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്.
സുഷമ സ്വരാജിന്റെ ഭരണം കഴിഞ്ഞ് 27 വര്‍ഷത്തിനുശേഷം അധികാരത്തിലെത്തുമ്പോള്‍ ബി.ജെ.പി. മുഖ്യമന്ത്രിയായി മകള്‍ ബാംസുരി സ്വരാജ് എത്തുകയാണെങ്കില്‍ അത് പുതിയ ചരിത്രമായിരിക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പര്‍വേശ് വര്‍മയും ബി.ജെ.പി. മുന്‍മുഖ്യമന്ത്രിയുടെ മകനാണ്. സുഷമ സ്വരാജിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയായിരുന്ന സാഹിബ് സിങ് വര്‍മയുടെ മകനാണ് പര്‍വേശ് വര്‍മ.
വിജയിച്ച് നിയമസഭയില്‍ എത്തിയവരില്‍നിന്നുതന്നെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയാണെങ്കില്‍ പര്‍വേശ് വര്‍മയ്ക്ക് പുറമേ പ്രതിപക്ഷനേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ വിജേന്ദ്ര ഗുപ്ത, സതീഷ് ഉപാധ്യായ എന്നീ പേരുകളും പരിഗണിക്കും. ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരെന്ന നിലയിലടക്കമുള്ള ഭരണപരിചയമാണ് ഇരുവര്‍ക്കും സാധ്യത നല്‍കുന്നത്..
വനിതകളില്‍നിന്നാണ് മുഖ്യമന്ത്രിയെ പരിഗണിക്കുന്നതെങ്കില്‍ ഷാലിമാര്‍ബാഗില്‍നിന്ന് വിജയിച്ച രേഖ ശര്‍മ, എ.എ.പി. മന്ത്രി സൗരഭ് ഭരദ്വാജിനെ പരാജയപ്പെടുത്തിയ ശിഖ റായ് എന്നിവര്‍ക്കും സാധ്യതയുണ്ട്. മധ്യപ്രദേശിനും ഹരിയാണയ്ക്കും സമാനമായി ഇതിനെല്ലാം പുറത്തൊരു സര്‍പ്രൈസ് മുഖ്യമന്ത്രിയെ പ്രതീക്ഷിക്കാമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒന്നിലേറെ ഉപമുഖ്യമന്ത്രിമാരെ നിയോഗിച്ചേക്കുമെന്നും ചര്‍ച്ചകളുണ്ട്.
പ്രധാനമന്ത്രിക്കു പുറമെ, ആഭ്യന്തരമന്ത്രി അമിത് ഷാ, ജെ.പി. നദ്ദ എന്നിവരും സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകളില്‍ സജീവമായുണ്ട്. ബി.ജെ.പി ദേശീയ നേതൃത്വവുമായുള്ള സംസ്ഥാന നേതൃത്വത്തിന്റെ ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. തുടര്‍ച്ചയായി നാലാം തവണയും ഡല്‍ഹിയില്‍ അധികാരം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തില്‍ ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാര്‍ട്ടിക്ക് (ആപ്) നഷ്ടമായത് 40 സീറ്റുകളാണ്.
പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രിയും കെജ്രിവാളിന്റെ വലംകൈയുമായ മനീഷ് സിസോദിയ, മുന്‍ മന്ത്രിയും പാര്‍ട്ടി സ്ഥാപകരിലൊരാളുമായ സത്യേന്ദര്‍ ജെയിന്‍, പാര്‍ട്ടിയുടെ യുവ നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജ്, പാര്‍ട്ടി സ്ഥാപകാംഗവും മുതിര്‍ന്ന നേതാവുമായ സോമനാഥ് ഭാരതി, ഡെപ്യൂട്ടി സ്പീക്കര്‍ രാഖി ബിര്‍ള തുടങ്ങിയ മുന്‍നിര നേതാക്കളെല്ലാം അടിപതറി വീണു.
2015ലും 2020ലും ഡല്‍ഹിയില്‍ പാര്‍ട്ടി നേടിയ വന്‍ വിജയങ്ങളില്‍ പട്ടികവര്‍ഗ, മുസ്‌ലിം വിഭാഗങ്ങളില്‍നിന്നു ലഭിച്ച വലിയ പിന്തുണ പ്രതിഫലിച്ചിരുന്നു. ഇത്തവണ വോട്ട് ഭിന്നിച്ചതോടെ ഭൂരിപക്ഷത്തില്‍ ഇളക്കം തട്ടിയെങ്കിലും ആപിനെ ഡല്‍ഹിയില്‍നിന്നു തുടച്ചുനീക്കുന്നതില്‍ തടഞ്ഞുനിര്‍ത്താന്‍ ഈ മേഖലക്ക് സാധിച്ചു.